Sunday, July 21, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂലൈ 10 | ബുധൻ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂലൈ 10 | ബുധൻ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.റഷ്യയുടെ അടുത്ത സുഹൃത്തായി ഇന്ത്യയെ കാണുന്നതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

🔹ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയില്‍ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയായ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളും, 45,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്. വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

🔹തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ എത്രയും വേഗം പരിശോധനയ്ക്കയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

🔹കാസര്‍കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ(22)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. കേസിൽ അന്വേഷണം നടന്നുവരികയാണ്.

🔹ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകo പോസ്റ്റ്മോര്‍ട്ടത്തില്‍ ആണ് കൊലപാതകം ആണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

🔹ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാൾ ബസ് ഓടിക്കുന്നതിനിടിയിൽ മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കിയതോടൊപ്പം ഇയാൾ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം.

🔹ആത്മീയ ആചാര്യൻ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി . ഒരു കുട്ടിയുടെ നാവിൽ ചുംബിച്ച സംഭവത്തിലാണ് ഹർജി . കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.

🔹മുംബൈയിൽ ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി മിഹിർ ഷാ അറസ്റ്റിൽ. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായി ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങൾ മുറുകുന്നതിനിടെയാണ് പ്രതി മിഹിർ ഷാ അറസ്റ്റിലാവുന്നത്.

🔹ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി . ഇത്തരം വാഹനങ്ങൾ 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കുo. അമേരിക്കയിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ടെസ്ലയുടെ സാധാരണ കാറുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ ഇറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

🔹കൊച്ചുമകനെ മർദിച്ചെന്നാരോപിച്ച് മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. 68 വയസുള്ള മുൻ സിപിആർഎഫ് ജവാവാനാണ് മകനെയും മകന്റെ ഭാര്യയെയും ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവെച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സൈനിക ജോലിയിൽ നിന്നും വിരമിച്ച ശേഷം 40 വയസുള്ള ഇയാൾ ഒരു ബാങ്കിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് 4 വയസുള്ള കൊച്ചുമകനെ മകനും ഭാര്യയും മർദിച്ചതായി ഇദ്ദേഹം ആരോപിക്കുകയും തുടർന്ന് നീണ്ട വാക്കുതർക്കത്തിനൊടുവിൽ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയും ചെയ്‌തത്‌.
അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ മകൻ്റെ കാലിലാണ് ബുള്ളറ്റ് പതിച്ചിരിക്കുന്നതെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. കൊലപാതകശ്രമം, ആയുധ നിയമ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

🔹കഴിഞ്ഞ ദിവസം പൻവേലിൽ നിന്ന് പുറപ്പെട്ട നേത്രാവതി അടക്കം നിരവധി ട്രെയിനുകളാണ് സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഏറെ കാത്തിരിപ്പിനൊടുവിൽ വഴി തിരിച്ചു വിടാൻ തീരുമാനിച്ചത്. രത്‌നഗിരിയിൽ തിരിച്ചെത്തി പുണെ വഴി പോകുവാനാണ് തീരുമാനമെന്ന് പൻവേൽ സ്റ്റേഷൻ മാനേജർ ആർ കെ നായർ അറിയിച്ചു. മുംബൈയിലേക്ക് വരുന്ന തീവണ്ടികളുടെയും അവസ്ഥ ഇത് തന്നെയാണ്. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ ഷൊർണൂർ വഴി തിരിച്ചു വിടുവാനുള്ള നടപടികളാണ് എടുത്തിരിക്കുന്നത്.
ഇന്നലെ പൻവേലിൽ നിന്ന് പുറപ്പെട്ട നേത്രാവതി രാത്രിയോടെ സാവന്ത് വാഡിയിലെത്തിയ ശേഷം മുന്നോട്ട് പോകാൻ കഴിയാതെ നിർത്തിയിടുകയായിരുന്നുവെന്ന് യാത്രക്കാരനായ കാമോട്ടെ നിവാസി ബാബു ഗണദാസ് പറയുന്നു. ഹരിപ്പാട് സ്വദേശിയാണ് ബാബു. അനശ്ചിതാവസ്ഥയിലായ ട്രെയിൻ ഇന്ന് രാവിലെ വഴി തിരിച്ചു വിടാനുള്ള തീരുമാനത്തിന്റെ ആശ്വാസത്തിലാണ് യാത്രക്കാരെല്ലാം. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ എപ്പോൾ നാട്ടിലെത്തുമെന്ന് പറയാൻ കഴിയില്ലെന്നും ബാബു പറഞ്ഞു. നേത്രാവതി കൂടാതെ 12118 നിസാമുദ്ദീൻ എറണാകുളം മംഗള എക്‌സ്പ്രസ്സ് ലോണാവാല, പുണെ വഴി തിരിച്ചു വിടും. ഭാവ്നഗർ കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിനും രത്‌നഗിരിയിലേക്ക് മടങ്ങാൻ തീരുമാനമായി.
പതിവ് അറിയിപ്പുകളിലൂടെയും കാൻ്റീനുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെയും യാത്രക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ശ്രമിച്ചതായി കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ പെർനെമിൽ തുരങ്കത്തിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്നും കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിനുകൾ വിവിധ സ്ഥലങ്ങളിൽ നിർത്തിവച്ചു. നിലവിലെ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കുകയോ തിരിച്ചു വിടുകയോ മാത്രമാണ് ചെയ്യാൻ കഴിയുകയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. 22229 വന്ദേ ഭാരത്, 12051 ജനശതാബ്ദി, 10103 മണ്ഡോവി എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

🔹വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായെന്നും ട്രയല്‍ ഓപ്പറേഷന്‍ ജൂലൈ 12 ന് ആരംഭിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍. ജൂലൈ 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്‌നര്‍ കപ്പല്‍ ‘സാന്‍ ഫെര്‍ണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

🔹അനുമതി വാങ്ങാതെ മണിപ്പൂരില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചെന്നു കണ്ടെത്തല്‍. തിരുവല്ല സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തില്‍ താമസിപ്പിച്ചിരുന്ന 28 കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും ശിശു ക്ഷേമ സമിതി വ്യക്തമാക്കി.

🔹തൃശൂര്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. വെല്‍ഡിംഗ് തൊഴിലാളിയായ പാലക്കാട് ആലത്തൂര്‍ കാവശ്ശേരി അമ്പലക്കാട് നിബിന്‍ (22) ആണ് മരിച്ചത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടിത്തത്തില്‍ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.

🔹ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തെന്നും ഇതു കാട്ടി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തെന്നുമാണ് പരാതികളില്‍ പറയുന്നത്.

🔹മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.

🔹ഒട്ടനവധി സിനിമകളാണ് മലയാളത്തില്‍ റിലീസിന് കാത്തുനില്‍ക്കുന്നത്. മൂന്ന് ത്രീഡി സിനിമകള്‍ ഉള്‍പ്പടെയുള്ളവ ഉണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് ബറോസ്. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ എത്തുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ബറോസിന് ഉണ്ട്. അതുകൊണ്ട് തന്നെ ഹൈപ്പും ഏറെയാണ്. ഓണം റിലീസായാണ് ബറോസ് തിയറ്ററുകളില്‍ എത്തുന്നത്. ബറോസ് റിലീസ് ചെയ്യാന്‍ ഇനി അറുപത്തി അഞ്ച് ദിവസമാണ് ബാക്കി. പ്രിയ നടന്റെ സിനിമ കാണാന്‍ കാത്തിരിക്കുന്നവര്‍ ഇക്കാര്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ പങ്കിടുന്നുണ്ട്. സെപ്റ്റംബര്‍ 12നാണ് ബറോസ് തിയറ്ററുകളില്‍ എത്തുക. വര്‍ഷങ്ങളായുള്ള അഭിനയജീവിതത്തില്‍ നിന്നും ഉള്‍കൊണ്ടുള്ള പാഠങ്ങള്‍ എല്ലാം ഉപയോ?ഗിച്ചാണ് മോഹന്‍ലാല്‍ തന്റെ ആദ്യ സംവിധാന സംരംഭം പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. മുണ്ടു മുറുക്കിയും മീശ പിരിച്ചും മാസ് ഡയലോഗുകളും കാഴ്ചവച്ച് സ്‌ക്രീനില്‍ തിളങ്ങുന്ന മോഹന്‍ലാല്‍ സംവിധായകന്റെ മേലങ്കി അണിയുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷ ആരാധകരില്‍ പ്രകടമാണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments