റഷീദ് റഹ്മാൻ എന്ന റഹ്മാൻ 1967 മെയ് 23ന് കെ. എം. എ. റഹ്മാന്റെയും സാവിത്രിയുടെയും രണ്ട് മക്കളിൽ മൂത്തയാളായി അബുദാബിയിലാണ് ജനിച്ചത്. പിതാവ് നിലമ്പൂർ സ്വദേശിയാണ്. ഇളയ സഹോദരി ഷമീമ.
അബുദാബിയിലെ മെറി ലാൻഡ് കിൻഡർ ഗാർട്ടൻ, ബാംഗ്ലൂരിലെ ബാൾഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബിയിലെ സെന്റ് ജോസഫ്സ് സ്കൂൾ, ഊട്ടിയിലെ റെക്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മലപ്പുറം മമ്പാട് ഡോക്ടർ ഗഫൂർ മെമ്മോറിയൽ എം. ഇ. എസ്. മമ്പാട് കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചു.
1983ല്‍ ഊട്ടിയിൽ ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സംവിധായകനായ പത്മരാജൻ, റഹ്മാനെ കാണുകയും തന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലേക്ക് നായക വേഷം ഓഫർ ചെയ്യുകയും ചെയ്തു. ആദ്യചിത്രം തന്നെ വൻ ഹിറ്റായി മാറുകയും കൗമാരക്കാരനായ റഹ്മാൻ ഒരു സെൻസേഷൻ ആയി മാറുകയും ചെയ്തു. തന്റെ പതിനാറാം വയസ്സിൽ ആദ്യ ചിത്രത്തിന് തന്നെ അവാർഡും നേടി. തുടർന്ന് സത്യൻ അന്തിക്കാടിന്റെ കളിയിൽ അല്പം കാര്യം, ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് പ്രത്യേക നിരൂപക പ്രശംസ നേടി. ഐ വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് റഹ്മാന് കേരളക്കരയിൽ വൻ ആരാധകവൃത്തം തന്നെ നേടിക്കൊടുത്തു. റഹ്മാൻ- ശോഭന ജോഡി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഒരു മധുരക്കിനാവിൻ എന്ന ഗാനവും അതിന്റെ നൃത്തച്ചുവടുകളും ഇന്നും മലയാള സിനിമയിലെ ഐക്കോണിക് ഡാൻസ് ആയി കരുതപ്പെടുന്നു.
അതുപോലെ തന്നെ റഹ്മാൻ-രോഹിണി ജോഡിയും പ്രേക്ഷകരുടെ ഇഷ്ട ജോഡിയായിരുന്നു. അഭിനയ പാടവവും മെയ് വഴക്കവും സൗമ്യ ഭാവവും നിഷ്കളങ്കമായ പുഞ്ചിരിയും കേരളക്കരയിൽ ഒരു റഹ്മാൻ തരംഗം സൃഷ്ടിക്കാൻ അധികസമയം വേണ്ടിവന്നില്ല. അക്കാലത്തെ മിക്കവാറും എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിച്ച് വിജയക്കൊടി പാറിക്കാൻ റഹ്മാൻ സാധിച്ചു.
പത്മരാജന്റെ പറന്നു പറന്നു പറന്ന്, ഐവി ശശിയുടെ ത്രില്ലർ ചിത്രം ‘ഉയരങ്ങളിൽ ‘ തുടങ്ങി വാണിജ്യ വിജയം നേടിയ ചിത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു പിന്നീടങ്ങോട്ട്. അടിയൊഴുക്കുകൾ, അടുത്തടുത്ത്, ഇവിടെ തുടങ്ങുന്നു, കണ്ടു കണ്ടറിഞ്ഞു, അങ്ങാടിക്കപ്പുറത്ത്, ഉപഹാരം, ഇവിടെ ഈ തീരത്ത്, ഒരിക്കൽ ഒരിടത്ത്, തമ്മിൽ തമ്മിൽ, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, എന്റെ കാണാ കുയിൽ, കൂടും തേടി, കഥ ഇതുവരെ, ഈറൻസന്ധ്യ, ഈ തണലിൽ ഇത്തിരി നേരം, പുന്നാരം ചൊല്ലി ചൊല്ലി, വാർത്ത, എന്ന് നാഥന്റെ നിമ്മി, ആയിരം കണ്ണുകൾ, ചിലമ്പ്, പൂമുഖ പടിയിൽ നിന്നെയും കാത്ത്, കൂടണയും കാറ്റ്, പപ്പൻ പ്രിയപ്പെട്ട പപ്പൻ, കരിയില കാറ്റു പോലെ, തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ചേക്കേറിയ റഹ്മാൻ എന്ന കൗമാരക്കാരൻ തമിഴ് ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കൂടാതെ തെലുങ്കിലും ഹിന്ദിയിലും തിരക്കേറിയ നടനായി മാറി. തെലുങ്കിൽ രഘുമാൻ, രഘു എന്നീ സ്ക്രീൻ പേരുകളിലാണ് പ്രശസ്തനായത്.
ബിഗ് സ്ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും റഹ്മാൻ തന്റെ സാന്നിധ്യം തെളിയിച്ചു. മലയാളത്തിലും തമിഴിലും ടിവി സീരിയലുകളും ആയിരം കുഞ്ഞുങ്ങൾ എന്ന വെബ് സീരീസും അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ട്. റിയാലിറ്റി ഷോകളിൽ വിധികർത്താവായും റഹ്മാൻ പ്രത്യക്ഷപ്പെട്ടിരുന്നു.
മുസാഫിർ എന്ന ചിത്രം റഹ്മാന്റെ അഭിനയ ജീവിതത്തിലെ ചിലവേറിയ ചിത്രമാണ്. 2018 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന മെഡിക്കൽ ത്രില്ലറിൽ റഹ്മാന്റെ വേഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിനോടൊപ്പം ചെയ്ത ‘രണം’ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ മയക്കുമരുന്ന് പ്രഭുവിന്റെ വേഷം റഹ്മാന് ഏഷ്യാനെറ്റ് ഫിലിം അവാർഡ് നേടിക്കൊടുത്തു. കൂടാതെ 2015 ൽ ലൈഫ് ടൈം അച്ചീവ്മെന്റായി പത്മരാജൻ അവാർഡും ധുരുവങ്ങൾ പതിനാര് എന്ന ചിത്രത്തിലെ അഭിനയത്തിന് എംജിആർ ശിവാജി അക്കാദമി അവാർഡും ലഭിച്ചു.
ഭാര്യ മെഹറുന്നിസ്സയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് റഹ്മാന്റെ കുടുംബം. പ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ്മാന്റെ ഭാര്യാസഹോദരിയാണ് റഹ്മാന്റെ ഭാര്യ.
മലയാള സിനിമാചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ റഹ്മാൻ എന്ന കലാകാരന്റെ സ്ഥാനം എടുത്തു പറയേണ്ടത് തന്നെയാണ്. ഇനിയും കൂടുതൽ ദൂരം സഞ്ചരിക്കുവാനും നേട്ടങ്ങൾ കൊയ്യുവാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്..
കൂടെവിടെ മുതൽ ഒരുപാട് ഇഷ്ടപ്പെട്ട നടൻ
അദ്ദേഹത്തിന്റെ ജീവിത വഴികൾ നന്നായി എഴുതി