വടക്കൻ നൈജീരിയയിൽ ബെനു സംസ്ഥാനത്തെ യെൽവാട്ട പട്ടണത്തിലാണ് ആക്രമണമുണ്ടായതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ ശനിയാഴ്ച അറിയിച്ചു.
യെലെവാട്ട ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടു മുതൽ ശനിയാഴ്ച പുലർച്ചെ വരെ ആക്രമണം നടന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആംനസ്റ്റി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധിയാളുകളെ കാണാതായതായും സംഘടന കൂട്ടിച്ചേർത്തു.
കന്നുകാലികളെ മേക്കുന്നവരും കർഷകരും ഭൂമിക്കായി തർക്കങ്ങൾ നടക്കുന്ന പ്രദേശമാണ് ഇവിടം. ഇത് പലപ്പോഴും സംഘർഷങ്ങളിലേക്ക് നയിക്കാറുണ്ട്. പലപ്പോഴും സംഘർഷങ്ങൾ മതവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിലേക്കും പോകാറുണ്ട്.
വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പല കുടുംബങ്ങളെയും വീടടക്കം കത്തിച്ചതായും പരുക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കത്തി നശിച്ച വീടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെനുവിലെ പൊലീസ് വക്താവ് ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
നൈജീരിയയിൽ ഇത്തരം ആക്രമണങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. കഴിഞ്ഞ മാസം, ബെനു സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന ആക്രമണ പരമ്പരയിൽ കുറഞ്ഞത് 42 പേരെങ്കിലും വെടിയേറ്റ് മരിച്ചിരുന്നു.
2019 മുതൽ, സംഘർഷങ്ങളിൽ ഈ മേഖലയിൽ 500-ലധികം പേർ കൊല്ലപ്പെടുകയും 2.2 ദശലക്ഷം പേർ പ്രദേശത്തു നിന്നും പലായനം ചെയ്തതായും ഗവേഷണ സ്ഥാപനമായ എസ്‌ബിഎം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.