Saturday, September 28, 2024
Homeഅമേരിക്കവിജയേട്ടനും അൻവറിക്കയും ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

വിജയേട്ടനും അൻവറിക്കയും ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ഇ കെ നായനാരും എം വി രാഘവനും പാർട്ടിയിൽ ശക്തരായിരുന്ന കാലത്തു തന്നെ കണ്ണൂർ സി പി എം ലും സംസ്‌ഥാന രാഷ്ട്രീയത്തിലും പാർട്ടിക്കുവേണ്ടി ചാണക്യ തന്ത്രങ്ങൾ മെനെഞ്ഞിരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു.

രാഷ്ട്രീയത്തിലെ കയറ്റിറക്കങ്ങൾക്ക് ഇടയിലും 1996 ലെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയ പിണറായി നായനാർ മന്ത്രിസഭ അധികാരം ഏറ്റ ഉടൻ നടത്തിയ മന്ത്രിമാരുടെ വിദേശ യാത്രയിലും അംഗം ആയിരുന്നു.

ദശാബ്ദങ്ങൾ കേരളത്തിലെ മാർക്ക്‌സിസ്റ് പാർട്ടിയിൽ സർവശക്തൻ ആയിരുന്ന അച്ചൂതാനന്ദൻ നിർഭാഗ്യം കൊണ്ടു പലപ്പോഴും മുഖ്യമന്ത്രി ആകാൻ സാധിക്കാതിരുന്നപ്പോഴും പാർട്ടിയിലെ തന്റെ ശക്തി കുറച്ചിരുന്നില്ല.

96ൽ നായനാരും പിണറായിയും പി ജെ ജോസഫും വിദേശ യാത്ര നടത്തിയപ്പോൾ ആദ്യം പോയത് ലണ്ടനിലെ അത്യാഡംബര ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അച്യുതനാണ്ടനെ സന്ദർശിക്കുവാൻ ആണ്. തുടർന്ന് കാനഡയിൽ പോയി ലാവലിൻ കരാറും ഏർപ്പാടാക്കിയ ശേഷമാണു പിണറായി നാട്ടിലേക്കു മടങ്ങിയത്.

98ൽ അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ചപ്പോൾ പുതിയ സെക്രട്ടറിയെ തെരെഞ്ഞെടുക്കുവാൻ കൂടിയ പാർട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റിൽ പല പേരുകൾ ഉയർന്നു വന്നെങ്കിലും അച്ചൂതാനന്ദൻ നിർദ്ദേശിച്ചത് പിണറായിയുടെ പേരാണ്. അപ്പോൾ പിണറായി നല്ലയൊരു മന്ത്രി അല്ലേ എന്ന ചോദ്യത്തിന് അച്ചൂതാനന്ദൻ പറഞ്ഞ മറുപടി നല്ല മന്ത്രിമാരെ എത്ര വേണമെങ്കിലും കിട്ടും ഇപ്പോൾ പാർട്ടിക്ക് വേണ്ടത് നല്ലയൊരു സെക്രട്ടറിയെ ആണ് എന്നാണ്.

അങ്ങനെ അച്യുതനന്ദന്റെ ബലത്തിൽ പാർട്ടി സെക്രട്ടറി ആയ പിണറായി തുടക്കം മുതൽ ശ്രമിച്ചത് അച്ചുതാനന്റെ പാർട്ടിയിലെ മേധാവിത്വം അവസാനിപ്പിക്കുവാൻ ആണ്.

മലപ്പുറം സമ്മേളനത്തോടെ പാർട്ടിയെ കൈപിടിയിൽ ആക്കിയ പിണറായി നീണ്ട പതിനേഴു വർഷങ്ങൾ സെക്രട്ടറി പദവിയിൽ ഇരുന്നു ഭൂരിപക്ഷ നേതാക്കളെയും അണികളെയും തന്റെ വരുതിയിൽ ആക്കി.

മലപ്പുറം ജില്ലയിൽ മുസ്ലീംലീഗിന്റെ ശക്തിയാൽ ബലക്കുറവുള്ള പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുവാൻ പാർട്ടിയ്ക്കു തന്ത്രങ്ങൾ മെനെഞ്ഞിരുന്നത് എന്നും പിണറായി ആയിരുന്നു. മുൻ കോൺഗ്രസ്‌ നേതാവായിരുന്ന ടി കെ ഹംസയേ മഞ്ചേരിയിൽ പാർലമെന്റിലേക്കു നിർത്തി വിജയിപ്പിച്ചെടുത്തു. പിന്നീട് യൂത്ത് ലീഗിന്റെ തീപ്പൊരി നേതാവായിരുന്ന കെ ടി ജലീൽ മുസ്ലീംലീഗുമായി ഇടഞ്ഞപ്പോൾ ജലീലിനെ ഇടതു സ്വതന്ത്രൻ ആക്കി കുറ്റിപ്പുറത്തു 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന്റെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിപ്പിച്ചു വിജയിപ്പിച്ചെടുത്തത് മുസ്ലീംലീഗിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം ആയി മാറി ഒപ്പം പിണറായിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ആയി.

2016ൽ അധികാരം ഏറ്റ ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജലീൽ ആയിരുന്നു ആ അഞ്ചു വർഷം മലപ്പുറം ജില്ലയുടെ സൂപ്പർ മുഖ്യമന്ത്രി.

കോൺഗ്രസ്‌കാരൻ ആയിരുന്ന പി വി അൻവർ 2011 ഓടു കൂടിയാണ് പിണറായി ആയി അടുക്കുന്നതും ഇടതു മുന്നണിയിലേക്ക് വരുന്നതും 2016 ലെയും 2021ലെയും നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച അൻവർ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നനിക്കായി പൊന്നാനിയിലും ഒരു കൈ നോക്കിയിരുന്നു.

ഒരുപാട് ഉപദേശകരും മനസാക്ഷി സൂക്ഷിപ്പുകാരുമുള്ള പിണറായിയുടെ കുറച്ചു കാലങ്ങൾ ആയി മലപ്പുറം ജില്ല അടക്കി വാണിരുന്നത് അൻവർ ഇക്കയാണ് പോലീസ് ഓഫീസർ എന്നതിൽ ഉപരി പിണറായിയുടെ വിശ്വസ്‌ഥൻ കൂടി ആയ എ ഡി ജി പി എം ആർ അജിത്കുമാറിനെ അൻവർഇക്ക തൊട്ടപ്പോൾ കൊണ്ടത് അജിത്കുമാറിനല്ല പിണറായിക്കാണ് അതോടെ ഇക്കയുടെ കൈ പൊള്ളി.

കെ ടി ജലീലിനെ പോലെ മലപ്പുറം ജില്ലയുടെ സൂപ്പർ മുഖ്യമന്ത്രി ആയില്ലെങ്കിലും സാധാ മന്ത്രി ആകാനുള്ള ഭാഗ്യം അൻവർ ഇക്കയ്ക്കു നഷ്ടപ്പെടുമോ എന്നൊരു സംശയം.

✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments