നാഗ്പുര്‍: സിഗരറ്റ് വലിക്കുന്നതിനിടെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ യുവതി കുത്തിക്കൊന്നു. നാഗ്പുര്‍ സ്വദേശിയായ രഞ്ജിത് റാത്തോഡ്(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതിയായ ജയശ്രീ പന്ഥാരെ(24) സുഹൃത്തുക്കളായ സവിത, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി നാഗ്പുരിലെ ഒരു പാന്‍ഷോപ്പിലായിരുന്നു സംഭവങ്ങളുടെ തുടക്കം. പാന്‍ഷോപ്പില്‍ ജയശ്രീ സിഗരറ്റ് വലിക്കുന്നതിനിടെ ഇവിടെയെത്തിയ രഞ്ജിത് തുറിച്ചുനോക്കിയെന്ന് ആരോപിച്ചാണ് തര്‍ക്കം ഉടലെടുത്തത്.
സുഹൃത്തായ സവിതയ്‌ക്കൊപ്പമാണ് മുഖ്യപ്രതിയായ ജയശ്രീ സിഗരറ്റ് വലിക്കാനെത്തിയത്. ഇതേസമയം, രഞ്ജിത് റാത്തോഡും സിഗരറ്റ് വാങ്ങാനായി പാന്‍ഷോപ്പിലെത്തിയിരുന്നു. ഇതിനിടെ രഞ്ജിത് തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
സംഭവത്തിന് പിന്നാലെ രഞ്ജിത് വീട്ടിലേക്ക് മടങ്ങിയെങ്കിലും യുവതി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് ബിയര്‍ കഴിക്കാനായി മഹാലക്ഷ്മി നഗറിലെത്തിയ യുവാവിനെ പ്രതികള്‍ തടഞ്ഞു. ഇതോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും യുവതി യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയുമായിരുന്നു.
ജയശ്രീ നിരവധി തവണ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പാന്‍ഷോപ്പിലെ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട രഞ്ജിത് മൊബൈല്‍ഫോണില്‍ പകര്‍ത്തിയ വീഡിയോയും പോലീസ് കണ്ടെടുത്തിരുന്നു. വാക്കുതര്‍ക്കത്തിനിടെ യുവതി യുവാവിന്റെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതുന്നതും അസഭ്യം പറയുന്നതുമാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. രഞ്ജിത് യുവതിയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.