സാക്ഷികൾ ആകാം? (അ.പ്ര. 1:1-11)
” എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ , നിങ്ങൾ ശക്തി ലഭിച്ചിട്ടു യരുശലേമിലും, യഹൂദ്യയിൽ എല്ലായിടത്തും, ശമര്യയിലും ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു” (വാം. 8).
നാം ധ്യാനിക്കുന്ന വേദഭാഗം, യേശു, തന്റെ ശിഷ്യർക്കു നൽകിയ മഹാനിയോഗം സംബന്ധിച്ചുള്ളതാണ്. യേശുവിന്റെ കൂടെ മൂന്നര വർഷം സഹവസിച്ചവരായി
രുന്നു ശിഷ്യർ. യേശുവിന്റെ സാക്ഷികളാകാനുള്ള ധാർമ്മീകാവശം അതവർക്കു നൽകി. യേശുവിന്റെ ക്രൂശീകരണം, സാക്ഷിക്കുവാനുള്ള സന്ദേശം അവർക്കു പ്രദാനം ചെയ്തു. യേശുവിന്റെ ഉയർത്തെഴുന്നേല്പ്, അവരുടെ സന്ദേശത്തെ മുദ്രയിട്ടുറപ്പിച്ചു. എന്നാൽ ഇതൊന്നും അവർക്കു സാക്ഷികളാകാനുള്ളശക്തി പകർന്നു നൽകിയില്ല! അതിനവർക്കു പരിശുദ്ധാത്മ നിറവ് ആവശ്യമായിരുന്നു.. അതിന്റെ യാഥാർത്ഥ്യവൽക്കരണമാണ്, അ.പ്ര. രണ്ടാം അദ്ധ്യായത്തിൽ നാം കാണുന്നത്.
പരിശുദ്ധാത്മാവിന്റെ ശക്തി, നമുക്കു നൽകപ്പെട്ടിരിക്കുന്ന ശക്തിയാണ്. നാം സ്വീകർത്താക്കൾ മാത്രം. അതു ശക്തി വെളിപ്പെടുത്തുന്ന അനുഭവം ആണ്. ശക്തി പ്രാപിക്കുന്നവർ പ്രവർത്തന നിരതർ ആകുകയാണ്. സാക്ഷി ആകുക എന്നതാണ്, അവരുടെ കർത്തവ്യം. കേവലം സാക്ഷി പറയാനല്ല ഈ ശക്തിനൽകപ്പെട്ടിരിക്കുന്നത്. മറിച്ച് സാക്ഷ്യമുള്ള ജീവിതം നയിക്കാനാണ്, ശക്തി നൽകപ്പെട്ടിരിക്കുന്നത്. അതു ചിലപ്പോഴെങ്കിലും സഹനത്തിലേക്കു നയിച്ചു എന്നു വരാം. ‘സാക്ഷിയാകുക’ എന്നതും, ‘രക്തസാക്ഷിയാകുക’ എന്നതും, മാർത്തൂറിയ എന്ന ഒരേ മൂലപദത്തിൽ നിന്നും രൂപപ്പെട്ട വാക്കുകളാണ് എന്നാണു പഠിതാക്കൾ പറയുന്നത്! സാക്ഷിയാകുകയെന്നാൽ, ജീവിക്കുക എന്നാണർത്ഥം.
യേശുവിനെ സാക്ഷിക്കുന്ന പ്രക്രീയ ഒരു ദിവസം കൊണ്ടോ, ഒരു വർഷം കൊണ്ടോ, കുറച്ചു വർഷങ്ങൾ കൊണ്ടോ അവസാനിക്കുന്ന കാര്യമല്ല. നമ്മുടെ ജീവിതാന്ത്യം വരെയോ, യേശുവിന്റെ വീണ്ടും വരവുവരെയോ, തുടരേണ്ട ചുമതലയാണത്! ശബ്ദം വയ്ക്കലും ബഹളം വയ്ക്കലും ഒന്നുമല്ല സാക്ഷ്യം. സ്നേഹാധിഷ്ഠിതവും, സഹനാ
ധിഷ്ഠിതവും, അപരോന്മുഖവും ആയി ജീവിക്കുക എന്നാണ് അതിനർത്ഥം. ക്രിസ്തീയ സാക്ഷ്യം, അതിന്റെ തനിമയിൽ നിർവ്വഹിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: സാക്ഷി പറയുന്നത് അവസാനിപ്പിച്ച്, നമുക്കു സാക്ഷികളാകാൻ
ആരംഭിക്കാം.