ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങ് വീക്ഷിക്കാനെത്തിയത് പ്രമുഖരുടെ നീണ്ട നിര. ആയിരങ്ങളെ സാക്ഷിയാക്കി രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാരാണ് എത്തിയത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിദേശ ഭരണാധികാരികൾ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ എത്തിയത് ചടങ്ങിനെ ശ്രദ്ധേയമാക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, വ്യവസായ പ്രമുഖൻ മുകേഷ് അംബാനി എന്നവരും പങ്കെടുത്തു. ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞക്ക് സാക്ഷികളായി.
രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിംഗാണ്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷാ, ഗഡ്കരി, ജയശങ്കർ, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി ബി ജെ പിയിലെ പ്രമുഖരെല്ലാം കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.