Thursday, December 26, 2024
Homeഅമേരിക്കകൊടി പോയ കൊടിക്കുന്നിൽ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

കൊടി പോയ കൊടിക്കുന്നിൽ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ലോക്സഭയിലേയ്ക്കു താൻ എത്ര തവണ തെരെഞ്ഞെടുക്കപ്പെട്ടു എന്ന് കൊടിക്കുന്നിൽ സുരേഷിന് പോലും നിശ്ചയം ഉണ്ടാവില്ല.

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിൽ കേരളത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കാതെ നേരിട്ട് ദേശീയ നേതൃത്വത്തിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഉയർന്ന ചുരുക്കം നേതാക്കളിൽ ഒരാളാണ് കൊടിക്കുന്നിൽ.

സംവരണ സീറ്റായ അടൂർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് എം പി കെ കുഞ്ഞമ്പു രോഗബാധിതൻ ആയപ്പോൾ 1989 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുവാൻ നറുക്ക് വീണത് എ കെ ആന്റണിയുടെ അനുയായി ആയിരുന്ന യുവ പോരാളി കോടിക്കുന്നിലിനായിരുന്നു.

കന്നി അങ്കത്തിൽ തന്നെ ജയിച്ച സുരേഷ് ഇരുപത്തിയേഴമത്തെ വയസിൽ ആദ്യമായി പാർലമെന്റിന്റെ പടി ചാടി കയറി.

തുടർന്ന് 91ലും 96ലും വിജയം ആവർത്തിച്ച സുരേഷ് പക്ഷേ 98ൽ സി പി ഐ യുടെ യുവ പടക്കുതിര ചെങ്ങറ സുരേന്ദ്രനോട് അടിയറവു പറഞ്ഞു.

99ൽ മണ്ഡലം തിരിച്ചു പിടിച്ച സുരേഷിന് പക്ഷേ വീണ്ടും ഇടതുപക്ഷ തരംഗം ആഞ്ഞു വീശിയ 2004ലെ തെരഞ്ഞെടുപ്പിൽ ചെങ്ങറ തന്നെ വലിയ മാർജിനിൽ പരാജയപ്പെടുത്തി.

2009ലെ തെരഞ്ഞെടുപ്പു ആയപ്പോഴേയ്ക്കും മണ്ഡല പുനനിർണയത്തിന്റെ ഭാഗമായി അടൂർ മണ്ഡലം ഇല്ലാതായി മാവേലിക്കര പുതിയ സംവരണ മണ്ഡലം ആയപ്പോൾ കോൺഗ്രസ്‌ രാജ്യം ഒട്ടാകെ വലിയ മുന്നേറ്റം ഉണ്ടാക്കി കേന്ദ്രത്തിൽ യൂ പി എ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ കൊടിക്കുന്നിലും മിന്നുന്ന ജയത്തോടെ പാർലമെന്റിൽ എത്തി.

രണ്ടാം യൂ പി എ ഗവണ്മെന്റിന്റ് അവസാന ഘട്ടത്തിൽ തൊഴിൽ വകുപ്പിൽ രണ്ടു വർഷം സഹമന്ത്രി ആയിരിക്കുവാനുള്ള ഭാഗ്യവും സുരേഷിന് തേടി എത്തി.

പിന്നീട് 2014ലെയും 2019ലെയും തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറിയപ്പോഴും കേരളത്തിൽ കാര്യമായ നഷ്ടങ്ങൾ ഇല്ലാതെ ഡൽഹിയിലേക്ക് പോയ എം പി മാരിൽ കൊടിക്കുന്നിലും ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം അവസാനം നടന്ന കോൺഗ്രസ്‌ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ താൻ സഹമന്ത്രി ആയിരുന്നപ്പോൾ കാബിനറ്റു കൈകാര്യം ചെയ്ത തന്റെ സ്നേഹിതൻ മല്ലികർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക സ്‌ഥാനാർഥി ആയപ്പോൾ എതിര് മത്സരിച്ച ശശി തരൂരിന് തോല്പിക്കാൻ അഹോരാർത്ഥം പണിയെടുത്തതിന് പ്രസിഡന്റ് ആയശേഷം ഖാർഗെ കൊടിക്കുന്നിലിന് കൊടുത്ത സമ്മാനം ആയിരുന്നു വർക്കിങ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് പദവി.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർവേ നടത്തിയ ദേശീയ ചാനലുകൾ ഉൾപ്പെടെ ഉള്ള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരേ സ്വരത്തിൽ പറഞ്ഞെത് മാവേലിക്കരയിൽ സി പി ഐ യുടെ യുവ രക്തം അരുൺകുമാറിനോട് സുരേഷ് പരാജയപ്പെടുമെന്നായിരുന്നു. പക്ഷേ റിസൾട് വന്നപ്പോൾ വോട്ടർമാരുടെ പൾസ് അരച്ച് കുടിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രം നന്നായി അറിയാവുന്ന കൊടിക്കുന്നിൽ പന്തീരായിരത്തിനു കഷ്ടിച്ച് കടന്നു കൂടി.

ഇന്ത്യ സഖ്യം ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരികയാണെങ്കിൽ ഖാർഗെയുടെ പിന്തുണയിൽ ഒരു കാബിനറ്റു മന്ത്രി സ്‌ഥാനം കിട്ടി കൊടിവച്ച കാറിൽ പാഞ്ഞുനടക്കാം എന്നു സ്വപ്നം കണ്ടിരുന്ന കൊടിക്കുന്നിലിന് ആദ്യത്തെ തിരിച്ചടി ആയി എൻ ഡി എ അധികാരത്തിൽ വന്നത്.

പാർലമെന്റിന്റെ കീഴ്വഴക്കം അനുസരിച്ചു ഏറ്റവും കൂടുതൽ തവണ എം പി ആയ ആൾക്കുള്ളതാണ് പ്രൊടെം സ്പീക്കർ പദവി ജയിച്ചു വന്ന 543 എം പി മാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും പുതിയ സ്പീക്കറെ തെരെഞ്ഞെടുത്തതിന് ശേഷം സ്പീക്കർക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും പ്രൊടെം സ്പീക്കർ ആണ്. കണക്കനുസരിച്ചു എട്ടു തവണ എം പി ആയിട്ടുള്ള കൊടിക്കുന്നിലാണ് ഈ പദവിക്കു അർഹൻ. നിർഭാഗ്യകരം എന്നു പറഞ്ഞ പോലെ എൻ ഡി എ സർക്കാർ രാഷ്ട്രപതിക്കു ശുപാർശ ചെയ്തിരിക്കുന്ന പ്രൊടെം സ്പീക്കറുടെ പേര് ഒടീഷയിൽ നിന്നും ജയിച്ചു വന്നിട്ടുള്ള ഏഴു തവണ എം പി ആയ ബി ജെ പി നേതാവ് ഭർട്രൂഹരി മഹ്‌താബയുടെ ആണ്.

കാബിനറ്റു മന്ത്രി ആയി കൊടിവച്ച കാറിൽ നടക്കാമെന്നുള്ള മോഹം പൊലിഞ്ഞെങ്കിലും പ്രൊടെം സ്പീക്കർക്ക്‌ കിട്ടുന്ന കൊടിവച്ച കാറിൽ കുറച്ചു ദിവസം എങ്കിലും കറങ്ങാം എന്നു വിചാരിച്ചിരുന്ന കൊടിക്കുന്നിലിന് ഒരു കൊടിയും ഇല്ലാത്ത അവസ്‌ഥ ആയിരിക്കുകയാണ്.

✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments