കൊച്ചി: ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള മൾട്ടി-സൈറ്റ് പ്രൈമറി സ്‌കൂൾ അധിഷ്ഠിത ഓറൽ ഹെൽത്ത് ഇംപ്ലിമെന്റേഷൻ റിസർച്ച് പദ്ധതിയായ ആനന്ദ് മുസ്‌കാന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി സ്റ്റേക്ക്ഹോൾഡർ മീറ്റിംഗ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ഐസിഎംആർ പ്രോഗ്രാം ഓഫീസർ ഡോ. നിതിക മോംഗ, അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ.ബാലഗോപാൽ വർമ്മ, ആനന്ദ് മുസ്‌കാൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ ചന്ദ്രശേഖർ ജാനകിറാം, കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, അമൃത ആശുപത്രിയിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ വി എന്നിവർ സംസാരിച്ചു.
ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള അറിവുകൾ ക്ലാസ് ടീച്ചർമാർ വഴി കുട്ടികളിലേക്കു പകർന്നു നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ആനന്ദ് മുസ്‌കാൻ പദ്ധതി. ആരോഗ്യ പരിപാലന വിദഗ്ധർ, സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സ്‌കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നതിൽ നേരിടുന്ന പ്രധാന തടസ്സങ്ങൾ, സമയ പരിമിതി, ജലവിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.