ഓരോവായനയും വ്യത്യസ്തമായ അനുഭവങ്ങളേകുന്ന യാത്രകളാണ്.
ആ യാത്രയിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ നമുക്കേറേ പരിചിതരായ നാട്ടുകാരായോ. അടുത്ത ബന്ധുക്കളായോ, കൂട്ടുകാരായോ അയൽക്കാരായോ തോന്നാം. ചിലപ്പോൾ നമ്മളെത്തന്നെയാണെന്ന് തോന്നാം.. അത്തരം ജീവിതഗന്ധിയായൊരു വായനയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ മഴ പിന്തുർന്നാലോ.. യാത്രയവസാനിച്ചതറിയാതെ, മഴയിൽനിന്ന് വേർപെടാനാവാത്തവിധം എന്തോഒന്ന് നമ്മളിലവശേഷിക്കും. ചിലപ്പോൾ ആ യാത്ര വീണ്ടെടുത്തുനൽകിയ അത്രമേൽ പ്രിയപ്പെട്ടതേതെങ്കിലുമാവാം. .സാഹിത്യമെന്നാൽ ലിഖിതസൃഷ്ടികളിലൂടെ വിനോദവും വിജ്ഞാനവും പകർന്നു നല്കാനും, അവയെ കാലത്തിന്റെ അടയാളമായി സംരക്ഷിക്കുവാനും മാത്രമുള്ളതല്ല. കാലം നഷ്ടമാക്കിയവയുടെ വീണ്ടെടുക്കൽ കൂടിയാണ്.പ്രശസ്തസാഹിത്യകാരനും സഹോദരതുല്യനായ സുഹൃത്തുമായ
ശ്രീ ജയപ്രകാശ് പാനൂരിന്റെ പതിനൊന്നാമത്തെ പുസ്തകമായ ‘മൗനംപോലും മധുരം”എന്ന പ്രണയനോവലിന്റെ വായന പ്രിയമുള്ള തേതോ ഒന്നിനെ വീണ്ടെടുത്തു നൽകുന്ന യാത്രയാണ് .
ശ്രീ ജയപ്രകാശ് പാനൂർ
🔹🔹🔹🔹🔹
കണ്ണൂർ, പാനൂർ സ്വദേശി.”
യുയുത്സു””കിഷ്കിന്ധയുടെ മൗനം”, “ചെന്നായ്ക്കളുടെ “മരണവാറന്റ്”,”
പൂർണ്ണമദം പൂർണ്ണമിതം”,” മായാഋതംബരം”ജ്വാലാമുഖികൾ, സൗഭദ്രം”,” -അജ്ഞാതരുടെ പേടകം “ചാവേർത്തം ” “രഹസ്യങ്ങളുടെ ബി നിലവറ”എന്നീ പുസ്തകങ്ങൾ മലയാളസാഹിത്യലോകത്തിന് അദ്ദേഹം സമ്മാനിച്ചു. 2020ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച യുയുത്സുവിനു മണിയൂർ ഇ ബാലൻ പുരസ്‌കാരം ലഭിച്ചു. ആകാശവാണി സംപ്രേഷണം ചെയ്ത “താമസോമ ജ്യോതിർഗമയ”എന്ന റേഡിയോ നാടകവും ഈ കണ്ണൂർസ്വദേശിയുടെ രചനയാണ്. ഇതിഹാസത്തെയും, ചരിത്രത്തെയും ഭാവനയിലൂടെ വികസിപ്പിച്ചെടുത്തു നോവലുകളാക്കിയ തൂലികയ്ക്ക്, ക്രൈം ഫിക്ഷൻ രചിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായുമൊരു പ്രണയനോവൽ മനോഹരമാക്കിത്തീർക്കുവാനും സാധിക്കുമെന്ന് ഈ നോവൽ തെളിയിക്കുന്നു. വായനക്കാരുടെ ചിന്തകളെ നട്ടുനനയ്ക്കാൻ പ്രപ്‌തിയുള്ളൊരു കഥാകാരന്റെ കയ്യൊപ്പു ചാർത്തിയ പുസ്തകമാണ് മൗനംപോലും മധുരം.
ഒരാളോടുള്ളയിഷ്‌ടം മനസ്സിൽ വെറുതെ വന്നുനിറയുന്നതല്ല. നോവലിൽ പറഞ്ഞിരിക്കുന്നത് പോലെ ‘ഓരോ ഇഷ്ടങ്ങൾക്കു പിന്നിലും ഓരോ കാരണങ്ങളുണ്ടാവും’. അതു തേടിയെത്തുകതന്നെ ചെയ്യും. എത്ര ജന്മങ്ങൾ കഴിഞ്ഞാലും. എത്ര അകലെയായാലും. പ്രിയവദയെയും ശിവപ്രസാദിനെയും പോലെ..
പ്രണയത്തിന് പ്രായമോ പദവികളോ തടസ്സമാവില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം അവർക്ക് മാത്രമേ അറിയാൻ കഴിയൂ. സദാചാരത്തിന്റെ മൂടുപടത്തിനുള്ളിൽ മനസൊളിപ്പിക്കുന്നവർക്ക് ഇതൊന്നും ദഹിക്കില്ലെങ്കിലും എതിരഭിപ്രായമുണ്ടാവാനിടയില്ല. കാരണം എത്ര പുരോഗമനവാദികളുടെ ഉള്ളിലും സ്നേഹലാളനകൾ കൊതിയ്ക്കുന്ന മറ്റൊരാൾ ജീവിക്കുന്നുണ്ടാവും. ഈ നോവൽ ബന്ധങ്ങളുടെ സ്വകാര്യതയിൽ നിന്നവഗണിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെതുമാണ്.
സമൂഹത്തിൽ മാത്രമല്ല, വീട്ടിനുള്ളിലും കിടപ്പറയിലും അവഗണിക്കപ്പെടുന്ന സ്ത്രീകളുണ്ട്. ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന വിലക്കുകളും, മറ്റുപലകാരണങ്ങളും അവളെ ജീവിതകാലമത്രയും നിശബ്ദയാക്കുന്നു. എപ്പോഴെങ്കിലും തുറന്നു പറയാൻ ശ്രമിക്കുന്നിടത്തു അവൾ മോശക്കാരിയാക്കപ്പെടുന്നു. വാക്ക്ശരങ്ങളുമായി അവളെ ആക്രമിക്കുന്ന സ്ത്രീകൾതന്നെയാകുമ്പോൾ സമൂഹത്തിലെ ഇരട്ടമുഖങ്ങളെ വ്യക്തമാവുന്നു.
സ്ത്രീഹൃദയത്തിന്റെ ലോലഭാവങ്ങളെ ആർദ്രമായി പകർന്നെഴുതിക്കൊണ്ട് വിമർശനങ്ങൾ നേരിട്ടേക്കാവുന്ന ഇത്തരമൊരു വിഷയമവതരിപ്പിച്ച കഥാകാരൻ പ്രത്യേക പ്രശംസയർഹിക്കുന്നു ഈ നോവലിലെ എഴുത്തുകാരിയായ പ്രിയംവദയിൽ പക്വമതിയായൊരു വീട്ടമ്മയെയും സ്നേഹമുള്ളോരമ്മയെയും ഉത്തരവാദിത്വമുള്ളൊരു തൊഴിലുടമയെയും വായിക്കാൻ സാധിക്കും. കിട്ടി വേഷങ്ങളൊക്കെയും മനോഹരമാക്കിയിട്ടും സ്നേഹം നിഷേധിക്കപ്പെട്ടവൾക്കുവേണ്ടി ശക്തമായി വാദിച്ച കഥാകാരന് എന്റെ ആത്മപ്രണാമം. പിന്നീട് കടന്നുവരുന്ന ജയയും സുമംഗലയും ആർദ്രത പേറുന്നവരായി വായക്കാരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നു. സമൂഹത്തിലെ വിവിധയിടങ്ങളിലെ സ്ത്രീകളുടെ മാനസിക വ്യാപാരങ്ങളെ അവതരിപ്പിക്കുന്ന ഈ നോവൽ ഒരു സ്ത്രീപക്ഷവായനയാണ്. രചയിതാവ് ഒരു പുരുഷനായതിനാൽ, സ്ത്രീകളുടെ വിഷയമാണ് എഴുതപ്പെട്ടതെങ്കിലും നിരൂപകവൃന്ദങ്ങൾ പെണ്ണെഴുത്ത് എന്ന് വിളിക്കില്ലെന്നുറപ്പാണ്. പ്രണയവും സൗഹൃദവും കുടുംബബന്ധവും ഒരേ നൂലിൽ ഹൃദ്യമായി കോർത്തെടുത്ത കഥാകാരന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.
നോവലിന്റെ അവസാനവരികളിലേക്കെത്തുമ്പോൾ മഴയേറ്റുവിടർന്ന പൂവുകളുതിർത്ത തേൻത്തുള്ളികളിലേക്ക് പ്രവേശിച്ചതുപോലെ.. ഹൃദ്യം. ആർക്കുമൊരു നഷ്ടമുണ്ടാക്കാതെ, ഒന്നിനെയും വിട്ടുകളയാതെ സ്വയം ഒരുകിത്തീരുന്ന മനസ്സുകളുടെ കാത്തിരിപ്പാണ് പ്രണയം..ഗംഗയും പരമശിവനും പോലെ.. ശരീരം കൊണ്ടല്ലാതെ മനസുകൊണ്ടൊന്നായവരെ മരണംപോലും വേർപിരിക്കില്ല.എങ്കിലും കാത്തിരിക്കേണ്ടതുണ്ട്.. ജന്മങ്ങളോളം. പാർവ്വതിയെപ്പോലെ. ഒരാൾ അകലേയ്ക്ക് പോയാൽ പൂർണമായും വേർപിരിയുന്നതല്ല പ്രണയം രാധയെയും കൃഷ്ണനെയും പോലെ. ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ലോകത്തിലുണ്ടാവുകയുമില്ല. അങ്ങനെയെങ്കിൽ മൗനംപോലും പ്രണയം എന്ന നോവൽ, ലോകത്തിലെ ഏല്ലാവരുടെതുമാകുന്നു..
നല്ല അവലോകനം
പുസ്തകം വായിക്കാൻ തോന്നിപ്പിക്കുന്ന നിരൂപേണം