Friday, February 7, 2025
Homeഇന്ത്യഎട്ടാം ശമ്പള കമ്മീഷന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

എട്ടാം ശമ്പള കമ്മീഷന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ശുപാർശകൾ അടുത്ത വർഷം സമർപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്.

1947 മുതൽ ഏഴ് ശമ്പള കമ്മീഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനകൾ, ആനുകൂല്യങ്ങൾ, അലവൻസുകൾ എന്നിവ തീരുമാനിക്കുന്നതിൽ ശമ്പള കമ്മീഷനാണ് പ്രധാന പങ്ക് വഹിക്കുന്നത്. മിക്ക സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കമ്മീഷന്റെ ശുപാർശകൾ പാലിക്കുന്നു.

‌2025 ഡിസംബർ 31 വരെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ബാക്കി നിൽക്കെയാണ് എട്ടാം കമ്മീഷന് അനുമതി നൽകിയിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ കമ്മീഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പുതിയ പാനൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ പ്രതിനിധികളും വിവിധ ട്രേഡ് യൂണിയനുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകൾ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുപിഎ സർക്കാരിന്റെ കാലത്ത് 2014 ഫെബ്രുവരിയിലായിരുന്നു ഏഴാം ശമ്പള കമ്മീഷന് രൂപം നൽകിയത്. 2016 ജനുവരിയിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ശുപാർശകൾ നടപ്പാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments