ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടത്തിന് മുന്നോടിയായി സ്വർണചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്.
ഞായറാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മോദി ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കും.
പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം.
1947 ഓഗസ്റ്റ് 14 ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം, ബ്രിട്ടിഷ് സാമ്രാജ്യത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ എങ്ങനെ പ്രതീകവത്കരിക്കുമെന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു, പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ജവാഹർലാൽ നെഹ്‌റുവിനോട് ചോദിച്ചു.
ഇതിനായി അന്നത്തെ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരിയുടെ ഉപദേശം നെഹ്‌റു തേടി. രാജാവ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ചോളഭരണകാലത്ത് പിന്തുടർന്ന പാരമ്പര്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കാമെന്ന് രാജഗോപാലചാരി നിർദേശിക്കുകയായിരുന്നു.ചെങ്കോല്‍ നിർമിച്ച വുമ്മിടി ബങ്കാരു ചെട്ടി.
തുടർന്ന് ചെങ്കോൽ നിർമിക്കാനായി തമിഴ്‌നാട്ടിലെ ഏറ്റവും പഴയ ശൈവ മഠങ്ങളിലൊന്നായ തിരുവാവതുതുറൈയുമായി ബന്ധപ്പെട്ടു. അവിടത്തെ പുരോഹിതർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെങ്കോൽ നിർമിക്കാൻ അന്നത്തെ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇപ്പോൾ, വുമ്മിടി ബങ്കാരു ചെട്ടിയുടെ പിൻഗാമികളെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണെന്നും ഒരിക്കൽ മാത്രം കിട്ടുന്ന അവസരമാണെന്നും വുമ്മിടി ബങ്കാരു ചെട്ടി കുടുംബം പറഞ്ഞു.