എല്ലാവർക്കും നമസ്കാരം
ഭക്ഷണത്തിൽ എത്രയൊക്കെ അനുകരണവും പുതുവിഭവങ്ങളുടെ തള്ളിക്കയറ്റവും ഒക്കെ ഉണ്ടായാലും പഴമ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. കൊഴുക്കട്ട ഒട്ടുമിക്കവർക്കും പരിചിത വിഭവമല്ലേ. ഞങ്ങൾ പാലക്കാട്ടുകാർ കൊഴുക്കട്ട ഉണ്ടാക്കുന്ന (പാലക്കാടുള്ളവർ എല്ലാം ഇങ്ങനെയാണോ ഉണ്ടാക്കുന്നത് എന്നറിയില്ല) രീതി പരിചയപ്പെടാം.
കൊഴുക്കട്ട
ആവശ്യമായ സാധനങ്ങൾ
പുഴുങ്ങലരി – 3 കപ്പ്
തേങ്ങ ചിരകിയത് – 3 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ഡെസെർട്ട് സ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉണക്കമുളക് – 4 എണ്ണം
കറിവേപ്പില – 1 തണ്ട്
പാകം ചെയ്യുന്ന വിധം
അരി കഴുകി എട്ടു മണിക്കൂർ/ഒരു രാത്രി കുതിർത്തു തരുതരുപ്പായി അരയ്ക്കുക.
വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു മുളക്, കറിവേപ്പില ചേർത്ത് മൂപ്പിച്ച് അരച്ചു വച്ചിരിക്കുന്ന അരി വെള്ളത്തോടെ ചേർത്ത് പാകത്തിന് ഉപ്പു ചേർത്തിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി മാവ് നല്ല കട്ടിയാവുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. ഇനി തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സ്റ്റൗവ് ഓഫ് ചെയ്യാം.
ഒരുവിധം ചൂടോടെ തന്നെ ഉരുട്ടി സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വച്ച് ആവിയിൽ വേവിക്കുക.
ചൂടോടെ ചട്നി കൂട്ടി കഴിക്കാം.