Monday, December 23, 2024
Homeഅമേരിക്കവിഷുവും - വിഷു ആചാരങ്ങളും ✍പി.എം.എൻ.നമ്പൂതിരി.

വിഷുവും – വിഷു ആചാരങ്ങളും ✍പി.എം.എൻ.നമ്പൂതിരി.

പി.എം.എൻ.നമ്പൂതിരി.

*“ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷ ദിനമാണ്.

*വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം*.

മേടം ഒന്നിന് മേട വിഷുവുംതുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

*ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് .*ഋതുരാജനാണ് വസന്തം*. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ. കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു.വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ്നില്‍ക്കും.കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

ആചാരങ്ങൾ

*കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ .

വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്*.

വിഷുക്കണി

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല.

*തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയമുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക.

സ്വര്‍ണ്ണവർണ്ണത്തിനാണ്പ്രാധന്യം. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.

ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും കണികാണാൻഉണ്ടാകണം എന്നാണ്‌ പറയുന്നത്‌.

കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍. അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെസാമീപ്യം മനസ്സിലാക്കാന്‍ കഴിയണം.

വീട്ടിലെ പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണി
ക്കുന്നത്‌*.

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം.

ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു കൈനീട്ടമായി നൽകിയിരുന്നത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുന്നത്.

പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകുന്നതായി കാണാറുണ്ട്.

വിഭവങ്ങൾ

മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്.

വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ. വിഷു വിഭവങ്ങളിൽ ചക്കഎരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും.

എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും*.

വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും.

കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

വിഷുഫലം

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്.

ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണിത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക

വിഷുക്കണി വെയ്ക്കേണ്ടതെങ്ങിനെ.

വെള്ളോട്ടുരുളിയിലോ, താലത്തിലോ ആണ് കണി വെയ്ക്കുക. സ്വർണ്ണ നിറത്തിലുളള വെളളരിക്കയും സൗവർണ്ണ ശോഭയുളള കണിക്കൊന്നയുമാണ് പ്രധാനം.

ഗ്രന്ഥം, സ്വർണ്ണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പഴം, പൂക്കൾ, ഫലങ്ങൾ, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാൽക്കണ്ണാടി എന്നിവയാണ് കണി കാണാൻ വെയ്ക്കുന്ന മറ്റു മംഗള വസ്തുക്കൾ.

ചില സ്ഥലങ്ങളിൽ ശ്രീകൃഷ്ണ വിഗ്രഹമോ ഫോട്ടോയോ വെയ്ക്കുമ്പോൾ മറ്റു ചില സ്ഥലങ്ങളിൽ ശ്രീഭഗവതിയെ സങ്കല്പിച്ച് ഉരുളിയിൽ വാൽക്കണ്ണാടി വെയ്ക്കുന്നു.

ഉരുളി/താലം പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവുമാണെന്നാണ്സങ്കല്പം. കണിക്കൊന്നപ്പൂക്കൾ അദ്ദേഹത്തിന്റെ കിരീടവും, കണി വെളളരിക്ക മുഖവും, വിളക്കുതിരികൾ കണ്ണുകളുമാണെന്നാണ് സങ്കല്പം. ശ്രീഭഗവതിയുടെ സങ്കല്പം കൂടിയായ വാൽക്കണ്ണാടി മനസ്സായും, ഗ്രന്ഥം വാക്കുകളായും സങ്കല്പിച്ചു പോരുന്നു.

വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ് മീ ദേവിയെ ആദരിക്കലായും വിശ്വസിച്ചു പോരുന്നു.

കൈനീട്ടം ആരില്‍ നിന്നു വാങ്ങരുത്

വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം മഹാലക്ഷ്മിയാണെന്നാണ് വിശ്വാസം.

ഭാര്യാഭര്‍ത്താക്കന്മാര്‍ സ്നേഹത്തോടെ പരസ്പരം കൈനീട്ടം നല്‍കുന്നതും നന്നാണ്.

എന്നാല്‍, എല്ലാവര്‍ക്കും എല്ലാവരില്‍ നിന്നും കൈനീട്ടം സ്വീകരിക്കാൻ പാടില്ലെന്നാണ്ജ്യോതിഷ മതം. അതായത് കൈനീട്ടം സ്വീകരിക്കുന്നയാള്‍ അവരുടെ വേധനക്ഷത്രക്കാരില്‍ നിന്നും അഷ്ടമരാശിക്കൂറില്‍പെടുന്ന നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുത്.

നക്ഷത്രം വേധനക്ഷത്രം

അശ്വതി~ തൃക്കേട്ട
ഭരണി ~അനിഴം
കാര്‍ത്തിക~ വിശാഖം
രോഹിണി ~ചോതി
മകയിരം ~ചിത്തിര, അവിട്ടം
തിരുവാതിര~ തിരുവോണം
പുണര്‍തം ~ഉത്രാടം
പൂയം ~പൂരാടം
ആയില്യം ~മൂലം
മകം ~രേവതി
പൂരം ~ഉത്തൃട്ടാതി
ഉത്രം ~പൂരുരുട്ടാതി
അത്തം ~ചതയം
ചിത്തിര~മകയിരം, അവിട്ടം
ചോതി ~രോഹിണി
വിശാഖ~കാര്‍ത്തിക
അനിഴം~ ഭരണി
തൃക്കേട്ട ~അശ്വതി
മൂലം ~ആയില്യം
പൂരാടം ~പൂയം
ഉത്രാടം ~പുണര്‍തം
തിരുവോണം~ തിരുവാതിര
അവിട്ടം~ മകയിരം,
ചതയം~ അത്തം
പൂരുരുട്ടാതി ~ഉത്രം
ഉത്തൃട്ടാതി ~പൂരം
രേവതി ~മകം

പി.എം.എൻ.നമ്പൂതിരി.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments