Sunday, December 8, 2024
Homeഅമേരിക്കകതിരും പതിരും: പംക്തി (64) മറവി രോഗത്തിന്റെ വേദനകളിലേക്ക്

കതിരും പതിരും: പംക്തി (64) മറവി രോഗത്തിന്റെ വേദനകളിലേക്ക്

ജസിയഷാജഹാൻ

വാർദ്ധക്യ സംബന്ധമായ രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനമാണ്
മറവി രോഗം എന്ന് നമ്മൾ പറയുന്ന അൽഷിമേഴ്സ് അഥവാ മേധാക്ഷയം. ഭാരത ജനസംഖ്യയിൽ 3.7 കോടി ജനങ്ങളാണ് അൽഷിമേഴ്സ് ബാധിതർ എന്ന് കണക്കാക്കപ്പെടുന്നു. 2030 ആകുമ്പോൾ രോഗബാധിതർ 7.6 കോടി ആകുമെന്നും പഠനങ്ങൾ പറയുന്നു.

ആയുസ്സിന്റെ കണക്ക് പുസ്തകത്തിൽ ദേശീയ ശരാശരി 62 വയസ്സാണെങ്കിൽ കേരളത്തിന്റെത് 72- 74 വയസ്സാണ് . 65 വയസ്സിന് മുകളിലുള്ളവരിൽ 15 പേരിൽ ഒരാൾക്ക് രോഗം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വർദ്ധിച്ചു വരുന്നതായും കാണുന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പകുതിപേർക്കും അൽഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട് . ചില കുടുംബങ്ങളിൽ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് കൂടുതലുള്ളത്.

മറവിയെ വാർദ്ധക്യത്തിന്റെ ഭാഗമായി കാണുന്ന നമ്മളിൽ പലരും യഥാർത്ഥത്തിൽ ഈ രോഗം നമ്മളിൽ പിടികൂടിയിട്ടുള്ളതായി അറിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ നാളുകൾ കഴിയുന്തോറും കുറഞ്ഞുവരുന്ന നമ്മുടെ ഓർമ്മശക്തിയെ നമ്മൾ ഗൗനിക്കുന്നില്ല. മറ്റുള്ളവരും ഗൗനിക്കുന്നില്ല. ആദ്യഘട്ടത്തിൽ മറന്നു പോകുന്നത് വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും, അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളും ആണ് .കാലക്രമേണ അൽഷിമേഴ്സ് മൂർച്ഛിക്കുന്നതിനോടൊപ്പം പലവിധ മാനസികരോഗ ലക്ഷണങ്ങളും, പെരുമാറ്റ പ്രശ്നങ്ങളും, പലതരത്തിലുള്ള മിഥ്യാധാരണകളും, പൊള്ളയായ ചില ഭ്രമങ്ങളും ഈ രോഗികൾ പ്രകടമാക്കുന്നു. ഇവരെ പറഞ്ഞു മനസ്സിലാക്കാനും ചികിത്സിക്കാനും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ രോഗത്തിന് കാര്യമായ ഒരു ചികിത്സ ഇന്നുവരെ ഇല്ല എന്നുള്ളതാണ് സത്യം.

ഈയൊരു രോഗത്തിൻ്റെ ഏറ്റവും ദയനീയമായ വശങ്ങൾ അവർ സ്വന്തം വീട്ടിൽ അല്ല മറ്റേതോ വീട്ടിൽ അവരെ താമസിപ്പിച്ചിരിക്കുകയാണ് എന്ന് പരാതിപ്പെടുക, ഇങ്ങനെയുള്ള ഒരു മിഥ്യാധാരണയിൽ പലപ്പോഴും ഈ രോഗികൾ വീടുവിട്ട് പുറത്തിറങ്ങി പ്പോകാൻ ശ്രമിക്കുക, തങ്ങളുടെതായ പ്രിയമുള്ള സാധനങ്ങളും വസ്തുവകകളും മറ്റാരോ മോഷ്ടിക്കുന്നു എന്ന ആരോപണങ്ങൾ ഉന്നയിക്കുക, സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാൻ കഴിയാതിരിക്കുക, അങ്ങനെ സംശയം ജനിപ്പിക്കുന്ന അല്ലെങ്കിൽ അവർ സംശയാ ലുക്കളായി തീരുന്ന പ്രവർത്തികൾ നിരന്തരം കാണിക്കുക, ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഉള്ള ധാരണകൾ നമ്മളിൽ അല്ലെങ്കിൽ നമ്മളോട് പ്രകടിപ്പിക്കുക, ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ആണ്.

ഇങ്ങനെയുള്ള രോഗികളെ രോഗിയുടെ ശരിയായ വിവരങ്ങൾ ശേഖരിച്ചും,രോഗിയെ ആഴത്തിൽ പഠിച്ചും, ഇവരുടെ പ്രത്യേകതകൾ നിറഞ്ഞ സ്വഭാവ വൈരുദ്ധ്യങ്ങൾ ഒക്കെ ഉൾക്കൊണ്ടും, ഇവർക്ക് ശരിയായ രീതിയിലുള്ള പരിചരണം നൽകുന്ന, നല്ല സ്നേഹത്തോടും ക്ഷമയോടും കരുതലോടും ഉള്ള സമീപനം അവരോട് ഉളവാക്കുന്ന തരത്തിലുള്ള പരിശീലനങ്ങൾ സിദ്ധിച്ചവരോ, അല്ലെങ്കിൽ അതിന് തയ്യാറായ ഏറ്റവും അടുത്ത ആൾക്കാരോ, ബന്ധുക്കളോ ഒക്കെ വേണം ഒപ്പം നിന്ന് ഇവരെ മുന്നോട്ടു നയിക്കാൻ.

ഈ രോഗത്തിന് ഫലപ്രദമായ ഔഷധങ്ങൾ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ രോഗാവസ്ഥ മൂർച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകൾ നടത്തിക്കൊണ്ടു പോകാനുള്ള കഴിവ് നിലനിർത്തുന്നതിനും സഹായകമാകുന്ന മെഡിസിൻസ് മാത്രമാണ് ഇന്നും നിലവിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.മറ്റു പുതിയ മെഡിസിൻസ് പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും, പാർശ്വഫലങ്ങളെക്കുറിച്ചും, പ്രതികരണശേഷിയെക്കുറിച്ചുമൊക്കെയുള്ള പഠനങ്ങൾ ഇനിയും മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഒപ്പം ഈ രോഗത്തെക്കുറിച്ചുള്ള ഒരുപാട് പുതിയ പഠനങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു .

മറവിരോഗം സംഭവിക്കുന്നത് മസ്തിഷ്ക കോശങ്ങൾ നശിക്കുമ്പോഴാണ് . പ്രായവും പാരമ്പര്യവും ഈ രോഗത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ് അന്തരീക്ഷ മലിനീകരണം, ദരിദ്ര പശ്ചാത്തലം വിദ്യാഭ്യാസത്തിൻ്റെ കുറവ്, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതി സമ്മർദ്ദം, കൊളസ്ട്രോൾ, അമിതവണ്ണം, സ്ട്രെസ്സ്, മസ്തിഷ്കാഘാതം, ഹൃദയാഘാതം, വിഷാദരോഗം, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവ മേധാക്ഷയത്തിന് കാരണമായിത്തീരും

ഭൂരിപക്ഷം മറവിരോഗം ഉള്ളവരിലും കാണപ്പെടുന്നത് അൽഷിമേഴ്സ് രോഗം തന്നെയാണ് .സാധാരണ കണ്ടുവരുന്ന മറ്റു മറവി രോഗങ്ങൾ വാസ്ക്കുലർ
ഡിമെൻഷ്യ ,ഫ്രോണ്ടോ ടെംപറൽ ഡിമെൻഷ്യ എന്നിവയാണ്.
ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന മറവിരോഗങ്ങളാണ് മിഥ്യാ മറവിരോഗം, വിറ്റാമിനുകളുടെയും തൈറോയ്ഡ് ഗ്രന്ഥികളുടെയും തകരാറുമൂലമുള്ള മറവി, അമിത മദ്യപാനം മൂലമുള്ള മറവി ഇവയൊക്കെ .

ന്യൂറോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ന്യൂറോ പാലിയേറ്റീവ് കെയർ, ജെറിയാട്രിക് മെഡിസിൻ സ്പെഷ്യലിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിസ്റ്റ് എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ഡിമെൻഷ്യ ക്ലിനിക്കിൽ മേധാക്ഷയം നമുക്ക് വിശ്വാസപൂർവ്വം ചികിത്സിക്കാം.

മധ്യവയസ്സ് പിന്നിട്ടവർ ഓർമ്മനില നിർത്താൻ സഹായിക്കുന്ന ആഹാരങ്ങൾ ശീലമാക്കുന്നത് ഉപകാരപ്രദമാണ്. ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി ,ചാള ,ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ, ആൽഫാ ലിപോയിക്ക് ആസിഡ് അടങ്ങിയ ബ്രോക്കോളി, ചേന, ഉരുളക്കിഴങ്ങ് ,ക്യാരറ്റ്, മുളപ്പിച്ച പയർ, മഞ്ഞൾപ്പൊടി ( അതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ) ആൻ്റി ഓക്സിഡന്റുകൾ അടങ്ങിയ ക്യാരറ്റ്, ഇലക്കറികൾ, ബ്ലൂബെറി ചുവന്ന മുന്തിരി, ഗ്രീൻ ടീ, ഡാർക്ക് ചോക്ലേറ്റ് എന്നിവയൊക്കെ ഇവയിൽ പെടുന്നു.

ഓർമ്മശക്തി കൂട്ടാനുള്ള മറ്റു മാർഗ്ഗങ്ങൾ ധാരാളം വായിക്കുക, എട്ടുമണിക്കൂർ നന്നായി ഉറങ്ങുക, ഡയറിക്കുറിപ്പുകൾ എഴുതുക, സർഗ്ഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക ,വ്യായാമം ശീലമാക്കുക, ആഴ്ചയിൽ രണ്ടുമൂന്നു തവണയെങ്കിലും യോഗ ധ്യാനം എന്നിവ ശീലമാക്കുക , ചെസ്സ് കളിക്കുക, ക്വിസ് മത്സരങ്ങളിൽ ഏർപ്പെടുക, പദപ്രശ്നങ്ങൾ പൂരിപ്പിക്കുക , ഇങ്ങനെയുള്ള തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകളിലൂടെ നിങ്ങൾക്ക് ഓർമ്മശക്തിയെ നന്നായി തന്നെ മെച്ചപ്പെടുത്താൻ പറ്റും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഇങ്ങനെയുള്ള രോഗികളെ പരിചരിക്കുന്നവർ രോഗിയിൽ നിന്നും പല വിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വന്നേക്കാം.. പല ദുർഘട നിമിഷങ്ങളെയും അവർ തരണം ചെയ്യേണ്ടതായി വരും .അതുകൊണ്ടുതന്നെ രോഗിയും വീട്ടുകാരും പല കാര്യങ്ങളിലും ശ്രദ്ധാലുക്കൾ ആയിരിക്കണം. രോഗി തെന്നി വീഴാൻ സാധ്യതയുള്ള കാർപ്പെറ്റുകളും ചവിട്ടികളും മറ്റു പ്രതലങ്ങളും ഒഴിവാക്കുക, മരുന്നുകൾ കൃത്യസമയത്ത് നൽകുവാൻ ശ്രദ്ധിക്കുക, വെളിച്ചമുള്ള കിടപ്പുമുറിയും മറ്റിടങ്ങളും രോഗിക്ക് വേണ്ടി ഒരുക്കുക, എളുപ്പത്തിൽ അതെ, അല്ല എന്ന് ഉത്തരങ്ങൾ കിട്ടുന്ന ചോദ്യങ്ങൾ മാത്രം അവരോട് ചോദിക്കുക, കൃത്യമായ ഇടവേളകളിൽ രോഗിയെ ടോയ്‌ലറ്റിൽ കൊണ്ടുപോവുക ഇവയൊക്കെ അതിൽ പെടുന്നതാണ്. യൂറോപ്യൻ രീതിയിലുള്ള ടോയ്ലെറ്റ് ആണ് അവർക്ക് നല്ലത് .എല്ലാ ദിവസവും കൃത്യസമയത്ത് രോഗിയെ ഉറങ്ങാൻ കൊണ്ടുപോവുക, കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നതിനായി രോഗിയെ ഡയറിക്കുറിപ്പുകൾ, കലണ്ടർ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക. അത്യാവശ്യം ഓർക്കേണ്ട കാര്യങ്ങൾ മൂന്ന് നാല് തവണയെങ്കിലും രോഗിയെ ഓർമ്മപ്പെടുത്തുക ഇവയൊക്കെ ശ്രദ്ധിക്കണം.

ഇങ്ങനെയുള്ള രോഗാവസ്ഥയിൽ അവരോടൊപ്പം നിൽക്കുന്നവർ വളരെ നല്ല രീതിയിൽ തന്നെ അവർക്ക് വേണ്ട പ്രോത്സാഹനവും, പിന്തുണയും ,സഹായവും സ്നേഹവും, കരുതലും ഒക്കെ നൽകുക. അതുതന്നെയാണ് അവർക്ക് കിട്ടാവുന്ന ഏറ്റവും നല്ല മെഡിസിൻ. അവർ കാണിക്കുന്ന എല്ലാ അസ്വാഭാവിക പെരുമാറ്റങ്ങൾക്കും കാരണം അവരുടെ രോഗമാണെന്നത് തീർച്ചയായിട്ടും അവരെ പരിചരിക്കുന്നവർ പ്രത്യേകം എപ്പോഴും പരിഗണനയിൽ വയ്ക്കേണ്ട കാര്യമാണ്. പെട്ടെന്ന് പൊട്ടിത്തെറിക്കുക, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക, വളരെ മോശമായ രീതിയിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിക്കുക, ഇവയൊക്കെ ചിലപ്പോൾ ഒപ്പം നിന്ന് പരിചരിക്കുന്നയാൾക്ക് താങ്ങാവുന്നതിലും അപ്പുറത്താകാം. അപ്പോഴും അതിനെയൊക്കെ മറികടക്കാൻ ഒപ്പം നിൽക്കുന്ന നമ്മളാവണം അവർക്ക് പ്രചോദനം .

എല്ലാവർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിച്ചുവരുന്നു. രോഗമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും ബോധവൽക്കരണം നൽകുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. അപ്പോൾ നമുക്കും കൈകോർക്കാം അവരോടൊപ്പം നമ്മളോടൊപ്പം.

“ഇന്നു ഞാൻ നാളെ നീ” എന്നാണല്ലോ? ചൊല്ല്.

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments