ന്യൂഡൽഹി –ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി. ആകാശ എയറിന്റെ ദില്ലി- മുംബൈ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. അഹമ്മദാബാദിലെ ഇറക്കിയ വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതായി അധികൃതർ അറിയിച്ചു.
2024 ജൂൺ 03 തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ആകാശ എയർ വിമാനം ക്യുപി 1719 ൽ 186 യാത്രക്കാരും ഒരു കുഞ്ഞും ആറ് ജോലിക്കാരും ഉണ്ടായിരുന്നു, വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ക്യാപ്റ്റൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ച് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ പത്തുമണിയോടെ സുരക്ഷിതമായി വിമാനം ഇറക്കുകയായിരുന്നുവെന്ന് ആകാശ എയർ വക്താവ് പറഞ്ഞു.
ഞായറാഴ്ച പാരീസിൽ നിന്ന് 306 പേരുമായി മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും സമാനമായ രീതിയിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് മുംബൈയിലെത്തുന്നതിന് മുമ്പ് സിറ്റി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കിയിരുന്നു.