ഹൈദരാബാദ്: അമ്മയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോവുകയായിരുന്ന ആറ് വയസുകാരൻ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പറിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. കുട്ടിയുടെ തൊട്ടടുത്ത് തന്നെ തെറിച്ചുവീണ അമ്മ അത്ഭുകരമായി രക്ഷപ്പെടുകയും ചെയ്തു. ഹൈദരാബാദിലെ മല്ലംപെട്ടിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഗിതാഞ്ജലി ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിമാൻഷു റെഡ്ഡിലാണ് മരിച്ചത്. നിസാമാബാദ് സ്വദേശിയായ അഭിമാൻഷു മാതാപിതാക്കളോടൊപ്പം മല്ലംപെട്ടിലാണ് താമസിച്ചിരുന്നത്. പതിവ് പോലെ വെള്ളിയാഴ്ച രാവിലെ അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കുട്ടി സ്കൂട്ടറിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. പല്ലവി സ്കൂൾ ജംഗ്ഷനിൽ വെച്ച് ഇവരുടെ സ്കൂട്ടർ ഒരു ടിപ്പർ ലോറിയുടെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. ടിപ്പറിന്റെ ഏതാണ്ട് മുന്നിലെത്തിയപ്പോൾ ലോറി സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയുമായിരുന്നു. കുട്ടി ലോറിയുടെ അടിയിലേക്കാണ് വീണത്.
ടിപ്പർ ലോറി റോഡിന്റെ വലതുവശത്തുകൂടിയായിരുന്നു ഓടിച്ചിരുന്നത്.കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടി അപ്പോൾ തന്നെ മരിച്ചു. പരിസരത്തുണ്ടായിരുന്ന ഏതാനും പേർ ഓടിയെത്തിയെങ്കിലും ദാരുണമായ രംഗം കണ്ട് ആരും അടുത്തേക്ക് പോകാൻ ഭയന്നു. പിന്നീടാണ് ആളുകൾ കുട്ടിയുടെ ശരീരം പുറത്തെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിന് അയച്ചു. ടിപ്പർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.