പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദി ജലമൊഴുക്കിൽ നിയന്ത്രണം ഏർപ്പെടുത്തി. ബെഗ്ലീഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തിയാണ് നിയന്ത്രണം. പഞ്ചാബിൽ 2 പാക് ചാരമ്മാർ പിടിയിലായതായി പൊലീസ്. അതേസമയം, പ്രകോപനം തുടരുന്ന പാക്കിസ്ഥാൻ എട്ടിടങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ഇന്നും വെടിയുതിർത്തു.
സിന്ധു നദി ജല കരാർ മരവിപ്പിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കിന് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പാക്കിസ്ഥാനിലേക്ക് ജലമെത്തുന്ന പ്രധാന നദിയായ ചെനാബിലെ ജലമൊഴുക്ക് ഇന്ത്യ തടഞ്ഞു. ബെഗ്ലീഹാർ ഡാമിന്റെ ഷട്ടറുകളും താഴ്ത്തി. കിഷൻ ഗംഗ നദിയിലും സമാന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
സിന്ധു നദി ജല കരാർ മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ പ്രകോപനം ഉയർത്തിയിരുന്നു. അതേസമയം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായ പത്താം ദിവസവും ലംഘിച്ചു. കുപ്വാര ബാരമുള്ള പൂഞ്ച് തുടങ്ങി എട്ടോളം അതിർത്തി പ്രദേശങ്ങളിൽ പാക്ക് സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ കൃത്യമായ നടപടി സ്വീകരിച്ചതായി സേന വ്യക്തമാക്കി.
പാക്കിസ്ഥാനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഇന്ത്യ ഊർജ്ജിതമാക്കി. ആയുധ നിർമ്മാണത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ദീർഘകാല അവധിയിൽ പ്രവേശിച്ചവരുടെ അവധി റദ്ദാക്കി. രാജ്യത്തെ 12 ഓളം ആയുധ നിർമ്മാണ ഫാക്ടറി ജോലിക്കാരെയാണ് തിരിച്ചു വിളിച്ചത്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. പ്രാദേശിക തലത്തിൽ നിന്നുള്ള സഹായങ്ങളുടെ വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം പഞ്ചാബിൽ 2 പാകിസ്ഥാൻ ചാരന്മാരെ പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. സൈനിക വിവരങ്ങൾ ഐഎസ്ഐക്ക് ചോർത്തി നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.