Sunday, December 22, 2024
Homeഅമേരിക്ക" തിളക്കം കുറയാത്ത താരങ്ങൾ " (3) സത്യൻ മാഷ്.

” തിളക്കം കുറയാത്ത താരങ്ങൾ ” (3) സത്യൻ മാഷ്.

സുരേഷ് തെക്കീട്ടിൽ

അഭിനയക്കരുത്തിൻ്റെ പിൻബലവുമായി
സത്യൻ മാഷ്.

സത്യൻ മാഷ്.
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി .

ചോദ്യം ചെയ്യപ്പെടാത്ത അഭിനയത്തികവിന്, മികവിന് മലയാളി മനസ്സറിഞ്ഞ് ചാർത്തി നൽകിയ ഇളക്കം തട്ടാത്ത വിശേഷണം.
ഇമാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ്റെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങളുടെ പൂർണത കണ്ടാണ് ഒരു തലമുറ സിനിമ എന്ന കലാരൂപത്തെ ഗൗരവത്തോടെ ഉള്ളിൻ്റെയുള്ളിൽ സ്വീകരിച്ചു തുടങ്ങിയത്. എടുത്തുപറയത്തക്ക ഉയരമോ ,നിറമോ, സൗന്ദര്യമോ ഇല്ലാതിരുന്ന ഈ സാധാരണ മനുഷ്യൻ ക്യാമറയ്ക്കു മുന്നിൽ കാഴ്ചവെച്ച അസാധാരണ പ്രകടനങ്ങളിൽ നിന്നു കൂടിയാണ് സിനിമാസ്വാദനം എന്ന കലയുടെ നിലവിളക്ക് നാടാകെ കൊളുത്തിവെക്കപ്പെട്ടത്. ഏറ്റവും സ്വാധീനമുള്ള വിനോദ ഉപാധി എന്ന് സ്ഥാനത്തേക്ക് സിനിമ വളർന്നത്. എവിടേയും അടയാളപ്പെടുത്തപ്പെട്ടത്. നിലയും വിലയും നേടി മുൻനിരയിൽ സ്ഥാനമുറപ്പിച്ചത്.

ഏത് കഥാപാത്രത്തിൻ്റേയും സൂക്ഷ്മ ഭാവങ്ങളിലേക്ക് നിഷ്പ്രയാസം പ്രവേശിക്കാൻ സാധിക്കുമായിരുന്ന ഈ അതുല്യനടൻ പകർന്നാടിയതിലധികവും കാമ്പും കരുത്തും നിറഞ്ഞ വേഷങ്ങൾ തന്നെ .സത്യൻ അഭിനയിച്ചു ഫലിപ്പിച്ച ജീവിതമുഹൂർത്തങ്ങളുടെ തീവ്രത കൃത്യമായി ആസ്വദിച്ചവരാണ് അഭിനയത്തിൻ്റെ അവസാന വാക്കായി അദ്ദേഹത്തെ വാഴ്ത്തിയത്. ഒരു നോട്ടം ,ഒരു ചെറു
ചലനം. ഒരു മൂളൽ സത്യനിലെ നടൻ വരച്ചിട്ട ജീവിത ചിത്രങ്ങൾ വാക്കുകൾക്ക് അപ്പുറത്തേക്കു വളർന്ന വികാരം തന്നെയായിരുന്നു. നാടാകെ ലഭിച്ച ഈ അംഗീകാരത്തിന് ആ സ്ഥാനത്തിന് വെല്ലുവിളികളുയർത്താൻ പിന്നെ വന്നവർക്കായോ ? നെഞ്ചത്തു കൈ വെച്ച് ആർക്കെങ്കിലും പറയാൻ കഴിയുമോ സത്യൻ മാഷെ അഭിനയത്തിൽ മറികടക്കുവാനായി പിന്നീട് ഒരു താരോദയം ഉണ്ടായി എന്ന്. സത്യനോളം വളർന്നവരുണ്ടാകാം സത്യനെ പ്രശസ്തി കൊണ്ടു മറികടന്നവരും കണ്ടേക്കാം.പക്ഷേ അവർക്കാർക്കും സത്യനു പകരക്കാരനാകാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

1912 നവംബർ 9ന് തെക്കൻ തിരുവിതാംകൂറിലെ തിരുമലയ്ക്കടുത്ത ആരമട എന്ന ഗ്രാമത്തിലാണ് ചെറുവിളക്കത്തുവീട്ടിൽ ഇമാനുവൽ എമിലി ദമ്പതികളുടെ ആദ്യ പുത്രനായി സത്യനേശൻ്റ ജനനം. ഭാര്യ ജെസി, ജീവൻ സത്യൻ, സതീഷ് സത്യൻ, പ്രകാശ് സത്യൻ എന്നീ മൂന്നാൺ മക്കൾ.

പഠനശേഷം അധ്യാപകനായാണ് തുടക്കം .പിന്നീട് സർക്കാർ ഗുമസ്തനായി , പട്ടാളക്കാരനായി. പട്ടാള ജീവിതത്തിനു ശേഷം പോലീസിൽ എത്തി .അറിയപ്പെടുന്ന പോലീസ് ഓഫീസർ ആയി .പുന്നപ്ര വയലാർ സമരം നടക്കുന്ന സമയത്ത് ആ സമരത്തെ ഒതുക്കാൻ മുന്നിൽ നിന്ന പോലീസ് ഓഫീസർക്ക് പിന്നീട് കാലം കാത്തു വെച്ചത് ആ ചരിത്ര പോരാട്ടങ്ങൾ അഭ്രപാളികളിൽ എത്തിയപ്പോൾ സമരനായകനായി വേഷമിടാനുള്ള നിയോഗം .

1951 ൽ ”ത്യാഗസീമ ” എന്ന ചിത്രത്തിലാണ് ആദ്യം വേഷമിട്ടതെങ്കിലും ചിത്രം പുറത്തു വന്നില്ല .പിന്നീട് 1952 വന്ന ”ആത്മസഖി ” യിലൂടെയാണ് സത്യൻ മലയാള സിനിമയിൽ സജീവമാകുന്നത്. മലയാള സിനിമയും സജീവമാകുന്നത് ആ ഒരു സമയത്ത് തന്നെയാണല്ലോ. 54-ൽ റിലീസ് ചെയ്ത “നീലക്കുയിൽ ” മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയപ്പോൾ സത്യനെന്ന താരവും ഉദിച്ചുയർന്നു .ഉറൂബിൻ്റെ രചനയും രാമു കാര്യാട്ടിൻ്റെ സംവിധാനവും .കേന്ദ്ര സർക്കാരിൻ്റെ രജതകമലം നേടിയ ഈ ചിത്രത്തിലൂടെ യാണ് മിസ് കുമാരിയും രംഗത്തുവന്നത്.പിന്നീട് മരണം വരെ സത്യൻ മലയാളികളുടെ പ്രിയ നടനായി തന്നെ തുടർന്നു.

1969ൽ വിവിധ ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ച് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് സത്യനെ തേടിയെത്തി. 1971 ൽ കരകാണാകടൽ എന്ന സിനിമയിലൂടെ സത്യൻ വീണ്ടും പുരസ്കാരത്തിന് അർഹനായെങ്കിലും അത് ഏറ്റുവാങ്ങാൻ യോഗമുണ്ടായില്ല. മരണാനന്തര ബഹുമതിയായാണ് അവാർഡ് പ്രഖ്യാപിച്ചത്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അനുഭവങ്ങൾ പാളിച്ചകൾ , യക്ഷി, മൂലധനം, തച്ചോളി ഒതേനൻ, കായംകുളം കൊച്ചുണ്ണി, വാഴ്‌വേ മായം, കടത്തുകാരൻ, മുടിയനായ പുത്രൻ , അടിമകൾ, നായരു പിടിച്ച പുലിവാല്, തറവാട്ടമ്മ, തസ്കരവീരൻ, ത്രിവേണി , ചെമ്മീൻ ,തുടങ്ങി പത്തൊമ്പത് വർഷങ്ങളിലായി നൂറ്റമ്പതോളം എണ്ണം പറഞ്ഞ സിനിമകൾ . സത്യൻ അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളും അഭിനയത്തിൻ്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. .പല സിനിമകളിലും സത്യൻ പ്രകടമാക്കുന്ന സവിശേഷ ഭാവങ്ങൾ സിനിമയുടെ തലം തന്നെയുയർത്തി. ആ സവിശേഷത നിറഞ്ഞ പ്രത്യേക ഭാവങ്ങളാണ് മലയാളികളുടെ മനസ്സിൽ സത്യൻ എന്ന നടന് സ്ഥിരസ്ഥാനമുറപ്പിച്ചു നൽകിയത്. സത്യനെ മാറ്റിനിർത്തിക്കൊണ്ട് മലയാള സിനിമ അന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. കരുത്തുറ്റ എത്രയോ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ആദ്യ നായക സങ്കല്പത്തിന് അർത്ഥം പകർന്നത് സത്യനാണ്. 1971 ജൂൺ 15നാണ് ആ മഹാപ്രതിഭ വിടവാങ്ങിയത് . മരണം തേടിയെത്തുന്നത് വരെ തന്റെ അസുഖം കഴിയുന്നതും ആരെയും അറിയിക്കാതെയും അസുഖത്തിൻ്റെ കാഠിന്യത്തെ അവഗണിച്ചുകൊണ്ടും സത്യൻ അഭിനയിച്ചു കൊണ്ടേയിരുന്നു. അഭിനയത്തോടുള്ള സത്യന്റെ അടങ്ങാത്ത ഭ്രമം തടുത്തു നിർത്തുവാൻ അദ്ദേഹത്തെ ബാധിച്ച ഗുരുതരമായ രക്താർബുദം എന്ന രോഗത്തിനു പോലും സാധിച്ചില്ല. ഇച്ഛാശക്തിയും മനോധൈര്യവും കൊണ്ട് അദ്ദേഹം മഹാരോഗത്തിന് കഴിയുന്നത്ര കാലം പ്രതിരോധം തീർത്തു.

സത്യൻ്റെ കൃത്യനിഷ്ഠ സിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യൻ അഭിനയിക്കുന്ന സെറ്റുകളിൽ എല്ലാവരും സമയനിഷ്‌o പാലിക്കാൻ ശ്രദ്ധിക്കുമായിരുന്നു എന്ന് പിന്നീട് പലരും അഭിമുഖങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട്. നേരം വൈകി എത്തിയാൽ പറഞ്ഞ സമയത്തിന് അല്പം മുമ്പുതന്നെ റെഡിയായി സെറ്റിലെത്തുന്ന സത്യനെ അഭിമുഖീകരിക്കുക എന്ന ഗുരുതര സാഹചര്യം സഹപ്രവർത്തകരിൽ വലിയ ഭയം സൃഷ്ടിച്ചിരുന്നത്രേ .

പ്രതിഫലത്തിൻ്റെ കാര്യത്തിൽ പുലർത്തുന്ന കണിശതയും സത്യൻ്റെ മറ്റൊരു സ്വഭാവ വിശേഷമായിരുന്നെന്ന് കേട്ടിട്ടുണ്ട്.അതെല്ലാം ആ വ്യക്തിത്വത്തിൻ്റെ പ്രത്യേകതയായി തന്നെ വായിച്ചെടുക്കാം. ഇത്ര രൂപയാണ് തൻ്റെ പ്രതിഫലം എന്നും അത് ലഭിക്കണമെന്നും സത്യൻ വെട്ടിത്തുറന്നു പറയുമായിരുന്നത്രേ. ആ തുക അന്ന് പ്രേനസീർ വാങ്ങിയിരുന്ന തുകയുടെ പകുതി പോലുമാകുന്നില്ല എന്ന് അറിയിച്ചവരോട് സത്യന് പറയാനുണ്ടായിരുന്നത്. “ഞാൻ പറഞ്ഞത് എൻ്റെ പ്രതിഫലമാണ് . വേറെ ആരെല്ലാം എത്ര വാങ്ങുന്നുന്നവെന്നത് എൻ്റ വിഷയമല്ല ” എന്നുമായിരുന്നത്രേ .

കേശവദേവിൻ്റെ ഓടയിൽ നിന്നിലെ റിക്ഷക്കാരൻ പപ്പു, മലയാറ്റൂരിൻ്റെ യക്ഷിയിലെ
ഡോ .ശ്രീനി തകഴിയുടെ ചെമ്മീനിലെ പളനി മലയാള സാഹിത്യ ലോകത്ത് അക്ഷരവിസ്മയം തീർത്ത് നിറഞ്ഞു നിന്ന മഹാരഥൻമാർ തങ്ങളുടെ അനശ്വര സാഹിത്യകൃതികളിൽ രൂപം കൊടുത്ത വിഖ്യാത കഥാപാത്രങ്ങളേറെയും തിരശ്ശീലയിൽ നാം കണ്ടത് സത്യനിലൂടെയായിരുന്നു. ഇത്തരം മഹത്തായ കലാസൃ ഷ്ടികൾ അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ അതിശക്തമായ
കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സംവിധായകർക്ക് മുന്നിൽ തെളിയുന്ന ആദ്യ മുഖം സത്യൻ എന്ന ശക്തനായ അഭിനേതാവിൻ്റേതാ യിരുന്നു. ഓടയിൽ നിന്ന് എന്ന സിനിമ കണ്ട ശേഷം കേശവദേവ് പറഞ്ഞിതങ്ങനയായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.
“എൻ്റെ പപ്പുവിനെ ഞാൻ ജീവനോടെ കണ്ടു ”
ഗാന ചിത്രീകരണ രംഗങ്ങളിലും സത്യൻ ആർക്കും പിന്നിലായിരുന്നില്ല. എത്രയെത്ര മനോഹരഗാനങ്ങൾ. ഒറ്റ ഒരു ഉദാഹരണം പറയാം.
“പെരിയാറേ …. പെരിയാറേ … പർവ്വതനിരയുടെ പനിനീരേ”
ഒരു സുന്ദരരംഗം തെളിയുന്നില്ലേ? ഹാസ്യ രംഗങ്ങൾ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതിലും സത്യൻ്റെ പ്രാവീണ്യം എത്രയോ സിനിമകളിൽ നാം കണ്ടു. സംഘട്ടന രംഗങ്ങളിൽ പുലർത്തുന്ന മികവും അടിവരയിട്ടു തന്നെ പറയാം. വടക്കൻപാട്ടു ചിത്രങ്ങളിൽ സത്യൻ വെട്ടിതിളങ്ങാറുമുണ്ട്.തച്ചോളി ഒതേനന് അന്നും ഇന്നും ഇനി എന്നും സത്യൻ്റെ രൂപമാണ് എന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോ?

ഓർക്കുക മലയാളത്തിലെ സൂപ്പർ താരമായ നിത്യഹരിത നായകൻ
പ്രേംനസീറിൻ്റെ പേരിനു മുന്നിലായി തിയേറ്ററിൽ തിരശീലയിൽ എഴുതികാണിച്ച ഒരേ ഒരു പേരേ ഉണ്ടായിട്ടുള്ളു. സത്യൻ എന്ന പേര്. ഒന്നിച്ചഭിനയിച്ച സിനിമകളിൽ
സത്യൻ, നസീർ എന്നേ സ്ക്രീനിൽ തെളിഞ്ഞിട്ടുള്ളൂ. അതാണ് സത്യൻ.

സത്യൻ മികച്ച അഭിനയം കാഴ്ചവച്ച സിനിമകളെക്കുറിച്ച് പറഞ്ഞു പോകാൻ തീരുമാനിച്ചാൽ എല്ലാ സിനിമകളെ കുറിച്ചും പറയേണ്ടതായിവരും. ഒരു സിനിമയും മാറ്റി നിർത്താനാവില്ല. സത്യന്റെ സ്വഭാവികത നിറഞ്ഞ പ്രകടനം കണ്ട് പ്രേക്ഷകർ തരിച്ചിരുന്നു പോയ രംഗങ്ങളെ കുറിച്ച് പറയാൻ തുടങ്ങിയാൽ ആ സിനിമകളിലെ ആയിരക്കണക്കിന് രംഗങ്ങളെക്കുറിച്ചും പറയേണ്ടിവരും. അതിനാൽ അതിനും മുതിരുന്നില്ല. എന്നാൽ എതെങ്കിലും ഒരു രംഗത്തെക്കുറിച്ചെങ്കിലും ചെറുതായൊന്നു പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമല്ലല്ലോ. അതിനാൽ അനവധി സിനിമകളിലെ നിരവധി രംഗങ്ങളിൽ നിന്ന് തീർത്തും ഒരു സാധാരണ രംഗം മാത്രം പറഞ്ഞു പോകുന്നു .

സാക്ഷാൽ തകഴിയുടെ രചനയിൽ ശ്രീ സേതുമാധവൻ്റെ സംവിധാനത്തിൽ 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യന്റെ ചെല്ലപ്പനും
പ്രേംനസീറിൻ്റെ ഗോപാലനും മദ്യപിക്കാൻ ഷാപ്പിൽ കയറുന്ന ഒരു രംഗമുണ്ട് . അവിടെ സത്യന്റെ ഭാവങ്ങളും ചലനങ്ങളും ശ്രദ്ധിക്കുക .കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് കള്ളൊഴിക്കുന്ന സമയത്ത് ഗ്ലാസ്സിലെ കള്ളിൽ നിന്ന് ഒരു കരട് ചെല്ലപ്പൻ എടുത്തുമാറ്റുന്ന ഭാഗമുണ്ട്. സംഭാഷണത്തിനിടയിൽ തീർത്തും സ്വാഭാവികമായി ചെയ്യുന്ന ചെയ്യുന്ന പ്രവർത്തി ആ കഥാപാത്രവുമായി എത്രമേൽ അയാൾ ഇഴുകി ചേർന്നു എന്ന് ബോധ്യപ്പെടുത്തും . ഇടതുകാൽ ബഞ്ചിൽ കയറ്റി വെച്ച് ചെല്ലപ്പൻ കള്ള് മോന്തിയ ശേഷം ഒരു തുപ്പൽ ഉണ്ട്. നടന വൈഭവത്തിൻ്റെ സൂക്ഷ്മനിരീക്ഷണ ത്തിന് തെളിവായി അങ്ങനെ എത്രയെത്ര സിനിമകൾ എത്രയെത്ര രംഗങ്ങൾ .

ധിക്കാരിയായി, പോക്കിരിയായി, അധ്യാപകനായി, സ്നേഹമുള്ള ഏട്ടനായി, ഡോക്ടറായി ,നാട്ടുപ്രമാണിയായി, രോഗിയായി, പോലീസ് ഓഫീസറായി എന്നു വേണ്ട എന്താണോ വേഷം അതിൻ്റെ പൂർണതയാണ് സത്യനിൽ നിന്നു ലഭിക്കുക.. അഭിനയത്തിന്റെ പാഠപുസ്തകം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. എത്രയോ പേർ അതാവർത്തിച്ചു പറഞ്ഞിട്ടുണ്ട്. എഴുതിയിട്ടുണ്ട്. ഏതാണ്ട് എല്ലാവരും അത് ശരിവെച്ചിട്ടുമുണ്ട്. സത്യൻ്റെ ഒരു സിനിമയെങ്കിലും കണ്ടവർക്ക് അത് ശരി വെക്കാതിരിക്കാനാവില്ലല്ലോ. അതു കൊണ്ടു തന്നെ നുറുശതമാനം സത്യസന്ധതയോടെ അവരുടെ ഉള്ളു തൊട്ടാണ് ഏവരും പറയുന്നത് സത്യൻ അഭിനയത്തിൻ്റെ പാഠപുസ്തകമാണ് എന്ന്. അഭിനയത്തിന്റെ മാത്രമല്ല ചെയ്യുന്ന തൊഴിലിനോടുള്ള കൂറിൻ്റെ ആത്മാർത്ഥതയുടെ, ‘ കൃത്യനിഷ്ഠയുടെ അങ്ങനെ ഒരുപാട് ഒരുപാട് നന്മകൾ നിറഞ്ഞ പാഠപുസ്തകമാണ് സത്യനെന്ന മഹാനടൻ. വരും തലമുറയ്ക്കു പഠിക്കാൻ മനസ്സിലാക്കാൻ പിന്തുടരാൻ , അക്ഷരങ്ങൾ തെളിഞ്ഞു നിൽക്കുന്ന പാഠപുസ്തകം. കാലത്തെ അതിജീവിക്കുന്ന മികച്ച പാഠപുസ്തകം.

സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments