പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയാണ് ബിഎസ്എഫ് ജവാൻ അബദ്ധത്തിൽ കടന്നു പോയത്. പിന്നാവലെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
അതേസമയം ബിഎസ്എഫ് ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.182-ാം ബറ്റാലിയനിലെ പി.കെ. സിംഗ് എന്ന ബി.എസ്.എഫ് ജവാനെയാണ് ബുധനാഴ്ച അതിർത്തി കടന്നതിന്റെ പേരിൽ പാകിസ്ഥാൻ റേഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. അദ്ദേഹം ചില കർഷകരോടൊപ്പം വിശ്രമിക്കാനായി തണൽ നോക്കി നടന്നപ്പോഴാണ് അതിർത്തി കടന്നത്.
യൂണിഫോമിൽ സർവീസ് റൈഫിൾ കൈവശം വച്ചിരുന്ന ജവാനാണ് അദ്ദേഹം. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ഇരുവിഭാഗങ്ങൾക്കുമിടയിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.