Sunday, November 24, 2024
Homeഅമേരിക്കനടൻ ടി.പി. മാധവൻ അന്തരിച്ചു.

നടൻ ടി.പി. മാധവൻ അന്തരിച്ചു.

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1975-ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളം സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജീവിതം തന്നെ സിനിമയായിരുന്നു.

സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി പി മാധവൻ അവിടെവച്ച് പക്ഷാഘാതമേറ്റു. ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ഏകദേശം നടക്കാമെന്നായപ്പോഴാണ് അവര്‍ ചേര്‍ന്ന് അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് ത്തിക്കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. 2016 ഫെബ്രുവരി 28 നാണ് ഗാന്ധിഭവനിലെത്തുന്നത്.

ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ടി പി സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളില്‍ സജീവമായിരുന്നു. വിവിധസ്ഥലങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തു. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടിപി, ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജൻ്റെ യാത്രകളില്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമൊപ്പം സമയം ചിലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ഗാന്ധിഭവനിലെത്തിയശേഷം അദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീര്‍ അവാര്‍ഡ്, കൊട്ടാരക്കര ശ്രീധരന്‍നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെത്തിയ ശേഷം ഒരു സിനിമയിലും രണ്ട് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

നാല്‍പ്പതാം വയസില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാജീവിതത്തിനിടയില്‍ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഗ്രന്ഥകാരനും വിദേശ സര്‍വ്വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എന്‍. പരമേശ്വരന്‍ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബര്‍ 7 ന് തിരുവനന്തപുരത്താണ് ടി.പി. മാധവന്റെ ജനനം.

നടൻ ടി പി മാധവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറന്നൂറിലധികം സിനിമയിൽ വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം പ്രതിഭാധനനായ അഭിനേതാവായിരുന്നു. പത്തനാപുരം ഗാന്ധിഭവനിൽ ചെലവഴിച്ച അവസാന കാലത്തും അദ്ദേഹം സീരിയലുകളിൽ അഭിനയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്നസെന്റിനും മാമുക്കോയയ്ക്കും കെപിഎസി ലളിതയ്ക്കും കവിയൂർ പൊന്നയ്മ്മക്കുമൊക്കെ പിന്നാലെ ടി പി മാധവനും വിടപറയുമ്പോൾ ബാക്കിയാവുന്നത് നീണ്ടകാലത്തെ മലയാളിസിനിമാ ചരിത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments