Thursday, December 26, 2024
Homeഅമേരിക്ക'പോയന്റ് ഓഫ് കോൾ' പദവിക്കായി പ്രവാസികളുടെ 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം'.

‘പോയന്റ് ഓഫ് കോൾ’ പദവിക്കായി പ്രവാസികളുടെ ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം’.

കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് മട്ടന്നൂരിൽ ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം’ ആരംഭിക്കുന്നു. മട്ടന്നൂരിലെ വായംതോട് ജംഗ്ഷനിൽ രാവിലെ 10 മണിക്കാണ് നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നത്. രാജീവ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയാൽ, നിരവധി പ്രവാസികളും പ്രദേശ വാസികളും ‘അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം’ നടത്തുവാനാണ് ആക്‌ഷൻ കൗൺസിലിന്റെ തീരുമാനം.

തിരുവോണനാളിൽ ആരംഭിക്കുന്ന ഈ സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുവാൻ, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളേയും പ്രവർത്തകരേയും ക്ഷണിച്ചിട്ടുണ്ടെന്ന് രാജീവ് ജോസഫ് പറഞ്ഞു. കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി കേന്ദ്ര സർക്കാർ നൽകുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ’ നേതൃത്വത്തിൽ,
കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികളുടെ സഹകരണത്തോടെ രണ്ട് മാസം മുൻപാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ പ്രവർത്തനം ആരംഭിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, കണ്ണൂർ ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളേയും പ്രവർത്തകരേയും അണിനിരത്തി, ഓഗസ്റ്റ് 14 ന് മട്ടന്നൂരിൽ സംഘടിപ്പിച്ച ആക്ഷൻ കൗൺസിലിന്റെ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആക്ഷൻ കൗൺസിലിന്റെ ‘ലോഗോ’ പ്രകാശനം ചെയ്തത്, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പാംപ്ലാനിയാണ്. ആക്ഷൻ കൗൺസിലിന്റെ ‘സൈബർ വാർ’ ഉത്ഘാടനം ചെയ്തത് കണ്ണൂർ എം. പിയും കെ.പി.സി.സി പ്രസിഡണ്ടുമായ കെ. സുധാകരനായിരുന്നു. ജില്ലാതല പ്രചാരണ പരിപാടിയും, മട്ടന്നൂരിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനും ഉത്ഘാടനം ചെയ്തത് മട്ടന്നൂർ എം.എൽ.എയും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന കെ. കെ. ഷൈലജ ടീച്ചറായിരുന്നു. നിരാഹാര സത്യാഗ്രഹത്തിന്റ പോസ്റ്റർ’, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പ്രകാശനം ചെയ്തു. മട്ടന്നൂർ സമ്മേളനത്തിന്റെ ആൽബം പ്രകാശനം ചെയ്തത് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചെലേരിയായിരുന്നു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ണൂർ ജില്ലയിലെ എല്ലാ പാർട്ടിക്കാരെയും ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള പ്രവാസികളുടെ ജനകീയ മുന്നേറ്റമായി ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ മാറിക്കഴിഞ്ഞുവെന്ന്, ആക്ഷൻ കൗൺസിൽ നേതാക്കളായ അഞ്ചാംകുടി രാജേഷ്, ജാബിർ ടി. സി, ഷംസു ചെട്ടിയാങ്കണ്ടി, അബ്ദുൾ അസീസ് പാലക്കി, പി. കെ. ഖദീജ, നാസർ പോയ്‌ലൻ, ഇബ്രാഹിം പി, ഷഫീഖ് മാട്ടൂൽ, മുരളി വാഴക്കോടൻ, സി. കെ. സുധാകരൻ, ആന്റണി മേൽവെട്ടം, മുഹമ്മദ് താജുദ്ദീൻ എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments