Logo Below Image
Saturday, March 15, 2025
Logo Below Image
Homeഅമേരിക്കപത്മരാജൻ- കഥകളുടെ ഗന്ധർവ്വൻ (ലേഖനം) 🖊ജയകുമാരി കൊല്ലം

പത്മരാജൻ- കഥകളുടെ ഗന്ധർവ്വൻ (ലേഖനം) 🖊ജയകുമാരി കൊല്ലം

ജയകുമാരി കൊല്ലം

ഒരിക്കൽ പ്രകൃതിയും കാലവും പ്രണയിച്ചിരുന്നു. പ്രകൃതിയുമായി സമ്മേളിക്കാൻ കാലം കൃത്യമായിയെത്തുമായിരുന്നു. ഋതുക്കളാറിലുമായി. കാലമണിയുന്ന ഏറ്റവും തീവ്രമായ ഋതുഭാവമായ മഴ കാലത്തിന്റെ പ്രണയമാണത്രേ… മഴയാൽ മനോഹരമായ ഒരു ദിവസമാണ്‌ ഒരു ഗന്ധർവ്വൻ ഭൂമിയിൽ പിറന്നത് . കഥകളുടെ മായികലോകം മനുഷ്യർക്ക് തുറന്നുകൊടുക്കാനെത്തിയ ഗന്ധർവ്വൻ. പി പത്മരാജൻ എന്ന ഗന്ധർവ്വൻ.

“അപ്പോൾ മഴ കനത്തിരുന്നു.സന്ധ്യയ്ക്കു ചാറിയമഴ, ഉറങ്ങാൻ കിടക്കുമ്പോൾ തിടം വച്ചുകൊണ്ടിരുന്ന മഴ, ഉറക്കത്തിനിടയിൽ ഒരു താരാട്ടിന്റെ ദൈന്യപാദംപോലെ സുഖം പകർന്നിരുന്ന മഴ, അപ്പോൾ അലറുകയാണ്”
മഴയുടെ വിവിധഭാവങ്ങളെ പത്മരാജൻ ഇങ്ങനെവിവരിക്കുമ്പോൾ മഴയ്ക്ക് ഒരേസമയം മണ്ണിലെന്നപോലെ വിവിധഭാവങ്ങളിഞ്ഞു മനസുകളിലും പതിക്കുവാൻ സാധിക്കുമെന്ന് പറയുന്നു.
മഴയെ പ്രണയമായി ആവിഷ്‌കരിക്കുമ്പോൾ, പ്രണയമഴയിൽ നമ്മെ ആവോളം നനയിക്കുക മാത്രമാത്രമല്ല ആനന്ദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു

“ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറയുന്നത്തിനെക്കാളേറേ എനിക്കിഷ്ടം, ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയുവാനാണ്. വർഷങ്ങൾക്കപ്പുറം നീയിതു കേൾക്കുമ്പോൾ എന്റെ പ്രണയത്തെയോർത്തു നീ പുഞ്ചിരിയ്ക്കും.”

പ്രണയത്തെ പത്മരാജൻ ഇങ്ങനെ അടയാളപ്പെടുത്തുമ്പോൾ മനുഷ്യമനസിലെ മറ്റൊരാൾക്ക് മനസിലാക്കാൻ സാധിക്കാത്ത, ബോധ്യപ്പെടുത്തികൊടുക്കാൻ സാധിക്കാത്ത പ്രണയതീവ്രതയെ നമുക്ക് കാട്ടിത്തരുന്നു. പ്രണയം ലോലമെങ്കിലും അതിനു ഒരേസമയം വൈകാരികമായ വിവിധഭാവങ്ങളുണ്ടെന്ന് മണ്ണാന്തൊടി ജയകൃഷ്ണൻ പറയുമ്പോൾ തെല്ലൊന്നസ്വസ്ഥമാകുമെങ്കിലും ആ കഥാപാത്രം നൽകി മനോഹരമുഹൂർത്തങ്ങൾ മലയാളി മറക്കില്ല

അദ്ദേഹത്തിന്റെ രചനകളിലെ കഥാപാത്രങ്ങളെ പരിശോധിച്ചാൽ ഉറച്ചനിലപാടുകളുള്ളവരെ മനസിലാക്കുവാൻ സാധിക്കുന്നു. കാമുകിയുടെ ശരീരമല്ല മനസാണ് പരിശുദ്ധമായിരിക്കേണ്ടതെന്ന് പറഞ്ഞ സോളമൻ, നിലപാടുകളുള്ള പത്മരാജൻകഥാപാത്രങ്ങളുടെ മകൂടോദാഹരണമാണ്‌.മലയാളസിനിമ യുവജനങ്ങളെ സ്വാധീനിച്ചിരുന്ന ആ കാലത്ത് അവർക്കുള്ള ഒരു സന്ദേശം നൽകിയ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമ പരിശുദ്ധയായ നായിക എന്ന മലയാളസിനിമാസങ്കല്പത്തെ പൊളിച്ചെഴുതി.ഒരു പക്ഷെ സിനിമയുടെ പാതയിലൂടെ സഞ്ചാരിച്ചില്ലായിരുന്നുവെങ്കിൽ ലോകസാഹിത്യത്തിൽ മലയാളത്തിനെ അടയാളപ്പെടുത്തുന്നത് പി പത്മരാജൻ എന്ന പേരിലായിരുന്നു. അദ്ദേഹം മലയാളത്തിന് സമ്മാനിച്ച കഥകളിലും നോവലുകളിലും സിനിമകളിലുമൊക്കെ പരിചയപ്പെടുന്ന കഥാപാത്രങ്ങളുടെ വൈകാരികത അപ്പാടെ ആസ്വാധകരുടെ നെഞ്ചിലേക്ക് ജലജ്വാലയായി പെയ്യിച്ചു.പ്രണയം വേണ്ടെന്ന് വച്ചവരെയും പ്രണയം നഷ്ടപ്പെട്ടവരെയും, നഷ്ടപ്പെടുത്തിയവരെയും, പൊറുക്കാനും, മറക്കാനും ക്ഷമിക്കാനും പഠിപ്പിച്ചതും അദ്ദേഹമല്ലാതെ മാറ്റാരാണ്

മലയാളമുള്ളിടത്തോളം നിലനിൽക്കുന്ന കഥകൾ സമ്മാനിച്ച ഗന്ധർവ്വന് സ്വന്തം സിനിമയുടെ വാചകങ്ങൾ അറംപറ്റിയോ…

നിശാസഞ്ചാരിയായി അടിമയ്ക്ക് മാത്രം ദൃശ്യനായി അന്തരീക്ഷത്തിൽ തെന്നിനടക്കേണ്ട ഗന്ധർവ്വൻ സൂര്യസാന്നിധ്യമുള്ള ഭൂമിയിലേക്കിറങ്ങി വന്നത് തെറ്റ്. മറ്റു സാധാരണ മനുഷ്യർക്ക് കൂടി ദൃശ്യനാകാൻ ശ്രമിച്ചത് തെറ്റ്. അവരുടെ കർണ്ണങ്ങൾക്ക് അമൃതാകാൻ തീരുമാനിച്ചത് തെറ്റ്..

പ്രിയപ്പെട്ട ഗന്ധർവ്വാ.. അങ്ങയുടെ മേൽ ആ സിനിമയിലെ ഈ വാക്കുകൾ ശാപമായി പതിച്ചുവോ…

രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീഴുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചു വരാത്ത യാത്ര. ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല…

അതേ… ഗന്ധർവ്വൻ യാത്രയായി.1991ജനുവരി 24നു രാത്രിയിൽ. റീ മേക്കിന് സാധ്യതയില്ലാത്ത വിധത്തിൽ നൊമ്പരം അവശേഷിച്ചുകൊണ്ട് അഭ്രപാളികളിൽ തന്നെ അലിഞ്ഞുതീരുവാൻ തയ്യാറാക്കിയ അങ്ങയുടെ സിനിമകൾ പോലെ അങ്ങ് യാത്രയായി. ഒരിക്കലും തിരിച്ചു വരാതെ…

ചിലർ അങ്ങനെയാണ്…. പ്രണയത്തിന്റെ മഞ്ഞിലൂടെ നമ്മുടെ കൈപിടിച്ചു കൊണ്ടു വിരഹത്തിന്റെ തീചൂളയിലേക്ക് തള്ളി വീഴ്ത്തി, ഒരു യാത്ര പോലും പറയാതെ.. മറഞ്ഞു പോകുന്നു.. നമ്മൾ ആ.. ഗന്ധർവ്വന്റെ പ്രണയിത്തിലാണ്ട്, ഏഴുജന്മങ്ങൾ ഭൂമിയിൽ, നീറി.. നീറി കഴിയും… ജീവിച്ചു കൊതിതീരാതെ മടങ്ങിപ്പോകാൻ നിർബന്ധിതനായ ഗന്ധർവ്വൻ മനുഷ്യനായി ജന്മമെടുത്തു.. നമ്മെ.. തേടിയെത്തുന്നതും കാത്തു…

🌷ഓർമ്മകൾക്കു പ്രണാമം 🌷

✒️ജയകുമാരി കൊല്ലം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments