ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകൾ ഇനി ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണിന്റെ ആക്സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഗൂഗിൾ ഭൂമികുലുക്കം തിരിച്ചറിയുക. ഇതിന്റെ അടിസ്ഥാനത്തിൽ അറിയിപ്പ് നൽകും. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്ന ഈ ഫീച്ചർ ഇതിനകം വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഭൂമികുലുക്കത്തിന്റെ തുടക്കത്തിൽ തന്നെ വിവരം അറിയാൻ സാധിക്കുന്നതിനാൽ ജനങ്ങൾക്ക് മുൻകരുതലെടുക്കാൻ സാധിക്കുന്നു. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായും നാഷണൽ സീസ്മോളജി സെന്ററുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഗൂഗിൾ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം?
ഭൂകമ്പങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന ഒരു കുഞ്ഞൻ ഭൂകമ്പമാപിനിയാക്കി ഫോണിനെ മാറ്റുകയാണ് ഇതിൽ ചെയ്യുന്നതെന്ന് ഗൂഗിൾ പറയുന്നു. അതിനായി ഫോണിലെ ആക്സലെറോ മീറ്ററിനെ ഒരു സീസ്മോഗ്രാഫ് ആയി ഉപയോഗിക്കും.
ചാർജ് ചെയ്യുന്നതിന് പ്ലഗിൽ കണക്ട് ചെയ്ത് മേശപ്പുറത്ത് വെച്ച ഒരു ഫോണിന് ഭൂകമ്പത്തിന്റെ ആദ്യ സൂചനകൾ തിരിച്ചറിയാനാവും. പ്രദേശത്തെ ഒന്നിലധികം ഫോണുകൾ സമാനമായ ചലനം തിരിച്ചറിയുന്നതോടെ ഗൂഗിൾ സെർവറുകൾ അത് ഭൂകമ്പമാണെന്നും എവിടെയാണ്, എത്ര ശക്തമാണ് എന്നെല്ലാം തിരിച്ചറിയുകയും ചെയ്യും. ശേഷം ഗൂഗിൾ അടുത്തുള്ള ഫോണുകളിലേക്കെല്ലാം അലർട്ട് ആയി നൽകും.
തീവ്രത അനുസരിച്ച് രണ്ട് തരം അലേർട്ട് ആണ് നൽകുക. 4.5 വ്യാപ്തിയിലുള്ള എംഎംഐ 3, 4 ഭൂകമ്പങ്ങൾക്ക് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള Be Aware Alert ആണ് നൽകുക. 4.5 വ്യാപ്തിയിൽ എംഎംഐ 5 ന് മുകളിലുള്ള ഭൂകമ്പനങ്ങൾക്ക് ‘Take action alert’ ആണ് നൽകുക. രക്ഷപ്പെടാനുള്ള നടപടികൾ സ്വീകരിക്കാനാണിത്.
ശക്തമായ ഭൂകമ്പങ്ങൾ വരുമ്പോൾ ഫോണിലെ ‘ഡു നോട്ട് ഡിസ്റ്റർബ്’ സംവിധാനത്തെ മറികടന്നാണ് അറിയിപ്പുകൾ നൽകുക. സ്ക്രീൻ ഓൺ ആവുകയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്യും. സുരക്ഷയ്ക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും അലർട്ടിൽ ഉണ്ടാവും.
ഭൂകമ്പത്തെ തുടർന്നുള്ള പ്രകമ്പനങ്ങൾ ഭൂമിയ്ക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ, പ്രകാശ വേഗതയിലാണ് ഇന്റർനെറ്റ് സിഗ്നലുകൾ സഞ്ചരിക്കുക. അതുകൊണ്ട് ഭൂകമ്പനം ഉണ്ടാകുന്നതിന് സെക്കന്റുകൾക്ക് മുമ്പ് തന്നെ അറിയിപ്പുകൾ ഫോണിലെത്തും.
ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം, കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും എൻഡിഎംഎയുമായി സഹകരിച്ചുവരികയാണെന്നും ഗൂഗിൾ പറഞ്ഞു. Earthquake near me പോലുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയാനാവും. ആൻഡ്രോയിഡ് ഫോൺ പിന്തുണയ്ക്കുന്ന എല്ലാ ഭാഷകളിലും അറിയിപ്പ് ലഭിക്കും.
എർത്ത് ക്വേക്ക് അലർട്ട് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം.
ആൻഡ്രോയിഡ് 5 നും അതിന് ശേഷം വന്ന ആൻഡ്രോയിഡ് വേർഷനുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഈ സൗകര്യം അടുത്തയാഴ്ചയോടെ ലഭിക്കും.
ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും, ലൊക്കേഷനും ഓൺ ആയിരിക്കണം.
ഫോണിൽ സെറ്റിങ്സ് തുറക്കുക
Saftey & Emergency തിരഞ്ഞെടുത്ത് Earthquake alert ടാപ്പ് ചെയ്യുക
Saftey & Emergency ഓപ്ഷൻ കാണുന്നില്ലെങ്കിൽ Location- Advanced തിരഞ്ഞെടുത്ത് Earthquake Alert തിരഞ്ഞെടുക്കുക.
ഇവിടെ അലർട്ട് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.