ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ തനിക്ക് അന്ത്യ വിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി ബസലിക്കയിലായിരിക്കണമെന്നാണ് മരണ പത്രത്തിൽ കുറിച്ചത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒന്നും തന്നെ വേണ്ടെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നുമാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം മാർപാപ്പയുടെ മരണ സർട്ടിഫിക്കറ്റ് വത്തിക്കാൻ പുറത്ത് വിട്ടിട്ടുണ്ട്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് അദ്ദേഹത്തിൻ്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്
ഇന്നലെ രാവിലെ 7.35ന് ( ഇന്ത്യൻ സമയം രാവിലെ 11.05) ആണ് 88കാരനായ മാർപാപ്പയുടെ മരണം സംഭവിച്ചത്. ഇരട്ട ന്യുമോണിയ ബാധിച്ച് ആഴ്ചകളോളം നീണ്ടുനിന്ന ആശുപത്രിവാസത്തിന് ശേഷം രോഗം ഭേദമായി വസതിയിൽ തിരികെയെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം. ഞായറാഴ്ച വത്തിക്കാനിൽ നടന്ന പ്രാർഥന ശുശ്രൂഷകളിൽ അടക്കം പങ്കെടുത്ത് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സാധാരണ ജീവിത്തതിലേക്ക് മടങ്ങിവരവെയായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം.
മാർപാപ്പയുടെ വിയോഗത്തിൽ വിവിധ സഭാ തലവന്മാർ, രാഷ്ട്രീയ, സാമൂഹിക- സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ മൂന്ന് ദിവസം ദുഖാചരണമുണ്ടായിരിക്കും.ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.