കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി. സുനീഷ്കുമാർ ഗോപാലകൃഷ്ണ ആചാര്യ എന്നാണ് ഔദ്യോഗികനാമം.
തലയോലപ്പറമ്പ് ദേവസ്വംബോർഡ് കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിക്കൊണ്ട് ഇറ്റാലിയൻ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. കഥ, കവിത, നോവൽ, ലേഖനം, ചരിത്രരചന എന്നീ മേഖലകളിൽ വ്യത്യസ്തശൈലിയിൽ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം എസ്. കെ ഋഷി എന്ന തൂലികാനാമത്തിലും അറിയപ്പെടുന്നു.
ഓൺലൈനിൽ 2022-23കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വിശ്വബ്രഹ്മം എന്ന ചരിത്രനോവലിന്റെ രചയിതാവാണ് സുനീഷ് ആചാര്യ. ഓൺലൈൻ എഴുത്തിടങ്ങളിലെ ഒരു ദിവസംപോലും ആയുസ്സില്ലാത്ത എഴുത്തുകളുടെ കാലത്ത് ഒരുനോവൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും രണ്ടുവർഷങ്ങൾക്ക് ശേഷവും ഗ്രൂപ്പുകളിൽ ശ്രദ്ധേയമായി തുടരുകയും ചെയ്യുന്നത് മികച്ചനേട്ടങ്ങളാണ്. വേദകാലഘട്ടത്തിലെ മനുഷ്യരെയും നിർമ്മിതികളെയും ഭാരതത്തിന്റെ എഴുതപ്പെടാതെപോയ ചരിത്രത്തെയും വളരെ ശ്രദ്ധയോടെ പഠിച്ചു വിലയിരുത്തികൊണ്ട്, കൃത്യമായ തെളിവുകളോടെ വായനക്കാരെ ആകർഷിക്കുന്നവിധത്തിൽ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ വരികളാക്കിയപ്പോൾ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങൾ ആ നോവൽ സ്വന്തമാക്കി. തീർച്ചയായും വിശ്വബ്രഹ്മം പോലുള്ള നോവലുകൾ ലോകം വായിക്കേണ്ടതും പുതിയതലമുറ പഠിക്കേണ്ടതുമാണ്.
ശ്രീ വൈക്കം സുനീഷ് ആചാര്യയ്‌ക്ക് 2023ൽ ഡി. വിനയചന്ദ്രൻ സ്മാരകപുരസ്‌കാരം നേടിക്കൊടുത്ത നാഗവേദം എന്ന കഥാസമാഹാരത്തിലെ കഥകളെ വായിച്ചാൽ അവയെല്ലാം കാലത്തിനുമുൻപേ സഞ്ചരിക്കുന്നവയാണെന്ന് മനസിലാക്കാം. ആ പുസ്തകത്തിലെ വരൻ ചൊവ്വയിൽ എന്ന സയൻസ്ഫിഷൻ കഥ ഈ വസ്തുതയ്‌ക്ക് ബലം കൂട്ടുന്നു. ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യൻ ചൊവ്വയെ വാസയോഗ്യമാക്കിയാൽ ഒരുപറ്റം മനുഷ്യർ ഭൂമിയിലെ ജീവിതമുപേക്ഷിച്ചു, ചൊവ്വയിൽ ചേക്കേറുമെന്ന് മനോഹരമായ ഭാവനയിലൂടെ എഴുത്തുകാരൻ ഈ കഥയിൽ പ്രവചിക്കുന്നു .ബീജവും അണ്ഡവുമില്ലാതെ കുട്ടികൾ ലബോറട്ടറികളിൽ ജനിക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം കഥയിലെ വരികൾ മാത്രമായിരുന്നില്ല. ഏറെ താമസിയാതെ ശാസ്ത്രലോകം പരീക്ഷണങ്ങളിലൂടെ ഇതു തെളിയിച്ചു.
അദ്ദേഹത്തിന്റെ മികച്ച സയൻസ് ഫിക്ഷൻ രചനയായ സാത്താന്റെ രശ്മിയിൽ AD മൂവായിരത്തിൽ ഭൂമി, അന്യഗ്രഹജീവികൾ കീഴടക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായി അന്യഗ്രഹജീവികൾ ഭൂമിയിൽ ഏത്താറുണ്ടെന്നും മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. നഖങ്ങൾ
പോലെയുള്ള കൂർത്ത ശരീരഭാഗമുപയോഗിച്ച് അവർ മനുഷ്യരക്തം ശേഖരിക്കുന്നതായി, ഒരു രംഗം ഈകഥയിൽ തെളിവുകളോടെ വിവരിച്ചു. ആഴ്ചകൾക്കകം ഒരു മനുഷ്യശരീരത്തിൽ അസാധാരണമായി കണ്ടെത്തിയ മുറിവുകൾ അന്യഗ്രഹജീവികളുടെ സാന്നിധ്യംമൂലമാകാമെന്നു ശാസ്ത്രലോകം വിലയിരുത്തി.
സുനീഷ് ആചാര്യയുടെ മറ്റൊരു സയൻസ് ഫിക്ഷൻ കഥയാണ് ചൊവ്വയിലെ പ്രണയം . രണ്ടു ബഹിരാകാശയാത്രികരുടെ പ്രണയം അതിമനോഹരമായി പറഞ്ഞിരിക്കുന്ന കഥയിൽ ഇന്ത്യയുടെയും, ചൈനയുടെയും പ്രതിനിധികളായ യാത്രികർ, രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായപ്പോൾ ബാഹിരാകാശത്തു കുടുങ്ങിയതായി പറഞ്ഞിരിക്കുന്നു. ഭാവനാലോകത്തെ ഈ പ്രവചനം കഥയിലൂടെ വായിച്ചുകഴിഞ്ഞു ദിവസങ്ങൾക്കകമാണ് നാസയുടെ ബഹിരാകാശപേടകം ബാഹിരാകാശത്തു കുടുങ്ങിയ വാർത്തയിലൂടെ സുനിത വില്ല്യംസിനെ ലോകം ആരാധനയോടെകണ്ടത്.
ചൊവ്വയിലെ ക്രിസ്റ്റലുകൾ പതിച്ച ചുവരുകളുള്ള ഗുഹാഭിത്തിയെ വായനക്കാർക്ക് സുനീഷ് ആചാര്യ കഥയിലൂടെ കാട്ടിക്കൊടുത്തു. പിന്നെയും നാളുകൾക്കുശേഷമാണ് ശാസ്ത്രലോകം ചൊവ്വയിൽ ക്രിസ്റ്റലുകൾകണ്ടെത്തുന്നത് . ചൊവ്വയിലെ അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്ന ഒരു അജ്ഞാതശബ്ദം എന്താണെന്നുള്ള ആകാംക്ഷയുടെ ചോദ്യം അവശേഷിപ്പിച്ചുകൊണ്ട് കഥ അവസാനിക്കുമ്പോൾ ശാസ്ത്രത്തിന്റെ വേഗത്തെ മറികടന്ന കഥാകാരന്റെ ഭാവന അത്ഭുതമായി നിലനിൽക്കുന്നു.
എന്താവും കഥാകാരൻ കേൾപ്പിച്ചുതന്ന ആ അജ്ഞാതശബ്ദം..? അതും ശാസ്ത്രലോകം വിശദീകരിയ്ക്കട്ടെ.
രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ളകാലം, സരസ്വതീനദീതീരത്തെ ഋഷിഗോത്രസമൂഹത്തിന്റെ ജീവിതം നാഗവേദത്തിലെ വരികളാക്കി വരച്ചിട്ട അതേ തൂലികതന്നെയാണ് AD 3000ത്തിലെ ലോകത്തെ പ്രവചിച്ചത്. ഇങ്ങനെ, കാലത്തിന്റെ രണ്ടു കരകളിലൂടെയും വായനയുടെ ലോകത്തേക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുവാൻ കഴിയുന്നത് മറ്റൊരത്ഭുതമാകുന്നു. സയൻസ് ഫിക്ഷൻ രചനകളിൽ പോലും രാജ്യസ്നേഹം ചേർത്തെഴുതുവാൻ ശ്രദ്ധിക്കുന്ന ഒരെഴുത്തുകാരൻ തീർച്ചയായും ഭാരതസംസ്കാരത്തിന്റെ പ്രചാരകൻ കൂടെയാകുന്നു സാത്താന്റെ രശ്മിയിലെ ഫ്രെഡിയും, ചൊവ്വയിലെ പ്രണയത്തിലെ പൃഥ്വിയും ദേശസ്നേഹത്തിന്റെ സന്ദേശവാഹകരായി എന്നും വായനക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കും.
സയൻസ് ഫിക്ഷൻ കഥകളിലൂടെ ഇന്ത്യയിലും അന്തർദേശീയതലത്തിലും അംഗീകരിക്കപ്പെട്ട സുനീഷ്ആചാര്യ,UK യിലെ സൊസൈറ്റി ഓഫ് ഓതേഴ്സിൽ അംഗമാണ്. ലോകത്തെ അത്ഭുതപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രചനകൾ കാലം കാത്തുവയ്ക്കട്ടെ. സാഹിത്യസപര്യയിലൂടെ ലോകസാഹിത്യത്തിൽ മലയാളിസാന്നിധ്യമായിമാറിയ എഴുത്തുകാരനെ പുതിയലോകം വായിക്കട്ടെ.