മംഗളൂരു: വിവാഹ നിശ്ചയം കഴിഞ്ഞ യുവ വനിത ഡോക്ടർ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി കൊല്ലെഗൽ സബ് ഡിവിഷണൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സിന്ധുജയാണ്(28) മരിച്ചത്. ചെന്നൈയിൽ എം.ബി.ബി.എസ് കഴിഞ്ഞ് കർണാടകയിൽ അനസ്തേഷ്യ വിഭാഗത്തിൽ പി.ജി ചെയ്യുന്നതിന്റെ ഭാഗമായാണ് ഗവ.ആശുപത്രിയിൽ പ്രവർത്തിച്ചുപോന്നത്.
കൊല്ലെഗൾ ടൗൺ ശ്രീ മഹാദേശ്വര ഗവ.ഫസ്റ്റ് ഗ്രേഡ് കോളജിന് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം.വ്യാഴാഴ്ച ജോലി സമയം കഴിഞ്ഞ് പോയ ഡോക്ടർ തിരിച്ചു വന്നില്ല. ആശുപത്രിയിലെ മറ്റൊരു ഡോക്ടർ ലോകേശ്വരി മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തില്ല. സഹപ്രവർത്തകർ ചെന്ന് ജനലിലൂടെ നോക്കിയപ്പോൾ സിന്ധുജ കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
സിറിഞ്ച്, ഏതാനും മരുന്നുകൾ,കത്തി എന്നിവ അടുത്തുണ്ടായിരുന്നു. അടുത്ത ജനുവരി രണ്ടിന് സിന്ധുജയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതായി സംഭവം അന്വേഷിക്കുന്ന ഡിവൈ.എസ്.പി സോമെ ഗൗഢ പറഞ്ഞു.