ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങള്‍ പാകിസ്താന്‍ പുനര്‍നിര്‍മിക്കുന്നതായി രഹസ്യാന്വേഷണവിഭഗത്തിന്റെ അറിയിപ്പ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ലോഞ്ച്പാഡുകളാണ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ വീണ്ടും നിര്‍മിച്ചുതുടങ്ങിയിരിക്കുന്നത് എന്നാണ് വിവരം. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാകിസ്താന്‍ സര്‍ക്കാര്‍, പാക് സൈന്യം, പാക് രഹസ്യാന്വേഷണ വിഭാഗമായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) എന്നിവ സംയുക്തമായാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഏപ്രില്‍ 22-നാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. വിദേശികളായ വിനോദസഞ്ചാരികളടക്കം 26 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇതിന് മറുപടിയായി ഇന്ത്യ മെയ് ഏഴാംതീയതി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെ പാക് ഭീകരകേന്ദ്രങ്ങള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു.
മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാനതാവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.