Friday, July 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* സമാധാന ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ഇസ്രയേൽ തെക്കൻ ഗാസയിലെ റഫയിൽ പ്രധാന പാർപ്പിട സമുച്ചയം ബോംബിട്ടു തകർത്തു. താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകിയ ശേഷമുള്ള ആക്രമണമായിരുന്നതിനാൽ ആർക്കും അപകടമില്ല. എന്നാൽ, ഈജിപ്ത് അതിർത്തിയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഈ 12 നില കെട്ടിടം വാസയോഗ്യമല്ലാതായി. കരയാക്രമണത്തിന്റെ മുന്നോടിയായി ഈ ആക്രമണത്തെ കാണുന്നതിനാൽ റഫയിൽ അഭയം തേടിയിട്ടുള്ള 15 ലക്ഷത്തോളം പലസ്തീൻകാർ ഭീതിയിലാണ്. കയ്റോ ചർച്ച പൊളിഞ്ഞതോടെ റമസാൻ നോമ്പ് ആരംഭിക്കുന്നതിന് മുൻപ് വെടിനിർത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച് ധാരണയാകുമെന്ന പ്രതീക്ഷകളെല്ലാം മങ്ങിയിരുന്നു. കഴിഞ്ഞദിവസം വിമാനത്തിൽ നിന്നിട്ട ഭക്ഷണപാക്കറ്റുകൾ വീണ് ഗാസയിൽ 5 പേർ മരിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതു ശരിയല്ലെന്ന് യുഎസ് സേന അറിയിച്ചു. റിപ്പോർട്ടിൽ പറയുന്ന സ്ഥലത്തു ഭക്ഷണപാക്കറ്റുകൾ ഇടുന്നതിനും 5 മിനിറ്റ് മുൻപേ തന്നെ ഈ വാർത്ത പ്രചരിച്ചിരുന്നെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

* മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥിക്യാംപിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെതന്നെ ദേയർ അൽ ബലാഹിൽ ഇസ്രയേൽ മിസൈലേറ്റ് ഒരു വീട്ടിലെ 9 പേരും ബുധനാഴ്ച വൈകിട്ട് ഗാസ സിറ്റിയിൽ ഭക്ഷണത്തിനു കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവയ്പിൽ 6 പേരും കൊല്ലപ്പെട്ടു. 83 പേർക്കു പരുക്കേറ്റു. റഫയിലെ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഭക്ഷണവിതരണകേന്ദ്രത്തിലും ഇസ്രയേൽ ബോംബിട്ടു: 5 പേർ കൊല്ലപ്പെട്ടു. യുദ്ധം ആറാം മാസത്തിലെത്തി നിൽക്കവേ, യുഎൻ കണക്കുപ്രകാരം ഗാസയിലെ 5.67 ലക്ഷം ജനങ്ങൾ പട്ടിണിയിലാണ്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 31,341 പലസ്തീൻകാർ കൊല്ലപ്പെട്ടു. ദുരിതപൂർണമായ സാഹചര്യത്തിലാണ് ഗാസയിലെ റമസാൻ വ്രതാനുഷ്ഠാനം. ലക്ഷക്കണക്കിനു പലസ്തീൻകാർ അഭയാർഥി കൂടാരങ്ങളിൽ കഴിയുന്ന റഫായിൽ സമൂഹഅടുക്കളകളിൽ കുഞ്ഞുങ്ങൾ അടക്കം പ്ലാസ്റ്റിക് പാത്രങ്ങളുമായി ഭക്ഷണത്തിനു കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹമാസ് തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് ഇസ്രയേൽ ഭക്ഷണവണ്ടികളെ വിലക്കിയത്. ആരോപണം ഹമാസ് നിഷേധിച്ചു.

* ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള യുഎസ് ശ്രമത്തിന്റെ ഭാഗമായി ഗാസയിൽ താൽക്കാലിക തുറമുഖം നിർമിക്കാൻ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ദിവസം രണ്ടുനേരം ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. ശനിയാഴ്ച അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുമായി ആദ്യ കപ്പൽ ഗാസ മുനമ്പിലെത്തി. സ്പാനിഷ് സന്നദ്ധസംഘടനയായ ഓപ്പൺ ആംസിന്റെ കപ്പൽ 200 ടൺ ഭക്ഷണവുമായി സൈപ്രസിൽനിന്നാണ് പുറപ്പെട്ടത്. ഗാസാതീരത്തു നിർമിച്ച താൽക്കാലിക ജെട്ടിയിൽ നങ്കൂരമിട്ടു. യുഎഇയുടെ ധനസഹായത്തോടെ യുഎസ് സന്നദ്ധസംഘടനയായ വേൾഡ് സെൻട്രൽ കിച്ചനാണു ഭക്ഷ്യവസ്തുക്കൾ നൽകുന്നത്.
ഇതേസമയം ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും സമാധാനചർച്ചയ്ക്കു ഖത്തറിലേക്കു പ്രതിനിധിയെ അയയ്ക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. 12 ലക്ഷം പലസ്തീൻകാർ തിങ്ങിനിറഞ്ഞ തെക്കൻ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഇസ്രയേലിൽ ഉടൻ തിരഞ്ഞെടുപ്പു നടത്തണമെന്ന് യുഎസ് സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ചക് ഷൂമർ ആവശ്യപ്പെട്ടു. ഇസ്രയേലിലെ തീവ്രവാദ സർക്കാരും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമാണു മേഖലയിലെ സമാധാനത്തിനു തടസ്സമെന്നും അദ്ദേഹം തുറന്നടിച്ചു. യുഎസ് സർക്കാരിലെ ഏറ്റവും ഉന്നതനായ ജൂത ജനപ്രതിനിധിയാണു ഷൂമർ. ഗാസ വിഷയത്തിൽ ബൈഡൻ ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ഭിന്നത മറനീക്കിയതാണിതെന്നും റിപ്പോർട്ടുണ്ട്. അതേസമയം പലസ്തീൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് മുസ്തഫയെ(69) പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിയമിച്ചു. വെസ്റ്റ്ബാങ്കിലാണ് പലസ്തീൻ അതോറിറ്റി ഭരിക്കുന്നത്. യുഎസിൽ വിദ്യാഭ്യാസം നേടിയിട്ടുള്ള മുഹമ്മദ് മുസ്തഫ ലോകബാങ്കിൽ ജോലി ചെയ്തിട്ടുണ്ട്. മഹ്മൂദ് അബ്ബാസിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം പലസ്തീൻ അതോറിറ്റിയിൽ ഉപപ്രധാനമന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചിരുന്നു.

* വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആധിത്യ സങ്കല്പത്തിന്റെ വർണക്കഴ്ചയായി മുംബൈയിൽ 71-ാം ലോക സുന്ദരി മത്സരം അരങ്ങേറി. രാത്രി നടന്ന മത്സരത്തിൽ മിസ്സ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക കിരീടം ചൂടി. മിസ്സ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്. കോവിഡിനെ തുടർന്നുള്ള അനുശ്ചിതത്വത്താൽ, രണ്ടുവർഷമായി മിസ് വേൾഡായി തുടരുന്ന കരോലിന ബിലാസ്‌കയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത്. അവസാന എട്ടുപേരിൽ ഉൾപ്പെട്ട മിസ്സ് ഇന്ത്യ സിനി ഷെട്ടിക്ക് ഫൈനലിൽ കയറാനായില്ല. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലെ വേദിയിൽ വച്ചാണ് മത്സരം നടന്നത്. 27 വർഷത്തിനുശേഷമാണ് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. 1996 ലാണ് അവസാനമായി ഇന്ത്യയിൽ വെച്ച് മത്സരം നടന്നിട്ടുള്ളത്. അത്തവണത്തെ ലോക സുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു.

* ലോകം കാത്തിരുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഡോൽബി തിയേറ്ററിൽ വച്ചാണ് പുരസ്കാര വിതരണം നടന്നത്. ജിമ്മി കമ്മൽ തന്നെയാണ് ഈ വർഷവും അവതാരകനായത്. തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം അവതാരകനാവുന്നത്.
ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ ചുവന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്. അതേ സമയം മികച്ച വസ്ത്രാലങ്കരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന്‍ ജോണ്‍ സീന എത്തിയത് പൂര്‍ണ്ണനഗ്നനായിട്ടായിരുന്നു.

* ശാസ്ത്രവും സർഗാത്മകതയും ഒന്നിക്കുന്ന യൂറോപ്പ ക്ലിപ്പർ വിക്ഷേപണത്തിന് തയ്യാറെടുത്ത് നാസ. വ്യാഴത്തിന് ഉപഗ്രഹമായ യൂറോപ്പയെ കുറിച്ചുള്ള പര്യവേക്ഷണത്തിനായി ഒക്ടോബറിൽ വിക്ഷേപിക്കുന്ന നാസയുടെ യൂറോപ്പ ക്ലിപ്പർ ബഹിരാകാശ പേടകത്തിൽ ഒരു പ്രതീകാത്മക സന്ദേശഫലകവും ഇടംപിടിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളടക്കം നാസ പുറത്തുവിട്ടു. അമേരിക്കൻ കവി അഡാ ലിമോൺ രചിച്ച ‘ഇൻ പ്രൈസ് ഓഫ് മിസ്റ്ററി: എ പോം ഫോർ യൂറോപ്പ’ എന്ന കവിതയുടെ കയ്യെഴുത്തുപ്രതിയുടെ കൊത്തുപണിയാണ് ഫലകത്തിൽ ആലേഖനം ചെയ്തിട്ടുള്ളത്. പ്ലേറ്റിലുള്ള സിലിക്കോൺ മൈക്രോ ചിപ്പിൽ 26 ലക്ഷം ആളുകളുടെ പേരും ഉൾക്കൊള്ളുന്നുണ്ട്. ഫലകത്തിന്റെ പുറത്തേക്ക് അഭിമുഖീകരിക്കുന്ന വശത്തായി, 103 ഭാഷകളിൽ ജലം എന്ന വാക്കിനെ പ്രതിനിധീകരിക്കുന്ന തരംഗരൂപങ്ങൾ ഉൾപ്പെടെ യൂറോപ്പയും ഭൂമിയും തമ്മിലുള്ള ബന്ധം പ്രതിനിധീകരിക്കുന്ന സൃഷ്ടികൾ കാണാം. അകത്തേക്ക് അഭിമുഖീകരിക്കുന്ന വശത്ത് ജ്യോതിശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കിന്റെ ഡ്രേക്ക് ഇക്വേഷനും ആലേഖനം ചെയ്തിട്ടുണ്ട്. യൂറോപ്പ ദൗത്യത്തിന്റെ ആദ്യകാല വക്താവും പ്ലാനറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായ റോൺ ഗ്രീൻലിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. യൂറോപ്പയിലെ ഉപരിതലത്തിലെ മഞ്ഞുപാളികളുടെ കനം, അതിനടിയിലായുള്ള ഭൂഗർഭ സമുദ്രത്തിന്റെ സാധ്യതകൾ, അതിന്റെ ഘടന തുടങ്ങിയവയാണ് യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

* നൈജീരിയയിൽ ഭീകരർ 300 ലധികം കുട്ടികളെ തട്ടിക്കൊണ്ടുപ്പോയി. വടക്കൻ നൈജീരിയയിലെ കഡൂന ജില്ലയിലെ കുരുഗയിൽനിന്നാണ് മൂന്ന് തവണയായി 12 വയസ്സിൽ താഴെയുള്ള കുട്ടികളെ തട്ടിയെടുത്തത്. പോലീസും സൈന്യവും സമീപത്തെ കാടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2021 ജൂലൈയിൽ തട്ടിക്കൊണ്ടുപോയ 150 ഓളം കുട്ടികളെ രക്ഷിതാക്കൾ പണം നൽകി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഉപയോഗിക്കാറുണ്ട്.

* ഹമ്മാസ് നേതാക്കളിൽ രണ്ടാമനായ മർവൻ ഈസ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. കഴിഞ്ഞദിവസം വടക്കൻ ഗാസയിലെ അൽ നസേറത്ത് ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡറായ ഈസ കൊല്ലപ്പെട്ടതെന്ന് വിവരം. അതേസമയം ഇസ്രായേൽ സൈന്യമോ ഹമാസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈസ കൊല്ലപ്പെട്ടത് സമാധാനചർച്ചകൾക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. അതേസമയം യുദ്ധത്തിന്റെ നിഴലിലും പാലസ്തീനികൾ റമസാൻ വ്രതാചരണം ആരംഭിച്ചു. റമസാൻ മാസത്തിൽ ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചിട്ടില്ല. വ്രതാചരണം തുടങ്ങി ആദ്യദിനത്തിൽ ഖാൻ യൂനീസിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ പ്രശസ്ത ഫുട്ബോൾ താരം മുഹമ്മദ് ബാരക്കാട്ട് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിലാണ് ബോംബ് വീണത്. പാലസ്തീന് വേണ്ടിയും നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള ബാരക്കാട്ട് ‘ഖാൻ യൂനീസിലെ ഇതിഹാസം’ എന്നാണ് അറിയപ്പെടുന്നത്.

* പാക്കിസ്ഥാനിൽ പുതുചരിത്രമെഴുതി പ്രഥമവനിതയെന്ന ബഹുമതി ഇളയ മകൾ അസീഫ ഭൂട്ടോയ്ക്ക് നൽകാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തീരുമാനിച്ചു. പ്രസിഡന്റിന്റെ ഭാര്യയാണ് സാധാരണ പ്രഥമ വനിതയാകുന്നതെങ്കിലും ആസിഫ് അലി സർദാരിയുടെ ഭാര്യ ബേനസീർ ഭൂട്ടോ 2007ൽ വധിക്കപ്പെട്ട സാഹചര്യത്തിൽ മകളെ ആ പദവിയിലേക്ക് നിയോഗിക്കുകയായിരുന്നു.

* യുക്രയിനിൽ ആണവയുദ്ധത്തിന് റഷ്യ തയ്യാറാണെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ്‌ വ്ലാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയിനിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു. നിലവിൽ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക കാഴ്ചപ്പാടിൽ ഞങ്ങൾ ആണവയുദ്ധത്തിന് തയ്യാറാണ്- ടിവി ചാനലിൽ നടത്തിയ അഭിമുഖത്തിൽ പുട്ടിൻ പറഞ്ഞു.

* മാലദ്വീപിലെ എ എൽ എച്ച് ഹെലികോപ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരെ ഔദ്യോഗികമായി പിൻവലിക്കണമെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ ആവശ്യപ്രകാരം അവിടെനിന്ന് ഇന്ത്യൻ സംഘത്തെ മാറ്റി. പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments