Tuesday, December 24, 2024
HomeKeralaശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 15/01/2024 )

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 15/01/2024 )

ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. തിങ്കളാഴ്ച (ജനുവരി 15 ) വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തർക്കത് പ്രാർത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി.

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിന് വൈകിട്ട് ആറുമണിയോടെ ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് അധികൃതർ വരവേൽപ്പ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാം പടിക്കു മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ കെ.യു ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മറ്റ് ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്ന് തിരുവാഭരണ പെട്ടി സ്വീകരിച്ചു.

തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂർവ്വം ആനയിച്ചു. ശ്രീകോവിലിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ മോഹനൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് തിരുവാഭരണം അയ്യപ്പന് ചാർത്തി.

തുടർന്ന് മഹാ ദീപാരാധന കഴിഞ്ഞ ഉടൻ പൊന്നമ്പല മേട്ടിൽ മകരവിളക്ക് മൂന്നുപ്രാവശ്യം തെളിയുകയായിരുന്നു. മകരവിളക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ സന്നിധാനവും പരിസരവും ശരണമന്ത്രങ്ങളാൽ മുഖരിതമായി. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും മറ്റു വ്യൂ പോയിന്റുകളിലും പതിനായിരക്കണക്കിന് ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്.

മകരജ്യോതി ദർശന ശേഷം അയ്യപ്പഭക്തർക്ക് സുഗമമായി മയലിറങ്ങുന്നതിന് നാല് എക്‌സിറ്റ് റൂട്ടുകൾ ക്രമീകരിച്ചിരുന്നു. മകരവിളക്ക് പ്രമാണിച്ച് 800 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് പ്രത്യേകമായി ക്രമീകരിച്ചിരുന്നത്.

പിഴവില്ലാത്ത ഏകോപനം ; ദർശന പുണ്യം നേടി ലക്ഷങ്ങൾ

മകരവിളക്കിൽ ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വലിയ ഒരുക്കങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും നടത്തിയിരുന്നത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഒരുക്കിയിരുന്നത്. ശരണമന്ത്രങ്ങളാൽ മുഖരിതമായ മണ്ഡല മകരവിളക്ക് കാലം സമാപിക്കവേ, ഏകോപനത്തിലൂടെ സുരക്ഷയും ശുചിത്വവും ഇടവേളകളില്ലാത്ത ഭക്തപ്രവാഹവും ഉറപ്പാക്കാൻ കഴിഞ്ഞു.

ദേവസ്വം ബോർഡ്, പോലീസ്, ദുരന്തനിവാരണം, വനംവകുപ്പ്, ആരോഗ്യം കെഎസ്ഇബി, വാട്ടർ അതോറിറ്റി കെഎസ്ആർടിസി, എക്സൈസ് ഉൾപ്പെടെ സേവനരംഗത്ത് ഉണ്ടായിരുന്ന എല്ലാ വകുപ്പുകളും സുഗമമായ തീർത്ഥാടനത്തിന് അക്ഷീണം പ്രയത്നിച്ചു.

ശബരിമല തീർത്ഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങൾ നിർണായകമായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരും അവലോകന യോഗങ്ങൾ നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.

ഭക്തർക്കായി സൗജന്യ ഭക്ഷണ വിതരണം

ഈ വർഷം മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി കാത്ത് നിന്നവരുടെ വിശപ്പകറ്റാൻ ദേവസ്വം ബോർഡും സർക്കാരും പ്രത്യേക കരുതലാണ് നൽകിയത്. മകരജ്യോതി ദ൪ശനത്തിന് എത്തിയ ഭക്തർക്ക് സൗജന്യമായി ഭക്ഷണ വിതരണം നടത്തി.

മകരവിളക്ക് ദിവസവും തലേന്നും മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിരുന്നു. ഒന്നരലക്ഷത്തിലധികം ഭക്തർക്കാണ് ഇത്തരത്തിൽ ഭക്ഷണം നൽകിയത്. മണ്ഡലകാലം ആരംഭിച്ചതുമുതലേ അന്നദാന വിതരണം നടക്കുന്നുണ്ടായിരുന്നു. അന്നദാനത്തിനു പുറമേയാണ് സൗജന്യ ഭക്ഷണ വിതരണവും നടത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം മകരവിളക്കിന്റെ ഭാഗമായി ഒരുക്കിയത്. ഇതിന് പുറമെ ലഖുഭക്ഷണവും ചുക്കുവെള്ളവും ക്രമീകരിച്ചിരുന്നു.

ശബരിമലയിലെ ചടങ്ങുകൾ (16.01.2024)
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 മണിക്ക്.. തിരുനട തുറക്കൽ.. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും …..
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന്  25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
…..
വൈകുന്നേരം 4 മണിക്ക് നട തുറക്കും
6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന
9  ന് അത്താഴ പൂജ
ശേഷം മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നെള്ളിപ്പ് …
10 മണിക്ക് ഹരിവരാസനം സങ്കീർത്തനം ശ്രീകോവിൽ നട അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments