ന്യൂഡല്‍ഹി: ഡൽഹി വികസന അതോറിറ്റി(ഡി.ഡി.എ) പൊളിച്ച പള്ളിയുടെ സ്ഥലത്ത് നമസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. മെഹ്‌റോളിയിലെ 600 വർഷം പഴക്കമുള്ള അഖോണ്ഡ്ജി മസ്ജിദാണ് കഴിഞ്ഞ മാസം ഡി.ഡി.എ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തത്. സ്ഥലത്ത് തദ്സ്ഥിതി തുടരാൻ കോടതി നിർദേശം നൽകിയിരുന്നു. കൈയേറ്റം ആരോപിച്ചായിരുന്നു മസ്ജിദും ഖബർസ്ഥാനും പൊളിച്ചുനീക്കിയത്.
ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് ഡി.ഡി.എ നടപടിയെന്നു വിമർശനം ഉയർന്നിരുന്നു.
അതിർത്തി തിരിക്കുന്നതിനു മുൻപ് വഖഫ് ബോർഡിനു കീഴിലുള്ള പള്ളികളും കെട്ടിടങ്ങളും പൊളിക്കില്ലെന്ന് 2023 സെപ്റ്റംബറിൽ ഡി.ഡി.എ ഹൈക്കോടതിക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാതെയായിരുന്നു ഫെബ്രുവരി നാലിന് ചരിത്ര പ്രാധാന്യമേറെയുള്ള പള്ളി അധികൃതർ പൊളിച്ചുമാറ്റിയത്.