കൊച്ചി: ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്.
ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജുനയും ഷേഖ് ഹബീബ് ബാഷയുമാണ് മരിച്ചത്. മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയിലെ ചെമ്മീൻ സംസ്കരണ കേന്ദ്രത്തിലേക്ക് വന്നതായിരുന്നു ലോറിയെന്നാണ് വിവരം.അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്നയൊരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.