ആസക്തികളും മനുഷ്യരും
ഇപ്പോഴുള്ളതിനേക്കാൾ അനുഭവിക്കുന്നതിനേക്കാൾ ,ലഭിക്കുന്നതിനേക്കാൾ കൂടുതൽ കൂടുതൽ സുഖങ്ങളെ അറിയാനും, തേടാനും അനുഭവിക്കാനുമുള്ള ജീവശാസ്ത്രപരമായ ഒരു ത്വര നിങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു… ഈ അവസ്ഥയാണ് ആസക്തി.
എന്തുകൊണ്ട് ആസക്തി?
മനുഷ്യന്റെ ശരീരം സുഖം നൽകുന്ന കാര്യങ്ങളോട് ചിന്തയുടെ പിന്തുണയില്ലാതെ തന്നെ പെട്ടെന്ന് പ്രതികരിക്കുന്നു.മനുഷ്യമസ്തിഷ്ക്കത്തിന് പരിണാമ പരമായ ചില ദൗർബ്ബല്യങ്ങൾ ഉണ്ട്. ഒരേ സാധനം തിന്നും കുടിച്ചും, ഇണചേർന്നും ജീവിക്കാൻ മനുഷ്യന് കഴിയില്ല. മനുഷ്യൻെറ തലച്ചോർ സാഹസികമായ ലക്ഷ്യങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും തേടിക്കൊണ്ടിരിക്കുന്നു.
എന്താണ് ആസക്തി?
വസ്തുക്കളെയോ അതുമായി ബന്ധപ്പെട്ട പെരുമാറ്റത്തെയോ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.എപ്പോഴും അതേപ്പറ്റി മാത്രമുള്ള ചിന്തകൾ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുക, ആഗ്രഹം തോന്നിയാൽ ഉടൻതന്നെ ലക്ഷ്യത്തിലെത്താൻ മുന്നോട്ടു കുതിക്കുക, വരും വരായ്കകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പരിഗണിക്കാതിരിക്കുക, തിക്തഫലങ്ങൾ അനുഭവിക്കുമ്പോഴും അതിൽ ആസ്വാദനം കണ്ടെത്തുക. ഇവയൊക്കെ തന്നെ.
ആസക്തികൾ മനുഷ്യനെ പലതരത്തിലും വേട്ടയാടി ക്കൊണ്ടിരിക്കുന്നു. എന്നാൽ ചില വ്യത്യസ്തമായ ആസക്തികളിലേക്ക് നമുക്കൊന്ന് തിരിഞ്ഞാലോ?..
ചില ഭക്ഷണങ്ങളോട് നമുക്കുള്ള ആസക്തി വൈറ്റമിൻ അപര്യാപ്തത മൂലമാണ്. ഉപ്പിനോടുള്ള കൊതി സോഡിയത്തിന്റെ അഭാവവും, മധുരത്തോടുള്ള വല്ലാത്ത ആസക്തി ക്രോമിയത്തിൻ്റെ അഭാവവും , ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി മഗ്നീഷ്യത്തിന്റെ അഭാവവും, റെഡ് മീറ്റ് കഴിക്കാനുള്ള ആസക്തി അയണിന്റെ അഭാവവും ഒക്കെയായി കണക്കാക്കാം.
അതേപോലെ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിനോടുള്ള ആസക്തി ഒരു രോഗമായി തന്നെ കണക്കാക്കാം. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൻെറ വിവിധ വശങ്ങളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് വളരെ മോശമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇതുമൂലം ബന്ധങ്ങൾ വഷളാകുന്നതിനും, ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനും, ഉൽപാദനക്ഷമത കുറയുന്നതിനും ഒക്കെ ഇടയാകുന്നു.
ആസക്തി അല്ലെങ്കിൽ അഡിക്ഷൻ വ്യക്തികളെ ഒരു പ്രത്യേകതരമായ ഉന്മാദത്തിലേക്ക് നയിക്കും. ആ ഉന്മാദത്തിന്റെ ലഹരിയെ തേടിയുള്ള യാത്രയിൽ തടസ്സങ്ങളാകുന്ന എന്തിനേയും അവൻ അരിഞ്ഞു വീഴ്ത്തും. ഇതുതന്നെയാണ് ഏറ്റവും വലിയ ഇതിന്റെ നാശവും.
ലൈംഗികതയേയും ജീവിക്കാനുള്ള വസ്തുക്കളെയും അനുഭൂതി ദായകമായി നിലനിർത്തുന്ന ജീവരസതന്ത്രമാണ് മനുഷ്യൻ്റേത്.അത് അവനെ മത്തുപിടിപ്പിക്കുന്ന സാങ്കേതികവിദ്യകൾക്കും പരമാവധി ഇണകൾക്കും വേണ്ടിയുള്ള കാത്തിരിപ്പാണ്.
മനുഷ്യരിൽ വികാരങ്ങളുണ്ടാക്കുന്നതിൽ മസ്തിഷ്ക രാസികങ്ങൾക്കും, മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾക്കും പങ്കുണ്ട്.ചില രാസികങ്ങളുടെ സംതുലനത്തിൽ തകരാർ സംഭവിച്ചാൽ മനുഷ്യൻെറ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം വരും.ഏക ഭാര്യത്വം,ഭർത്രൃത്വം പോലുള്ള വ്യവസ്ഥകൾ ഓരോ കാലഘട്ടത്തിലും സാമൂഹിക ജീവിതത്തെ ക്രമപ്പെടുത്താൻ ആ ഒരു ചുറ്റുപാടിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നതാണ് എന്നാൽ മനുഷ്യന്റെ ജനിതക പ്രകൃതം അത്തരം നിയന്ത്രണങ്ങൾക്ക് എതിരുമാണ്.
ഏതായാലും എത്ര നിയന്ത്രിച്ചാലും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും വിധം പലതരം ആസക്തികൾ സ്വയം തിരിച്ചറിയാതെ തന്നെ അവനെ പിടിമുറുക്കുക തന്നെ ചെയ്യും.
“ആസക്തിദായകം മാനുഷ ജീവിതം”
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി,സ്നേഹം
മനോഹരം
നല്ല വിഷയം നന്നായി എഴുതി
നല്ല എഴുത്ത്