Saturday, January 11, 2025
Homeഇന്ത്യചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കും, വലിപ്പമേറിയ റോവര്‍; ഇത്തവണ ഞെട്ടിക്കും ചന്ദ്രയാന്‍-4.

ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കും, വലിപ്പമേറിയ റോവര്‍; ഇത്തവണ ഞെട്ടിക്കും ചന്ദ്രയാന്‍-4.

ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഖ്യാതിയും ഇന്ത്യൻ സാങ്കേതിക വിദ്യയുടെ ശേഷിയും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ചന്ദ്രയാൻ ഒന്നിന് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമത്തിൽ പരാജയപ്പെട്ട ചന്ദ്രയാൻ-2 ദൗത്യത്തിന്റെ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഇന്ത്യ ചന്ദ്രയാൻ-3നടപ്പിലാക്കി വിജയിച്ചത്. ഇതിലൂടെ മറ്റാരും കടന്നുചെല്ലാതിരുന്ന ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ചന്ദ്രനിൽ വിക്രം എന്ന് പേരായ ലാൻഡറും പ്രഗ്യാൻ എന്ന് പേരായ റോവറും ഇറക്കി വിജയകരമായ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്. നിരവധി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ചന്ദ്രനിലേക്ക് വിപുലമായ പര്യവേക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യ വീണ്ടും. ഇതിനായി ചന്ദ്രയാൻ-4 ദൗത്യം അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രയാൻ -3 ദൗത്യത്തിൽ ഉപയോഗിച്ച പ്രധാനപ്പെട്ട ഭാഗമാണ് പ്രഗ്യാൻ റോവർ. ഈ കുഞ്ഞൻ റോവറിന് 30 കിലോഗ്രാം മാത്രമായിരുന്നു ഭാരം. എന്നാൽ ചന്ദ്രയാൻ -4 ലൂടെ വമ്പൻ നീക്കത്തിനാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. പ്രഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് വലിപ്പമേറിയ റോവറാകും ചന്ദ്രനിൽ ഇറങ്ങാൻ പോകുന്നത്. ഏകദേശം 350 കിലോ ഭാരമുള്ള റോവറാകും ചന്ദ്രയാൻ-4ൽ ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ചന്ദ്രയാൻ ദൗത്യങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ നിലേഷ് ദേശായി ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വെറുതെ റോവറിന്റെ വലിപ്പം കൂട്ടുകയല്ല ചെയ്യുന്നത്. ചന്ദ്രനിലിറങ്ങി സാമ്പിൾ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ചന്ദ്രയാൻ -4ന്റെ ലക്ഷ്യങ്ങളിലൊന്ന്. അതിനുള്ള ഉപകരണങ്ങളടക്കം ഉൾപ്പെടുത്തിയാകും അടുത്ത ചന്ദ്രയാൻ-4 ദൗത്യം നടക്കുക. ഇത് പൂർത്തിയാകുന്നതോടെ ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുന്ന സാങ്കേതിക വിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ ഗണത്തിലേക്ക് നമ്മുടെ രാജ്യവും ഉയരും

റോവറിന്റെ വലിപ്പം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ സ്ഥലത്തേക്ക് പര്യവേക്ഷണം വ്യാപിപ്പിക്കാനും അതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ വഹിക്കാനും റോവറിന് സാധിക്കും. ചന്ദ്രയാൻ-3ലെ പ്രഗ്യാൻ റോവറിന് 500 മീറ്റർ ചുറ്റളവിൽ മാത്രമേ സഞ്ചരിക്കാനുള്ള ശേഷിയുണ്ടായിരുന്നുള്ളു. പുതിയ റോവറിന് ചന്ദ്രനിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാനാകും. ഇത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത വർധിപ്പിക്കും

കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാൽ 2030ൽ ചന്ദ്രയാൻ-4 ദൗത്യം നടപ്പിലാക്കുമെന്നാണ് സ്പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ നിലേഷ് ദേശായി പറയുന്നത്. എന്നാൽ ഇത് ചിലപ്പോൾ 2027ൽ നടന്നേക്കുമെന്നും ചില ഐഎസ്ആർഒ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നുണ്ട്. 2040ൽ ചന്ദ്രനിൽ ഇന്ത്യക്കാരെ കൊണ്ടുപോവുക, 2050ൽ ചന്ദ്രനിൽ ഒരു ബേസ് സ്റ്റേഷൻ സജ്ജീകരിക്കുക തുടങ്ങിയ ദീർഘകാല പദ്ധതികളാണ് ഐഎസ്ആർഒയ്ക്കുള്ളത്. ഇതിന്റെ ഭാഗമായാണ് ചന്ദ്രയാൻ-4 നടപ്പിലാക്കുക. ബഹിരാകാശ ദൗത്യങ്ങളിൽ ആഗോള ശക്തികളിലൊരാളാകാനുള്ള നീക്കങ്ങളാണ് ഐഎസ്ആർഒ നടപ്പിലാക്കുന്നത്. കൂടുതൽ ഗ്രഹാന്തര ദൗത്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments