Saturday, April 20, 2024
Homeഅമേരിക്കആഗമനം (കഥ) ✍ബീന ബിനിൽ തൃശൂർ

ആഗമനം (കഥ) ✍ബീന ബിനിൽ തൃശൂർ

ബീന ബിനിൽ തൃശൂർ✍

രാവിലെ മുതൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം എന്റെ കണ്ണ് നിറയുകയായിരുന്നു രാവേറെയായിട്ടും അതിനൊരു വ്യത്യാസവും ഉണ്ടായില്ല . കണ്ണുകൾ പോലും ചിമ്മാനാവാതെ പൗർണമി രാവിൽ ഞാനോർത്തു.ചില മരണങ്ങൾ തീരാ വേദന തന്നെയാണ് . അത് ഒരിക്കലും വിട്ടു പോകാത്ത മനോവേദന തന്നെയാണ് . ഞാൻ ഇരിക്കുന്ന നടുമുറ്റത്തിന്റെ വരാന്തയിലേക്ക് പൂനിലാവ് പരന്നു ഒഴുകുകയായിരുന്നു ഉറക്കം ഒട്ടും വരാത്ത രാത്രികളിലെല്ലാം ഞാൻ ഇവിടെ ഇരിപ്പാണ് പതിവ്. മകരമാസത്തിന്റെ നേർത്ത മഞ്ഞിൻ കണങ്ങൾ വീഴുന്നതിനാൽ ഒരു കമ്പിളി പുതപ്പാൽ ശരീരം പൊതിഞ്ഞ് കൈപ്പത്തികൾ മാത്രം പുറത്തിട്ട് അങ്ങിനെ ഇരുന്ന് മൂന്നാലു മണിക്കൂർ പോയത് അറിഞ്ഞതേയില്ല.

എഴുന്നേറ്റ് നിലാവെളിച്ചത്തിൽ നടന്നതിനുശേഷം മുറിയിലേക്ക് കിടക്കാനായി പോയി.ഒന്നു മയങ്ങട്ടെ , ഏതോ നിർവൃതിയുടെ ആലസ്യത്തിലേക്ക് ഞാൻ മയങ്ങി മയങ്ങി ഉറങ്ങി .പതിവുപോലെ ആറുമണിയുടെ അലാറം കേട്ട് ഉണർന്ന ഞാൻ രാവിലെത്തെ നടത്തത്തിനായി പുറപ്പെട്ടു.നടക്കുന്ന വേളയിലും ഞാൻ ചിന്തിച്ചത് ജയിംസിനെ കുറിച്ചായിരുന്നു .എന്തായിരുന്നു ജയിംസിൽ ഞാൻ കണ്ട പ്രത്യേകത വാക്കിന്റെ ഗാംഭീര്യമോ ? അതോ ഒരേ കോളേജിൽ മുമ്പ് പഠിച്ചു എന്ന് അറിവോ?കാണാതെ ഞങ്ങൾ പരസ്പരം മനസ്സിലാക്കിയതിന്റെ സത്യസന്ധതയോ?അതോ പറയാനോ വ്യാഖ്യാനിക്കാനോ പറ്റാത്ത പ്രണയവികാരമോ?പറയാതെ തന്നെ പരസ്പരം എല്ലാം അറിഞ്ഞതോ?…. നടന്നതെല്ലാം കാലത്തിന്റെ നിമിത്തം ആയിരിക്കാം . അതിനുമപ്പുറം എനിക്ക് അനുഭവപ്പെട്ടത് മുൻജന്മ ബന്ധത്തിന്റെ ഏതോ താഴ്‌വേരിന്റെ അടയാളമായിരിക്കാമെന്നാണ്.

ഓർത്തോർത്ത് നടന്നു ജവാൻ പാർക്കിന്റെ മുമ്പിൽ എത്തിയത് ഞാനറിഞ്ഞതേയില്ല

” ടീച്ചർ ഇന്ന് വൈകിയോ? ” എന്ന ചോദ്യം കേട്ടപ്പോഴാണ് ഞാൻ നോക്കിയത് , അഡ്വക്കേറ്റ് പി.ആർ നായർ മുമ്പിൽ. വൈകിയില്ല ,പിന്നെ എന്തൊക്കെയാണ് എന്ന് ചോദിച്ചു നടത്തം തുടർന്നു.അഞ്ചു പ്രാവശ്യം പാർക്കിനെ വലം വെച്ച് തിരിച്ചു നടക്കലാണ് എന്റെ പതിവ്. അതുപോലെ ആവർത്തിച്ചു തിരിച്ച് വീട്ടിലെത്തി .പത്രത്താളുകൾ വായിച്ച് അടുക്കളയേ ലക്ഷ്യമാക്കി നടന്നപ്പോഴേക്കും ജയിംസിന്റെ സന്ദേശം എത്തിയത് ഞാൻ നോക്കി.

വ്യവസായവും പൊതുപ്രവർത്തനവും ആയി നഗരത്തിലെത്തിയിട്ടുണ്ടെന്ന് വിവരം പറഞ്ഞു കൂടാതെ പരസ്പരം കാണാമെന്നും. പരീക്ഷ ചുമതല ആയതിനാൽ ലീവ് എടുക്കാൻ പറ്റാത്തതുകൊണ്ട് അതിനുശേഷം ആവാം എന്ന് മറുപടി പറഞ്ഞു.

പിന്നെ എന്റെ എല്ലാ പ്രവർത്തികൾക്കും ഒരു പ്രത്യേക ഊർജ്ജം ആയിരുന്നു . ജയിംസിനായി വേണ്ട വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ ആ സ്നേഹസാഗരത്തിന്റെ രൂപവും സ്വഭാവവും കണ്ണിലൂടെ പായുകയായിരുന്നു . ഒപ്പം എന്നെ സ്നേഹം കൊണ്ട് ശ്വാസംമുട്ടിക്കുന്ന നിമിഷങ്ങളും.അടുക്കളയ്ക്ക് അകത്ത് പാത്രങ്ങൾ പ്രത്യേകം കലപില കൂട്ടുന്ന നേരത്തായിരുന്നു എന്റെ ഫോൺ നിർത്താതെ അടിക്കുന്നത്.എടുത്തപ്പോൾ അങ്ങേ തലയ്ക്കൽ ആ സ്നേഹരൂപം . എത്തുന്ന സമയത്തെ ക്രമപ്പെടുത്തി സംസാരം നിർത്തി . തിരിച്ച് പണിയിൽ ഏർപ്പെട്ടപ്പോഴും എന്റെ ഉള്ളിൽ എന്തോ അകാരണമായ ഭയം തളംകെട്ടി നിന്നു.

“കഴിഞ്ഞകാല ജീവിതത്തിലെ സ്ഫുരണങ്ങൾ എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു . അത്യപൂർവ്വമായി ലഭിക്കുന്ന ജീവിതമായിരുന്നു എന്റെ പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും പ്രപഞ്ചത്തിന്റെ ശക്തിയെല്ലാം സന്തോഷപൂർവ്വം അനുഭവിക്കാൻ തന്നിട്ട് ഒരു ദിവസം തിരിച്ചെടുത്ത പോലെ വേദനാത്മകമായ അനുഭവം നേരിട്ടതിനു ശേഷം എനിക്ക് ആത്മാർത്ഥ സ്നേഹത്തെ പോലും ഭയമായിരുന്നു.

ഒറ്റപ്പെടലിന്റെയും ഉത്തരവാദിത്വത്തിന്റെയും നീണ്ട യാത്രയിലാണ് ഒരു ദിവസം ജയിംസിന്റെ ഫോൺവിളിയും പിന്നീടുള്ള കൂടികാഴ്ചയും.എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത് ക്ലോക്കിലെ ഒമ്പതുമണിയുടെ ശബ്ദമായിരുന്നു . കോളേജിലേക്ക് പോകാനായി ഞാൻ ഒരുങ്ങി ഇറങ്ങി , പോകും വഴി മകളെ സ്കൂളിൽ ഇറക്കി.പത്തുമണി മുതൽ ഒരു മണി വരെ എക്സാം ഡ്യൂട്ടിയും ചെയ്തു ഉച്ചയോടെ തിരിച്ചിറങ്ങാൻ ഒരുങ്ങിയപ്പോഴാണ് ജയിംസിന്റെ വിളി വന്നത്, “അരമണിക്കൂറിനുള്ളിൽ എത്തുമെന്നും അറിയിച്ചു “.
മറന്നു പോകാത്ത ചില ഓർമ്മകളുടെ ചിത്രങ്ങളിലൂടെ ഞാൻ വീട്ടിലെത്തി ഒത്തുചേരലുകൾക്കപ്പുറം പരസ്പരം ഗാഢമായി മനസ്സിലാക്കുന്ന രണ്ടു മനസ്സുകളുടെ സംസാരം , പറയുന്നത് എല്ലാം കേൾക്കാൻ ഒരാൾ ഉണ്ടാവുക ജീവിതത്തിൽ , അത് എത്രയോ ഭാഗ്യമാണ്.പലതും ശിഥിലമാകുന്ന ഈ ആധുനികതയുടെ ലോകത്ത്.

ഓർമ്മകളുടെ ശ്രുതിതാളങ്ങളിലൂടെ പൂമുഖത്ത് ഇരുന്നതും ജയിംസ് എത്തിയതും ഒരുമിച്ചായിരുന്നു .മധ്യാഹ്നത്തിന്റെ ചൂടിൽ ഒത്തുകൂടിയ ജയിംസും ഞാനും ആഹാരം കഴിച്ച് സ്വസ്ഥമായി സംസാരിക്കുന്നതിനിടയിൽ പലവട്ടം ഞാൻ പറയുന്നുണ്ടായിരുന്നു,

” എനിക്കേറെ ഭയമാണ്” എന്ന്.

അത് എന്തിന്?
ജയിംസ് വളരെയേറെ ഗൗരവത്തോടെ പറഞ്ഞു .അതിന്റെ ഒന്നും ആവശ്യമില്ല ജീവിതത്തെ വളരെ ലൈറ്റ് ആയി കാണാൻ ശ്രമിക്കണം. മാത്രമല്ല കാലത്തിന്റെ കരുതിവയ്ക്കലുകൾ ആണെല്ലാം എന്ന് കരുതുക .

പൊടുന്നനെ എന്റെ ഒരു ചോദ്യം,
“ജയിംസ് ഒരുനാൾ ഇല്ലാണ്ടായാൽ ?ഞാൻ എങ്ങനെ സഹിക്കും?ആരോടെങ്കിലും പറയാൻ പറ്റുമോ ഒന്ന് പറഞ്ഞ് കരയാൻ സംസാരിക്കാൻ അങ്ങിനെയങ്ങിനെ………

അങ്ങനെയൊന്നും സംഭവിക്കില്ല . നീ നെഗറ്റീവ് ആയി ഒന്നും ചിന്തിക്കരുത് എന്ന് ജയിംസ് പറഞ്ഞു.
അന്നേരം ഞാൻ പറഞ്ഞു ഏകാന്തത ഒരുതരത്തിൽ മരണത്തേക്കാൾ ഭീകരവും ഭയാനകവും ആണ്.പലപ്പോഴും ഈ വീട്ടിൽ അതെന്നെ ശ്വാസം മുട്ടിച്ചു കൊല്ലാറുണ്ട് ഭ്രാന്തായി പോകുമോ എന്ന് പോലും തോന്നിയിട്ടുണ്ട്. ഏതോ ഒരു തീവ്ര സങ്കടകടലിൽ ആയിരുന്ന നേരത്തായിരുന്നു ആദ്യമായി ജയിംസിന്റെ വിളിയും സംസാരവും ഉണ്ടായത് .അത് എന്നിലേക്ക് സ്നേഹം എന്ന വികാരത്തിന്റെ വാതിൽ തുറക്കുകയായിരുന്നു.ജയിംസ് വളരെയേറെ ശാന്തനായി എല്ലാം കേട്ടിരുന്നു. ജയിംസിനറിയാഞ്ഞിട്ടാ എത്രയോതരം മനുഷ്യരോട് കനത്ത സ്വരത്തിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. ആത്മ ദുഃഖങ്ങൾ മനസു തുറന്നു ആരോടെങ്കിലും പറഞ്ഞാൽ പിന്നെ അവരുടെ വല്ലാത്ത ഇടപെടലും അന്വേഷണവുമാ,എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അത്തരം ഭയമുള്ളതുകൊണ്ടാണ് ഞാൻ ഇത്രയും നാൾ വികാരങ്ങളിലെ പ്രഥമതമമായ പ്രണയം എന്ന വികാരത്തെ പോലും അടക്കി നിർത്തിയത്. അന്നത്തെ ജയിംസിന്റെ ഇടപെടൽ ജീവിതാനന്ദ ലഹരിയിൽ സ്വതന്ത്രനായ കരുത്തുറ്റ പുരുഷനായി തോന്നിയത് കൊണ്ടാണല്ലോ ഞാനും നീയും ഇന്ന് ഈ നിമിഷവും ഇനിയുള്ള ഓരോ നിമിഷവും അനുഭൂതിയാലും നിർവൃതിയാലും ഒത്തുകൂടുന്നതും ജീവിതവിചാരങ്ങളിലൂടെ കാലാതിവർത്തിയായ് സഞ്ചരിക്കുന്നതും .

ശരിയാണ് നീ പറയുന്നത് ജയിംസ് പറഞ്ഞു, പക്ഷേ കേരളം എന്ന ഈ സമൂഹത്തിൽപുരുഷനും സ്ത്രീക്കും തമ്മിൽ ആത്മാർത്ഥതയോടെ സ്വന്തം ഇഷ്ടങ്ങളെ ആസ്വദിച്ചാൽ ബന്ധങ്ങളെ ദൃഢപ്പെടുത്തിയാൽ അതിനെ ഉടലിന്റെ ബന്ധമായി മാത്രം കൽപ്പിക്കുന്നു മനുഷ്യരാണ് ഭൂരിഭാഗവും.
അതെന്തോ ആവട്ടെ ജയിംസ്,നമ്മൾ എന്തിനാ അതെല്ലാം ശ്രദ്ധിക്കുന്നത് .നമ്മുടെ ചിന്തകൾ വിശാലമാണ് പ്രവർത്തികളും.വ്യതിചലിക്കാത്ത ഉറച്ച കാൽവെപ്പുകളും നിലപാടുകളും ആണല്ലോ നമുക്കുള്ളത് എന്ന് ഞാൻ പറഞ്ഞപ്പോൾ, അതെ ….”ജീവിതത്തെ സമചിത്തതയോടെ ജ്ഞാനിയുടെ ദീർഘവീക്ഷണത്തോടെ നേരിടുക തന്നെ വേണമെന്ന് ജയിംസ് പറയുകയും അവളെ കെട്ടി പുണർന്നു നെറുകയിൽ ചുംബനങ്ങളാൽ മൂടുകയും ചെയ്തു.

ബീന ബിനിൽ തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments