ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ഇന്ത്യ നൽകിയ മറുപടിയ്ക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റി.
ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ നിരവധി സർവീസുകൾ റദ്ദാക്കുകയും മറ്റ് സർവീസുകൾ വഴി തിരിച്ച് വിടുകയും ചെയ്തു. കൂടാതെ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ ഒന്നിച്ചുള്ള സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, സിയാൽകോട്ട്, മുസാഫറാബാദ് തുടങ്ങി കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങൾ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടതായും 53 പേർക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരേ ആക്രമണം നടത്തിയിട്ടില്ലെന്നും ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യ എക്‌സിലൂടെ അറിയിച്ചു