Thursday, July 18, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 27 | തിങ്കൾ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 27 | തിങ്കൾ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ഇന്ത്യസഖ്യം മുസ്ലിം വോട്ടര്‍മാരുടെ അടിമകളായി തുടരുകയാണെന്നും അവരെ പ്രീതിപ്പെടുത്താന്‍ ‘മുജ്റ’ നൃത്തമാടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത വാക്കുകളെടുത്താണ് മോദി പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്നതെന്നും താന്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതിനിധിയാണെന്നകാര്യം അദ്ദേഹം മറക്കുന്നുവെന്നും പദവിയുടെ അന്തസ്സ് നിലനിര്‍ത്തേണ്ടത് മോദിയുടെ ഉത്തരവാദിത്വമാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ മനോനില പരിശോധിക്കണമെന്നും അമിത് ഷായും ജെ.പി. നഡ്ഡയും അദ്ദേഹത്തെ ഉടന്‍ ചികിത്സയ്ക്ക് അയക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും നാരീശക്തിയില്‍നിന്ന് ആ മനുഷ്യന്‍ ഇപ്പോള്‍ ‘മുജ്‌റ’ പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിലേക്ക് മാറിയിരിക്കുകയാണെന്ന് തൃണമൂല്‍ എം.പി. സാകേത് ഗോഖലെയും പ്രതികരിച്ചു.

🔹ദില്ലിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. അഞ്ച് കുഞ്ഞുങ്ങള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജന്‍ റീഫില്ലിങ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. അനധികൃതമായാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. പല തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

🔹രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ലെന്നും പക്ഷെ കൈക്കൂലി വാങ്ങി സര്‍ക്കാര്‍ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ടൂറിസം, എക്സൈസ് മന്ത്രിമാര്‍ അറിയാതെ മദ്യ നയം മാറ്റം നടക്കില്ല. ഇതേ മോഡല്‍ കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് അരവിന്ദ് കെജ്രിവാള്‍ അഴിയെണ്ണുന്നത്. കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

🔹ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ് കൊച്ചി വിമാനത്താവളം 25-ാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് മന്ത്രി പി രാജീവ്. 2023ലാണ് ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെന്ന റിക്കോര്‍ഡ് സിയാല്‍ പൂര്‍ത്തീകരിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി ഇതോടെ സിയാല്‍ മാറിയെന്നും മന്ത്രി അറിയിച്ചു.

🔹തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഓഫീസര്‍ കമാന്റന്റ് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അക്കാദമി ഡയറക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടും വരെ ഓഫീസറെ താത്കാലികമായി ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദ്ദേശിച്ചതായും ഡയറക്ടര്‍ അറിയിച്ചു.

🔹തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം തുടര്‍ച്ചയായി സംഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചത്. ചോര്‍ച്ചയും അഴിമതിയും കൂടാതെ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ തുക നേരായ രീതിയില്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

🔹മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. സ്ലീപ്പര്‍ ബോഗിയിലാണ് തകരാര്‍ ഉണ്ടായിരുന്നത്. പിന്നാലെ വിള്ളല്‍ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സര്‍വീസ് തുടര്‍ന്നു.

🔹ആലുവയില്‍ നിന്ന് ഇന്നലെ കാണാതായ അതിഥി തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി. അങ്കമാലിയില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ട് 5 മണിക്ക് കടയില്‍ പോയതിന് ശേഷമാണ് കാണാതാകുന്നത്. ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. .

🔹തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം.

🔹പതിനാലുകാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കായംകുളം കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് കുഴഞ്ഞുവീണ് മരിച്ചു. പതിനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. വധശ്രമത്തിനായിരുന്നു മനോജിനെതിരെ കേസെടുത്തിരുന്നത്.

🔹എംസി റോഡില്‍ ചടയമംഗലം ശ്രീരംഗത്ത് കാറുകള്‍ കൂട്ടി ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തേനി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും ആയുര്‍ഭാഗത്തുനിന്നും വന്ന വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച ടവേര റോഡില്‍ തലകുത്തനെ മറിഞ്ഞു.

🔹നിലമ്പുര്‍ മമ്പാട് പുള്ളിപ്പാടത്തു ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപെടുത്തി. പുള്ളിപ്പാടം കറുകമണ്ണ സ്വദേശി നിഷാമോളാണ് മരിച്ചത്. ഷാജിയും നിഷയും തമ്മില്‍ വൈകിട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലക്ക് വെട്ടേറ്റ നിലയില്‍ നിഷയെ കണ്ടത്. ഉടന്‍ നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔹ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ജ്വാല ലക്ഷ്മി, മേഘ എന്നിവരാണ് മരിച്ചത്. വടക്കന്‍പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപത്തായാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

🔹ആടിനെ മേക്കാന്‍ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കിയാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

🔹ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റേമല്‍ ചുഴലിക്കാറ്റ് സംബന്ധിച്ച സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി അവലോകനയോഗം ചേര്‍ന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം വിലയിരുത്തി.പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലൂടെ സഞ്ചരിക്കുന്ന റേമല്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലാകും കരതൊടുക. പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

🔹ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. അപകടം നടന്നു 24 മണിക്കൂര്‍ പിന്നിട്ടിട്ടും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ഗെയിമിങ് സെന്റര്‍ ഉടമ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു.

🔹ദില്ലി വിവേക് വിഹാര്‍ ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം താനുണ്ടെന്നും, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

🔹പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാത്തിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും ഉണ്ടെന്ന് രാജ്യസഭാ എം.പി സ്വാതി മലിവാള്‍. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും സ്വാതി മലിവാള്‍ പറഞ്ഞു.

🔹പ്രൊജക്ട് ടൈഗര്‍ പദ്ധതി 50 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികള്‍ക്കായി മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും താമസിച്ച ഹോട്ടല്‍ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ അറിയിച്ചു. ഹോട്ടല്‍ ബില്‍ ആരുകൊടുക്കുമെന്നതിന്റെ പേരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ബില്‍ അടയ്ക്കാന്‍ വൈകിയതെന്നാണ് വിശദീകരണം.

🔹ഖത്തറില്‍ ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. ഇന്ന് മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔹പതിനേഴാമത് ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് വെറും 114 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 26 പന്തില്‍ പുറത്താവാതെ 52 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും 39 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസുമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.

🔹ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമ രംഗത്തേക്ക്. ‘ഡിഎന്‍എ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി, അഷ്‌കര്‍ സൗദാന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലാണ് ചിത്രമെത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമൊരുക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 14ന് ചിത്രം കേരളത്തിനകത്തും പുറത്തും റിലീസ് ചെയ്യും. എ.കെ സന്തോഷിന്റെയാണ് തിരക്കഥ. ബാബു ആന്റണി, ഹന്ന റെജി കോശി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീര്‍, റിയാസ് ഖാന്‍, ഇടവേള ബാബു, സുധീര്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments