കൊൽക്കത്ത: കൊൽക്കത്തയിൽ നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രാഷ്ട്രീയ പോര് തുടരുന്നു. പ്രതി ടിഎംസി വിദ്യാർഥി സംഘടന നേതാവായിരിക്കെ തൃണമൂൽ കോൺഗ്രസിനെതിരെ സംഭവം രാഷ്ട്രീയ ആയുധം ആക്കുകയാണ് ബിജെപി ലക്ഷ്യം. കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അംഗത്തെ പൊലീസ് തടഞ്ഞതിൽ വലിയ പ്രതിഷേധമാണ് ബിജെപി ഉയർത്തിയത്. ഇന്നും ബിജെപി മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കേസിൽ കൂടുതൽ പ്രതികൾക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരൻ്റെ പങ്ക് സിസിടിവിയിൽ നിന്ന് പൊലീസിന് വ്യക്തമായിരുന്നു. ഗാർഡ് റൂമിന് പുറമെ പ്രതികൾ ആളൊഴിഞ്ഞ ബാത്ത്റൂമിൽ വച്ചും മോശമായി പെരുമാറി എന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സൗത്ത് കൊൽക്കത്ത ലോ കോളജിലെ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായത്. ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. ഇതേ ലോ കോളജിലെ മുൻ വിദ്യാർഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.