മുംബൈ : മുംബൈയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നിലെ അധ്യാപികയെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ വിദ്യാർത്ഥി അധ്യാപികയുടെ പീഡനത്തെപറ്റി കുടുംബത്തോട് പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
സ്കൂൾ വാർഷികാഘോഷവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കുന്നതിനിടെയാണ് കുറ്റാരോപിതയായ അധ്യാപിക വിദ്യാർത്ഥിയുമായി ബന്ധംസ്ഥാപിക്കുന്നത്. മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അധ്യാപിക ആൺകുട്ടിയെ കൊണ്ടുപോയതായാണ് വിവരം.
പീഡനം ഒരുവർഷമായി തുടരുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഡിസംബറിലാണ് അധ്യാപിക വിദ്യാർത്ഥിയുമായി ആദ്യം സമ്പർക്കം പുലർത്തിയത്. 2024 ജനുവരിയിൽ ആദ്യമായി ലൈംഗികാതിക്രമം നടത്തി.
ആൺകുട്ടി ആദ്യം എതിർക്കുകയും അധ്യാപികയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാർത്ഥിയെ അനുനയിപ്പിക്കാൻ സ്കൂളുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീ സുഹൃത്തിനെ അധ്യാപിക നിയോഗിക്കുകയായിരുന്നു.
മുതിർന്ന സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് കുട്ടിയോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ വനിതാ സുഹൃത്തിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
സുഹൃത്തിന്റെ മധ്യസ്ഥതയെ തുടർന്ന്, വിദ്യാർത്ഥി അധ്യാപികയെ കാണാൻ സമ്മതിച്ചു. തുടർന്ന് അധ്യാപിക തന്റെ കാറിൽ വിദ്യാർത്ഥിയെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് നിർബന്ധിച്ച് വസ്ത്രമഴിപ്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് മുമ്പ് അധ്യാപിക പലപ്പോഴും വിദ്യാർത്ഥിക്ക് മദ്യം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.
ബന്ധം തുടർന്നതോടെ കുട്ടി കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു. തുടർന്ന് അധ്യാപിക അവന് ഗുളികകൾ നൽകിയതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയിൽപ്പെട്ട കുടുംബം ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് അറിഞ്ഞിട്ടും, ക്ലാസ് കഴിയാൻ കുറച്ചുനാൾ മാത്രമേയുള്ളൂവെന്ന് കണ്ട് സംഭവം കുടുംബം രഹസ്യമാക്കിവച്ചു. അധ്യാപിക കുട്ടിയെ ശല്യം ചെയ്യുന്നത് നിർത്തുമെന്നും പ്രതീക്ഷിച്ചു
ബോർഡ് പരീക്ഷകൾ പാസായ ശേഷം വിദ്യാർത്ഥി സ്കൂൾ വിട്ടെങ്കിലും അധ്യാപിക വീണ്ടും ബന്ധപ്പെടുകയായിരുന്നു. അധ്യാപിക തന്റെ വീട്ടുജോലിക്കാരിൽ ഒരാളിലൂടെ വിദ്യാർത്ഥിയെ ബന്ധപ്പെടുകയും തന്നെ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൗമാരക്കാരന്റെ കുടുംബം പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.