ഇത് രാഘവേട്ടൻ്റെ കഥയാണ്. ജീവിതത്തിൽ പ്രണയം മുഴുവൻ ആസ്വദിക്കാനാകാതെ പാതിവഴിയിൽ തകർന്നു പോയ ഒരു പാവം മനുഷ്യൻ്റെ കഥ. അത് എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയില്ല. എന്നാൽ പറയാതിരിക്കുന്നതെങ്ങനെ എന്നോർത്ത് അല്പം നാടകീയത കലർത്തി ഞാൻ ഇവിടെ പറയാൻ ശ്രമിക്കാം..
ആ രാത്രി മുഴുവൻ മഴപെയ്തു കൊണ്ടിരിക്കുകയായിരുന്നു. വേനൽക്കാലത്തിന്റെ ഉഷ്ണം തണുപ്പിച്ച ആ മഴയുള്ള രാത്രിയിൽ, വീട്ടുമുറ്റത്തെ കുളിർമഴയിലെന്തോ വ്യത്യസ്തമായ ഒരു ശാന്തതയുണ്ടായിരുന്നു. പക്ഷേ, ആ ശാന്തതയെക്കാളും കനത്തതായിരുന്നു രാഘവേട്ടന്റെ ഉള്ളിലെ മൗനം.
അയാൾ ചുവരിലേക്ക് നോക്കിക്കൊണ്ടായിരുന്നു ഇരുന്നിരുന്നത്, മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പ്രിയതമ ലീലയുടെ ഫോട്ടോയിൽ കണ്ണും നട്ട്. അയാളുടെ കവിളുകളിലൂടെ കണ്ണുനീർ പ്രവഹിച്ചു കൊണ്ടിരുന്നു. നേർത്ത ശ്വാസോച്ഛാസത്താൽ ഉയർന്നുതാഴുന്ന നെഞ്ചിൻകൂട് മാത്രമായിരുന്നു ആ ശരീരത്തിൽ ആകെ അവശേഷിച്ച ചലനം.
കാലം പിന്നേയും പിറകിലേക്ക് പോകുമ്പോൾ –
ഒരു കാലത്ത് രാഘവൻ ജീവിച്ചിരുന്നത് ലീലയുടെ ചിരിയിലായിരുന്നു. അത്ര വശ്യമായിരുന്നു ലീലയുടെ കുസൃതി നിറഞ്ഞ സുന്ദരമായ ചിരി. മറ്റാരിലും കാണാത്ത ആ ചിരിയിൽ മയങ്ങിയാണ് രാഘവേട്ടൻ ലീലയെ വിവാഹം കഴിച്ചതെന്നു പോലും നാട്ടുകാർ പറഞ്ഞിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അത് സത്യവുമായിരുന്നു.
മറ്റൊന്നു ലീലയുടെ മാധുര്യമേറിയ ഗാനാലാപനമാണ്. വീടിന്റെ മൂലയിലിരുന്ന് അവളൊരു പഴയ മലയാളം പാട്ട് മൂളുമ്പോൾ പോലും രാഘവേട്ടൻ അകത്തു നിന്ന് ചെകിടോർത്ത് അത് ആസ്വദിക്കുമായിരുന്നു. “ലീലേ, നിന്റെ പാട്ട് കേട്ടാൽ മനസ്സ് നിറയുന്നു!” എന്ന് ഇടയ്ക്കിടെ രാഘവേട്ടൻ പറയുമായിരുന്നു, അതു കേൾക്കുമ്പോൾ ലീല ചിരി തുടങ്ങും. അഴകാർന്ന ലീലയുടെ ചിരി അവളുടെ മുഖത്തു നിന്ന് മായുന്നതനുസരിച്ച് അയാളുടെ മുഖം വാടാൻ തുടങ്ങും. അപ്പോൾ അവൾ കൊച്ചു കള്ളൻ എന്നു പറഞ്ഞ് രാഘവേട്ടൻ്റെ ചെവികളിൽ പിടുത്തമിടും.
കാലം പിന്നെയും കടന്നുപോയി.…ജീവിതം മുന്നോട്ടു നീങ്ങി, പലതരം വേദനകളും, രോഗങ്ങളും ലീലയെ കീഴടക്കി. എന്നാൽ തളർച്ച അറിയിക്കാതെ അവൾ അയാളെ ഏറെയേറെ പ്രണയിച്ചു കൊണ്ടിരുന്നു.
“ഇന്നലത്തെ പോലെ തന്നെയുള്ള ജീവിതം തന്നെ ആയിരിക്കും നാളെയും!”
എന്ന ലീലയുടെ വാക്കുകൾ രാഘവേട്ടൻ അന്ധമായി വിശ്വസിച്ചു. അവളുടെ ആ വാക്കുകൾ അയാളിൽ നിറച്ച ശാന്തി കുറച്ചൊന്നുമായിരുന്നില്ല. അസുഖം മൂർദ്ധന്യത്തിലെത്തിയപ്പോഴും അത് പുറത്തു കാണിക്കാതെ, തൻ്റെ ക്ഷീണം സാരമാക്കാതെ അവൾ അയാൾക്കു വേണ്ടി പാട്ടുകൾ പാടി, ഇടവിടാതെ ചിരിച്ചു. അസുഖത്താൽ അവളുടെ ശരീരം ശോഷിച്ചപ്പോൾ പോലും പ്രണയാന്ധത ബാധിച്ച രാഘവേട്ടൻ്റെ കണ്ണുകൾക്ക് അത് തിരിച്ചറിയാനായില്ല. അയാൾ അത് സ്ത്രീകളിൽ ഉണ്ടായേക്കാവുന്ന സ്വാഭാവികമായ മാസിക തളർച്ചയായി മാത്രമേ കരുതിയുള്ളൂ.
പക്ഷേ, ഒരു രാത്രി… അന്ന് ഒരു മഴ ദിവസമായിരുന്നു. ഇടതോരാതെ മഴപെയ്ത ആ രാത്രിയിൽ, ലീല രാഘവേട്ടൻ്റെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. അത് അവളുടെ അവസാനത്തെ ഉറക്കമായിരുന്നെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. എന്നാൽ അതിനു ശേഷം അവൾ വീണ്ടും കണ്ണുതുറന്നില്ല.
അതോടെ രാഘവേട്ടന്റെ ശബ്ദവും നിലച്ചു. അന്നു മുതൽ അയാൾ ഒരിക്കലും ആരുമായും നേരത്തെ പോലെ സംസാരിച്ചില്ല, ചിരിച്ചില്ല ഉറ്റവരെപ്പോലും തിരിച്ചറിയാത്ത പോലെയായി. ഉറ്റവർ ആദ്യം അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ചിലർ പറഞ്ഞു: “എല്ലാം ശരിയാകും, ഇങ്ങനെ തളർന്നിരുന്നാലെങ്ങനെയാ… ജീവിതം ഒന്നല്ലേയുള്ളൂ രാഘവേട്ടാ… അത് ജീവിച്ചു തന്നെ തീർക്കേണ്ടതല്ലേ” എന്നെല്ലാം.
പക്ഷേ, മൗനം മാത്രം അയാളുടെ അകത്തേക്ക് വേരുകൾ ഉറപ്പിച്ചു കൊണ്ടിരുന്നു.
രാത്രി മഴപെയ്യുമ്പോൾ, അയാൾ തിരിഞ്ഞുനോക്കും. ശൂന്യമായ കട്ടിലിനരികെ, ആ പഴയ ചിരി വീണ്ടും ഒരിക്കൽ കേൾക്കാമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അയാളിരിക്കും.
പക്ഷേ, മൗനമേ അയാളോടൊപ്പമുണ്ടാവൂ.
ആ മൗനം ആരെങ്കിലും മനസ്സിലാക്കുമോ? പ്രകൃതിയെങ്കിലും അത് മനസ്സിലാക്കി രാഘവേട്ടന് നിത്യശാന്തി നൽകുമോ… ? നമുക്ക് കാത്തിരിക്കാം നല്ലതിനായി .. നല്ല നാളേക്കായി..
ഹൃദയസ്പർശിയായ കഥ
അഭിനന്ദനങ്ങൾ സുദർശൻ സാറേ

രാഘവെട്ടൻ്റെ കഥ ഇഷ്ടായി.
രാഘവെട്ടൻമാർ ഇന്നത്തെ കാലത്ത് പൊടിയിട്ടു നോക്കിയാലും കാണില്ല
നല്ല കഥ
നല്ല കഥ
വളരെ നന്നായി പ്രസിദ്ധീകരിച്ചതിന് editorial board ന് പ്രത്യേകം നന്ദി..
Heartfelt thanks to editorial board for the nice print.