Thursday, December 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 04, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 04, 2024 തിങ്കൾ

കപിൽ ശങ്കർ

🔹സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ നോമ്പുകാലധ്യാനം മാര്‍ച്ച് 8 വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നരക്ക് അവസാനിക്കും. ജനപ്രിയ ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളൂടെ മനസില്‍ ഇടം നേടിയിട്ടുള്ള കപ്പുച്ചിന്‍ സഭാംഗമായ റവ. ഫാ. സന്തോഷ് അധികാരത്തില്‍ ഛഎങ ഇമു ആണ് ധ്യാനം നയിക്കുന്നത്.

🔹ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2024-2025 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റോയല്‍ ആല്‍ബര്‍ട്സ് പാലസിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് കേരളത്തില്‍ നിന്നും നോര്‍ത്ത്അമേരിക്കയില്‍ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

🔹നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു .മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം 7.30 ന് സൂം ഫ്ലാറ്റുഫോമിൽ ചേരുന്ന സമ്മേളനത്തിൽ സുവിശേഷ പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ വിനോ ജോൺ ഡാനിയേൽ (മെഡിക്കൽ ഡയറക്ടർ, ഫിലാഡൽഫിയ, യുഎസ്എ) മുഖ്യ സന്ദേശം നൽകും.

🔹ഫെബ്രുവരി 24 ന് കാണാതായ ഡാളസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർത്ഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ആൻഡ്രൂ സോ ലിയുടെ മരണം മാർച്ച് 2 ശനിയാഴ്ചയാണ് റിച്ചാർഡ്‌സൺ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ലിയുടെ മരണകാരണം അന്വേഷണത്തിലാണ്.

🔹കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, ബി എ പി എസ് ശ്രീ സ്വാമിനാരായണ മന്ദിർ, ഡാളസ്, മേഖലയിലെ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് 2024 മാർച്ച് 9 ശനിയാഴ്ച 1000 മണിക്കൂർ മുതൽ 1700 മണിക്കൂർ വരെ ശ്രീ സ്വാമിനാരായണ മന്ദിർ, 4601 N 4601 ൽ ഒരു ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു.( സ്റ്റേറ്റ് ഹൈവേ 161, ഇർവിംഗ്, ടെക്സസ്-75038.)

🔹ട്രേഡർ ജോസിൽ വിറ്റ 61,000 പൗണ്ടിലധികം ആവിയിൽ വേവിച്ച ചിക്കൻ സൂപ്പ് ഡംപ്‌ലിംഗുകൾ ഹാർഡ് പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന കാരണത്താൽ തിരിച്ചുവിളിക്കുന്നതായി യുഎസ് റെഗുലേറ്റർമാർ ശനിയാഴ്ച അറിയിച്ചു.

🔹ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് കൃഷിയിടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ ഇന്ദിര കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു എന്നാണ് സൂചന. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

🔹എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കമായി. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷ എഴുതിയതെന്നാണ് കണക്ക്. ഈ മാസം 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ ആദ്യവാരം മൂല്യനിര്‍ണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിച്ചേക്കും.

🔹സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിത്തുടങ്ങി. ആദ്യ ശമ്പള ദിവസങ്ങളില്‍ കിട്ടേണ്ടവരുടെ അക്കൗണ്ടിലാണ് പണം കിട്ടിതുടങ്ങിയത്. എന്നാല്‍ ദിവസം 50,000 രൂപയേ പിന്‍വലിക്കാനാകൂവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും , മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസം കൊണ്ട് ശമ്പളം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

🔹പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടില്‍ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന 400-ഓളം വിദ്യാര്‍ഥിനികള്‍ക്ക് വീട്ടില്‍ പോകാന്‍ അനുമതി നല്‍കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. പുറത്തിറങ്ങിയാല്‍ പ്രശ്‌നമുണ്ടാകുമെന്നും അതിനാല്‍ പുറത്തേക്ക് പോകേണ്ടെന്നുമാണ് അധികൃതര്‍ വിദ്യാര്‍ഥിനികളോട് പറയുന്നത്.

🔹പട്ടാമ്പി പള്ളിയിലെ നേര്‍ച്ചകഴിഞ്ഞ് ലോറിയില്‍ കൊണ്ടു വരികയായിരുന്ന അക്കരമേല്‍ ശേഖരന്‍ എന്ന നാട്ടാന പുലര്‍ച്ചെ 4 മണിക്ക് നഗരത്തിലിറങ്ങി. വടക്കേമുറിയില്‍ ലോറി നിര്‍ത്തിയപ്പോഴാണ് ആന പുറത്ത് ചാടിയത്. അവിടെ നിന്നും വിരണ്ടോടിയ ആനയ്ക്ക് മുന്നില്‍ പെട്ട കോയമ്പത്തൂര്‍ സ്വദേശിക്ക് പരിക്കേറ്റു. ആനയുടെ പരാക്രമത്തില്‍ രണ്ട് പശുക്കളും ഒരാടും ചത്തു. കേരള ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ കുന്നംകുളം മേഖല എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്.

🔹സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

🔹കാസര്‍കോട് കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകം. നാടന്‍ തോക്ക് ഉപയോഗിച്ച് അശോകനെ ജേഷ്ഠന്‍ ബാലകൃഷ്ണന്‍ വെടിവെയ്ക്കുകയായിരുന്നു.

🔹യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടില്‍ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.

🔹ദില്ലിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജനയിലൂടെ പ്രതിമാസം 1000 രൂപ നല്‍കുമെന്ന്് ദില്ലി സര്‍ക്കാരിന്റെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായ ആതിഷി ഈ പദ്ധതി പ്രഖ്യാപിച്ചത് തന്റെ കന്നി ബജറ്റ് പ്രസംഗത്തിലാണ്.

🔹സാഹില്‍ വര്‍മ എന്ന നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം പിന്നിട്ടു. സാഹില്‍ എവിടെയെന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ലെന്നും, തന്റെ മകനെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരോട് കുടുംബം അഭ്യര്‍ത്ഥിച്ചു.

🔹മംഗളൂരുവില്‍ പരീക്ഷക്ക് പോയ കടബ ഗവണ്‍മെന്റ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. എന്നാല്‍ സ്‌കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

🔹സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തില്‍ 14 പാട്ടുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ മധു പകരൂവെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. സംഗീതം നിര്‍വഹിക്കുന്നത് അമൃത് രാമനാഥാണ്. ഏപ്രിലില്‍ റിലീസ് ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ മൂന്നോ നാലോ ലുക്കുകളില്‍ പ്രണവ് മോഹന്‍ലാലും താനും ഉണ്ടാകുമെന്ന് നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സൂചിപ്പിക്കുന്നു. ഇംഗ്ലീഷില്‍ എഴുതിയാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ സംഭാഷണം പ്രണവ് മോഹന്‍ലാല്‍ പഠിച്ചതെന്നും ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്‌മണ്യമാണ്. വൈശാഖ് സുബ്രഹ്‌മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. തിരക്കഥയും വിനീത് ശ്രീനിവാസനാണ് എഴുതുന്നത്. പ്രണവ് മോഹന്‍ലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസനുമുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments