Monday, December 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 18 | വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 18 | വ്യാഴം

കപിൽ ശങ്കർ

🔹തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ചു മണിക്കൂര്‍ അടച്ചിടുമെന്നാണ് അറിയിപ്പ്. ഞായറാഴ്ച ( ഏപ്രിൽ – 21) വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെയാണ് അടച്ചിടുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് എയ‍ര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

🔹ആലപ്പുഴയില്‍ പക്ഷിപ്പനി. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

🔹ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനായ കോയമ്പത്തൂര്‍ – ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷണ ഓട്ടം വിജയമായെന്നും സര്‍വീസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

🔹പാവറട്ടി പള്ളി പെരുന്നാളിന് വെടിക്കെട്ടിന് അനുമതി. പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനാണ് വെടിക്കെട്ട് നടത്താന്‍ എ.ഡി.എം അനുമതി നല്‍കിയത്. എന്നാല്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയൊന്നും വെടിക്കെട്ടില്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

🔹പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് സംഗീതജ്ഞന്‍ ഇളയരാജയെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരേക്കാളും മുകളില്‍ ആണെന്ന് അഭിഭാഷകന്‍ പറഞ്ഞതിന് മറുപടിയായി, മുത്തുസ്വാമി ദീക്ഷിതര്‍, ത്യാഗരാജന്‍, ശ്യാമശാസ്ത്രി എന്നിവര്‍ക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു. ഇളയരാജ ഈണം പകര്‍ന്ന 4,500 ഗാനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക അവകാശം നല്‍കിയ ഉത്തരവിനെതിരെ എക്കോ റിക്കോര്‍ഡിങ് കമ്പനി നല്‍കിയ അപ്പീലിലാണ് കോടതിയുടെ വിമര്‍ശനം.

🔹ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കണമെന്ന് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചു. കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഉത്തര്‍ പ്രദേശിലെ ഗതാഗത വകുപ്പ് പറയുന്നത്.

🔹നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍. മോദിയുടെ പടം റിലീസാകില്ല, ട്രെയ്ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിന്‍ ചോദിച്ചു. തമിഴ്നാട്ടില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്റെ പരിഹാസം.

🔹തെരഞ്ഞെടുപ്പ് ദിനത്തിൽ തീർഥാടനം മാറ്റിവച്ച് വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പെ നെരി ഫെറാവോ. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയ‌‌ത്തിപിടിക്കുന്ന സ്ഥാനാ‌ത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയിൽ നിന്നുളള തീർഥാടനം മാറ്റിവയ്ക്കണമെന്നുമാണ് ബിഷപ്പിന്റെ ആഹ്വാനം. മെയ് ആറിന് ഗോവയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സ‌ർവീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

🔹അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ പൂർത്തിയായ ശേഷമുള്ള ആദ്യ രാമ നവമി ദിനത്തിൽ രാമക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലാണ് പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങ് നടന്നത്. ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

🔹ബലാൽസംഗ കേസിലെ പ്രതിയായ ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

🔹വാര്‍ത്താ ടെലിവിഷന്‍ ചാനലായ ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി മാറ്റി ദൂരദര്‍ശന്‍. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.

🔹കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല സ്വദേശി കുമാരിയാണ് മരിച്ചത്. കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.

🔹പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. ഗുജറാത്തിലെ രാജ്കോട്ടിലാണ് അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാജ്‌കോട്ടിലെ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

🔹ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.

🔹ഇടുക്കി നെടുങ്കണ്ടത്ത് മലേറിയ ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ സുമിത്രയാണ് മരിച്ചത്. 20 വയസായിരുന്നു. നെടുങ്കണ്ടം സന്യാസിയോടയിലെ  എലത്തോട്ടത്തിൽ അഞ്ച് ദിവസം മുൻപ് ജോലിക്കായി ഭർത്താവിനൊപ്പം  എത്തിയതായിരുന്നു സുമിത്ര.

🔹 കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.  മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയയാണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം നടന്നത്.

🔹തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ. സംഭവ ശേഷം അവിടെ നിന്നും മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റു ചെയ്തത്.
തിരുവല്ലം മേനിലം സ്വദേശി വിപിനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്. ഇത് ചോദ്യം ചെയ്ത വിപിൻ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ഡ്രൈവറിന്റെ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. സംഭവം നടന്നത് ഇന്നലെ രാത്രി 7:30 ഓടെയാണ്.
തിരുവല്ലം ഭാഗത്തു നിന്നും പുഞ്ചക്കരയിലേക്ക് പോയ ബസിന്റെ ചില്ലാണ് ഇവർ തകർത്തത്. ഡ്രൈവറുടെ പരാതിപ്രകാരം പോലീസ് അറസ്റ്റുചെയ്ത പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

🔹യുഎഇയിലെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. 75 വര്‍ഷത്തിനിടയിലെ ശക്തമായ മഴയാണ് യുഎഇയില്‍ ഇത്തവണ ഉണ്ടായത്. ഇപ്പോള്‍ രാജ്യത്ത് മഴ മാറി നില്‍ക്കുകയാണെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

🔹യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ വ്യക്തമാക്കി. നിലവിലെ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണെന്നും, അതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് സൂചന.

🔹തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി. കനത്ത മഴ കാരണം ദുബായിലേക്കുള്ള എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

🔹കനത്ത കടബാധ്യതയില്‍ നിന്ന് കരകയറാന്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ ഒരുങ്ങി ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ. എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയില്‍ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി വില്പന നടത്തിയതാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ എഫ് പി ഒ. 2023 ഫെബ്രുവരിയില്‍ അദാനി. എന്റര്‍പ്രൈസസ് 20000 കോടി രൂപയുടെ എഫ് പി ഒ നടത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. ഏപ്രില്‍ 18ന് തുടങ്ങുന്ന എഫ് പി ഒ ഏപ്രില്‍ 22 വരെ നീണ്ടുനില്‍ക്കും. 10 രൂപ മുതല്‍ 11 രൂപ വരെയാണ് ഓഹരി വില. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. 2.38 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ കടം. കഴിഞ്ഞ എട്ടുവര്‍ഷമായി കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2022 -2023 സാമ്പത്തിവര്‍ഷം മാത്രം 29371 കോടി രൂപയാണ് കമ്പനിയുടെ ആകെ നഷ്ടം. വോഡഫോണ്‍ ഐഡിയ നേരിടുന്ന പ്രതിസന്ധി ഗുണം ചെയ്തത് റിലയന്‍സ് ജിയോക്കും ഭാരതി എയര്‍ടെല്ലിനുമാണ്.

🔹ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് വെറും 89 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

🔹നടന്‍ വിക്രത്തിന് പിറന്നാള്‍ ആശംസിച്ച് ‘തങ്കലാന്‍’ ടീം. തങ്കലാന്‍ ചിത്രീകരണ വേളയില്‍ എടുത്ത ബിഹൈന്‍ഡ് ദി സീന്‍സ് കോര്‍ത്തിണക്കിയ വിഡിയോ താരത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേരിന്നിരിക്കുന്നത്. വിക്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് താരം പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാനില്‍ പ്രത്യക്ഷപ്പെടുന്നത്.

🔹സിജു വില്‍സണെ നായകനാക്കി പി. ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ട്രെയ്ലര്‍ പുറത്ത്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖ നായിക കൃഷ്ണേന്ദു എ.മേനോന്‍ ആണ് ചിത്രത്തില്‍ സിജു വില്‍സന്റെ നായികയായെത്തുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രത്തിന് വേണ്ടി ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതമൊരുക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വയനാട്, ഗുണ്ടല്‍പ്പേട്ട്,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങീ ശ്രദ്ധേയമായ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments