ഹൈദ്രബാദ് : രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച നിർമ്മാതാവും മാധ്യമ രംഗത്തെ അതികായനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മർദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങൽ. കുറച്ചുവർഷങ്ങൾക്ക് മുമ്പാണ് രാമോജി അർബുദത്തെ അതിജീവിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ്. നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. തെലുങ്ക് സിനിമയിൽ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.
പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016 ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റാവുവിന്റെ രാമോജി ഗ്രൂപ്പിന് ഇ ടിവി നെറ്റ്‌വർക്കിന്റെയും അതിന്റെ കീഴിൽ വരുന്ന ധാരാളം ചാനലുകളുടെയും ഉടമസ്ഥതയ്ക്ക് പുറമേ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഉടമസ്ഥതയുമുണ്ട്.
കൃഷിയെയും കർഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് രാമോജി റാവു തന്റെ കരിയർ ആരംഭിച്ചത്.