പൂനെയിൽ ഗില്ലൻ-ബാരി സിൻഡ്രോം ഉയരുന്നു. ധയാരി, അംബേഗാവ്, നർഹെ തുടങ്ങിയ പ്രദേശങ്ങളിലും സിൻഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. നിലവിൽ 140 പേരാണ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയിരിക്കുന്നത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 52 പേർ 30 വയസിൽ താഴെയുള്ള യുവാക്കളാണ്.
രോഗം ഗുരുതരമായ 27 പേരെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടർന്നുവെന്നാണ് പ്രാഥമിക നിഗനമം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദേശമുണ്ട്. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ സർക്കാറിൻറെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്. പ്രദേശത്തെ മിക്ക സ്‌കൂളുകളിലും ടാങ്കർ വഴിയാണ് ഇപ്പോൾ വെള്ളം വിതരണം ചെയ്യുന്നത്. സ്കൂളുകളിൽ ഹാജർ നിലയും കുറഞ്ഞിട്ടുണ്ട്. രോഗഭീതി കാരണം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ വിടുന്നില്ല.
എന്താണ് ഗില്ലൻ-ബാരി സിൻഡ്രോം?
ഗില്ലൻ-ബാരി സിൻഡ്രോം (Guillain -Barr Syndrome) അപൂർവങ്ങളിൽ അപൂർവമായ രോഗമാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത കൂടതലുള്ള രോഗമാണ്. ഒരു നൂറ്റാണ്ടുമുമ്പേ വൈദ്യശാസ്ത്രലോകം കണ്ടെത്തിയ രോഗമാണ് ഗില്ലൻബാ. 1916ൽ ഫ്രഞ്ച് ഡോക്ടർമാരായ ജോർജസ്ഗിലിയൻ, ജീൻ അലക്സാണ്ടറെബാ, ആന്ദ്രേസ്ട്രോൾ എന്നിവരാണ് ഈ രോഗത്തെ ആദ്യം തിരിച്ചറിയുന്നത്. ഇവരുടെ പേരിൽ നിന്നാണ് രോഗത്തന് ഗില്ലൻബാ എന്ന പേര് വന്നത്.
ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള മിടുക്ക് 20-ാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം നേടിയെടുത്തു. തെങ്കിലുമൊരു അണുബാധയുടെ പിന്തുടർച്ചയായായി ഉണ്ടാകുന്ന രോഗബാധയുടെ ആദ്യ ലക്ഷണം പേശികളിലെ ബലക്ഷയമാണ്. എത്രയും വേഗം ചികിത്സ തേടിയാൽ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന രോഗമാണ് ഗില്ലൻ-ബാരി സിൻഡ്രോം.
ഭക്ഷ്യവിഷബാധ, സാധാരണ പകർച്ചപ്പനികൾ, ഹെർപീസ് വൈറസുകൾ, സിക വൈറസ് ബാധ എന്നിവയുടെ അനന്തരഫലമായി ഈ രോഗം കാണപ്പെടാറുണ്ട്. എന്നാലും കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൃത്യമായ ഒരു ചികിത്സയില്ലാത്ത ഗില്ലൻബാരോഗത്തിന് ഇൻട്രാവീനസ് ഇമ്യൂണോ ഗ്ലോബുലിൻ തെറാപ്പിയും പ്ലാസ്മ മാറ്റിവയ്ക്കലുമാണ് പൊതുവേ അവലംബിക്കുന്ന മാർഗം. ശുചിത്വമാണ് രോഗത്തെ അകറ്റി നിർത്തനുള്ള പ്രധാന മാർഗം. ശ്വാസസംബന്ധമോ ഉദരസംബന്ധമോ ആയ രോഗങ്ങൾ ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.