Saturday, November 23, 2024
Homeഅമേരിക്കസീറോമലബാർ നാഷണൽ ഫാമിലി കോൺഫറൻസ് ഫിലാഡൽഫിയയിൽ വിജയകരമായി സമാപിച്ചു

സീറോമലബാർ നാഷണൽ ഫാമിലി കോൺഫറൻസ് ഫിലാഡൽഫിയയിൽ വിജയകരമായി സമാപിച്ചു

ജോസ് മാളേയ്ക്കൽ

ഫിലാഡൽഫിയ: ചിക്കാഗൊ രൂപതാമെത്രാന്മാരുടെയും, ഫിലാഡൽഫിയ അതിരൂപതാമെത്രാന്റെയും, കൂരിയാ വൈദികരുടെയുംപങ്കാളിത്തം, എസ്. എം. സി. സി. നാഷണൽ നേതൃനിരയുടെ സാന്നിദ്ധ്യം, പുതുപ്പള്ളി എം. എൽ. എ ചാണ്ടി ഉമ്മന്റെ ആശംസകൾ, വിവിധ മീഡിയാപ്രതിനിധികളുടെ തൽസമയ റിപ്പോർട്ടിങ്ങ്, കൃത്യമായ ടൈം മാനേജ്മെന്റ്, ആത്മീയാഘോഷങ്ങൾക്കൊപ്പം ആധുനികടെക്നോളജിയുടെ സഹായത്താൽ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ട കലാപരിപാടികൾ, ഈടുറ്റ ചർച്ചാസമ്മേളനങ്ങൾ, ന്യൂജേഴ്‌സി ലെജിസ്ലേറ്റീവ് മെംബർ സ്റ്റെർലി സ്റ്റാൻലി യുടെ സാന്നിദ്ധ്യത്തിൽ നടന്ന ബിസിനസ് സമ്മിറ്റ്, സ്വാദിഷ്ടമായ ഭക്ഷണം എന്നിവയാൽ സമ്പന്നമായസീറോമലബാർ നാഷണൽ കുടുംബസംഗമം ഞായറാഴ്ച്ച ഫിലാഡൽഫിയയിൽ സമാപിക്കുമ്പോൾ അതിന്റെ ബാക്കിപത്രമായി വിശ്വാസവളർച്ചയും, സൗഹൃദം പുതുക്കലും, പങ്കുവക്കലും, കുടുംബനവീകരണവും എടുത്തുപറയാം.

ചിക്കാഗൊ സെ. തോമസ് സീറോമലബാർ രൂപതയിലെ പ്രമുഖ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 27 മുതൽ 29 വരെ രൂപതയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ഫിലാഡൽഫിയയിൽ നടത്തപ്പെട്ട ത്രിദിന ഫാമിലി കോൺഫറൻസ് സമാപിച്ചപ്പോൾ പങ്കെടുത്തവർക്ക് പലതുകൊണ്ടും സമാശ്വസിക്കാനുണ്ട്.

മൂന്നുദിവസങ്ങളിലായി നടന്ന ആത്മീയ ശുശ്രൂഷകൾക്ക് ചിക്കാഗൊ സീറോമലബാർ രൂപതാ മെത്രാന്മാരായ മാർ ജോയ് ആലപ്പാട്ട്, എമരിത്തൂസ് ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്. ഫിലാഡൽഫിയ അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ എഫ്രേൺ എസ്‌മില്ല, ചിക്കാഗൊ രൂപതാ വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്. എം. സി. സി. നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ, രൂപതാ ചാൻസലറും, ഫിലാഡൽഫിയ ഇടവകവികാരിയുമായ റവ. ഡോ. ജോർജ് ദാനവേലിൽ, സഹവികാരി റവ. ഫാ. റിനേഴ്‌സ് കോയിക്കലോട്ട് എന്നിവർ കാർമ്മികത്വം വഹിച്ചു. സമീപ ഇടവകകളിലെ വൈദികർ, സി. എം. സി. സിസ്റ്റേഴ്‌സ് എന്നിവരുടെ സാന്നിധ്യവും ശുശ്രൂഷകളെ സമ്പുഷ്ടമാക്കി.

 

സീറോമലബാർ വിശ്വാസ പാരമ്പര്യങ്ങൾക്കനുസരിച്ചുള്ള ലിറ്റർജിക്കൽ ആഘോഷങ്ങളോടൊപ്പം, കണ്ണിനും, കാതിനും, മനസിനും ഒന്നുപോലെ കുളിർമ്മയേകിയ വിവിധരസക്കൂട്ടുകലാപരിപാടികളും ത്രിദിനകുടുംബ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിക്കുന്നു. വെള്ളിയാഴ്ച്ച വ്യത്യസ്ത രുചിഭേദത്തിന്റെ സ്വരരാഗസംഗീതമസാലക്കൂട്ടുകളുമായി പ്രശസ്തസംഗീത ബാൻഡായ ‘മസാലകോഫി’യുടെ അത്യുഗ്രപ്രകടനം, പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ; ഗായകരായ ബ്രിസ്റ്റോ സേവ്യർ, സുഷമ പ്രവീൺ എന്നിവർ നയിച്ച സായാഹ്ന്ന സംഗീതം, മാർഗംകളി, വില്ലുപാട്ട്, വിജ്ഞാനപ്രദമായ ചർച്ചാസമ്മേളനങ്ങൾ, വിവിധ സീറോമലബാർ ദേവാലയ ഗായകസംഘങ്ങൾ അവതരിപ്പിച്ച ക്വയർഫെസ്റ്റ്, കാണികളുടെ നിരന്തര കയ്യടി കരസ്ഥമാക്കിയ ഫൺ റാമ്പ് വാക്ക്, കുട്ടികളുടെ പ്രെയർ ഡാൻസ്, സീറോമലബാർ പയനിയേഴ്‌സിന്റെ മുതിർന്ന മക്കളുടെ ഡാൻസ്, മാതാ ഡാൻസ് അക്കാഡമി കുട്ടികളുടെ സംഘനൃത്തം, നസ്രാണിതനിമയിലുള്ള ഘോഷയാത്ര എന്നിവ കാണികളുടെ മനം കവരുന്നതായിരുന്നു.

ചിക്കാഗോ രൂപതാ മെത്രാന്മാനും, കൂരിയാ വൈദികരും കാർമ്മികരായ ഞായറാഴ്ച്ചയിലെ ആഘോഷമായ ദിവ്യബലിയെതുടർന്ന് വിവാഹജീവിതത്തിൻ്റെ 50 വർഷങ്ങൾ പിന്നിട്ട തോമസ് തോമസ് പാലത്ര/ ഡെയ്‌സി (സ്റ്റാറ്റൻ ഐലൻഡ്), സിൽവർ ജൂബിലി ആഘോഷിക്കുന്ന ബെന്നി അവനാപുരത്ത്/മിനിമോൾ (ലോങ്ങ് ഐലൻഡ്), ജയിംസ് കുരുവിള/റോസമ്മ (ഫിലാഡൽഫിയ), തോമസ് ചാക്കോ/ആഷ (ഫിലാഡൽഫിയ) ജൂബിലി ദമ്പതിമാരെ ബൊക്കെ നൽകി പിതാക്കന്മാർ ആശീർവദിച്ചനുഗ്രഹിച്ചത് അവരുടെ ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കാനുള്ളധന്യമുഹൂർത്തമായിരുന്നു.

‘ജൂബിലി മംഗളഗാനം പാടാം, എസ്. എം. സി. സി. യിൽ അണിചേരാം’ എന്നു തുടങ്ങുന്ന ശ്രുതിമധുരമായ അവതരണഗാനം സീറോമലബാർ കുടുംബസംഗമത്തിനു മിഴിവേകി. മൂന്നുദിവസങ്ങളിലായി കൃത്യമായ ക്വാളിറ്റി പ്രോഗ്രാമുകളുമായി സമയബന്ധിതമായി നടത്തപ്പെട്ട ഫാമിലി കോൺഫറൻസിൽ പങ്കെടുത്ത എല്ലാവരും ആതിഥേയരായ ഫിലാഡല്‌ഫിയാ ഇടവകയെ അഭിനന്ദനങ്ങൾ അറിയിച്ച് സന്തുഷ്ടരായി മടങ്ങി.

ഫോട്ടോ: ജോസ് തോമസ്

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments