Saturday, December 28, 2024
Homeഅമേരിക്കഅന്താ രാഷ്ട്ര പൈ (π )ദിനം ... ✍️അഫ്സൽ ബഷീർ തൃക്കോമല

അന്താ രാഷ്ട്ര പൈ (π )ദിനം … ✍️അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1630-ല്‍ ഓസ്ട്രിയന്‍ ജ്യോതി ശാസ്ത്രജ്ഞനായ ക്രിസ്റ്റോഫ് ഗ്രീന്‍ ബെര്‍ഗര്‍ ആണ് 1040 വശങ്ങളുള്ള ബഹുഭുജങ്ങള്‍ ഉപയോഗിച്ച് ഇന്നത്തെ പൈയുടെ 38 അക്കങ്ങളോട് കൂടിയ ഏകദേശ വില ആദ്യമായി കണക്കാക്കിയത് . 1647 വരെ ഇതിന് പ്രത്യേക പേരോ ചിഹ്നമോ ഒന്നും ഉണ്ടായിരുന്നില്ല.1706-ൽ വെൽഷ് ഗണിതശാസ്ത്രജ്ഞനായ വില്യം ജോൺസ് ആണ് ഒരു വൃത്തത്തിൻ്റെ ചുറ്റളവിൻ്റെ അനുപാതത്തെ പ്രതിനിധീകരിക്കാൻ ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമായ  π ഉപയോഗിച്ചത്. ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനായ വില്യം ഓഗ്ട്രെഡ് തന്റെ പ്രസിദ്ധീകരണമായ ‘ക്ലാവിസ് മാത്തമാറ്റികേ’യിലൂടെ ഇത് പരിചയപ്പെടുത്തി .1737-ല്‍ ലിയോണ്‍ഹാര്‍ഡ് യൂലര്‍ ഈ ചിഹ്നം ഉപയോഗിച്ചത് മുതലാണ് ഇതിനു  പ്രചാരം ലഭിച്ചത് .

ഗണിതശാസ്ത്രത്തിൽ പ്രധാനമായും ഒരു സ്ഥിരവില സൂചിപ്പിക്കുന്ന ചിഹ്നമാണ് പൈ. ഇത് ഒരു അഭിന്നകമാണ് . 3.14159.. എന്നു പൈയുടെ ദശാംശരൂപം തുടങ്ങുന്നു.യൂക്ലീഡിയൻ ജ്യാമിതിയിൽ ഒരു വൃത്തത്തിന്റെ ചുറ്റളവിൽ നിന്ന് വ്യാസത്തിലേക്കുള്ള അനുപാതത്തെയും വൃത്തത്തിന്റെ ചുറ്റളവും വിസ്തീർണ്ണവും കണക്കാനും പൈ ഗണിത ശാസ്ത്രത്തിൽ ഉപയോഗപ്പെടുത്തുന്നു. ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ആർക്കിമിഡീസ് π യുടെ വില 22/7 എന്ന് കണ്ടെത്തിയിട്ടുണ്ട് .കൂടാതെ ഫിബൊനാച്ചി, ന്യൂട്ടണ്‍, ലെയ്ബ്‌നിസ്, ഗൗസ് തുടങ്ങിയ പ്രശസ്തരായ ആളുകള്‍ പൈയുടെ ദുരൂഹത കണ്ടെത്താനായി ശ്രമിച്ചിട്ടുണ്ട് .

ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിൽനിന്ന് ആരത്തിന്റെ വർഗ്ഗത്തിലേക്കുള്ള അനുപാതത്തെ ഈ സംഖ്യ പ്രതിനിധീകരിക്കുന്നുവെങ്കിലും ഇതിന്റെ ദശാംശ വിപുലീകരണം 3.1415926535897932… ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് സത്യം .ഇത് ഒരു അതീന്ദ്രിയ സംഖ്യയാണ്. അനന്തമാനങ്ങളുടെ കാൽക്കുലസിന്റെ വരവോടെ വൈകാതെ π യുടെ നൂറുകണക്കിന് അക്കങ്ങൾ കണക്കാക്കുന്നതിലേക്ക് നയിച്ചു, ഇത് എല്ലാ പ്രായോഗിക ശാസ്ത്രീയ കണക്കുകൂട്ടലുകൾക്കും മതിയാകും. എന്നാൽ ഇതിലൊന്നും തൃപ്തരല്ലാത്ത ഗണിത ശാസ്ത്രജ്ഞരും കമ്പ്യൂട്ടർ ശാസ്ത്രജ്ഞരും അന്വഷണങ്ങൾ തുടർന്ന് അത് വർദ്ധിച്ചുവരുന്ന കമ്പ്യൂട്ടേഷണൽ ശക്തിയുമായി കൂടിച്ചേർന്നാൽ, π യുടെ ദശാംശ പ്രാതിനിധ്യം അനേകം ട്രില്യൺ അക്കങ്ങളിലേക്ക് വ്യാപിപ്പിക്കാനാകും എന്ന നിഗമനത്തിൽ എത്തി ചേർന്നു .

ഗണിതത്തിൽ അനേകം സൂത്രവാക്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഇതിന്റെ വിപുലീകരണം ക്രമമായിട്ടല്ല ആവർത്തിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇത് ഒരു അപ്രാപ്യമായ സംഖ്യയാണ് ചുരുക്കത്തിൽ ബീജഗണിതപരമല്ലാത്ത ഒരു രേഖീയ അല്ലെങ്കിൽ സങ്കീർണ്ണ സംഖ്യയാണിത്, ഭാരതീയശാസ്ത്രജ്ഞനായ ആര്യഭടൻ, പൈയുടെ വില നാലു ദശാംശസ്ഥാനം വരെ കൃത്യമായി കണ്ടെത്തിയിരുന്നു . ആര്യ ഭടീയത്തിലെ ഗണിതപാദ അദ്ധ്യായത്തിലെ പത്താം ശ്ലോകത്തിൽ നിന്നും പൈയുടെ വില നിർണ്ണയിക്കാം
“ചതുരധികം ശതമഷ്ടഗുണം ദ്വാഷഷ്ടിസ്തഥാ സഹസ്രാണാം അയുതദ്വയവിഷ്കംഭസ്യ ആസന്നോ വൃത്തപരിണാഃ”

ചതുരധികം ശതമഷ്ടഗുണം ദ്വാഷഷ്ടിസ്തഥാ സഹസ്രാണാം = ((4+100)×8)+62000=62832 അയുതദ്വയവിഷ്കംഭസ്യ =20000
അതായത് ഈ ശ്ലോകം അനുസരിച്ച്, 20000 യൂനിറ്റ് വ്യാസം ഉള്ള ഒരു വൃത്തതിന്റെ ചുറ്റളവ് ഏകദേശം 62832 യൂനിറ്റ് ആയിരിക്കും. ഈ സംഖ്യകൾ വച്ചു പൈയുടെ മൂല്യം 62832/20000 = 3.1416 എന്ന് കണക്കാക്കപെട്ടിരിക്കുന്നു .

1989ൽ ഭൗതിക ശാസ്ത്രജ്ഞനായ ലാറി ഷായാണ് അദ്ദേഹം ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിച്ചത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. 3.14 നെ മാര്‍ച്ച് 14 ആക്കി പൈ ദിനം ആയി ആഘോഷിക്കുകയും π യുടെ വിലയായ ഏതു വൃത്തത്തിന്റേയും ചുറ്റളവും വ്യാസവും തമ്മിലുള്ള അംശബന്ധമായ ഏകദേശം 3.14159 ആണ്. ഈ ദിവസം ഉച്ചക്ക് 1.59 ന് (3/14/1:59) ‘π മിനിറ്റ് ആയും ആഘോഷിക്കപ്പെടുന്നു. കൂടാതെ 1:59കഴിഞ്ഞ് 26സെക്കന്റാകുമ്പോള്‍ ‘π സെക്കന്റായും ആഘോഷിക്കുന്നു .ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ലോക പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ജന്മദിനം മാര്‍ച്ച് 14 ആണെന്നുള്ളത് തികച്ചും യാദൃച്ഛികം മാത്രം .

ആര്‍ക്കിമിഡീസ് കണ്ടെത്തിയ π യുടെ ഒരേകദേശ വില 22/7 എന്നതാണ്. അതുകൊണ്ടാണ് ആർക്കിമിഡീസ് കോൺസ്റ്റന്റ് എന്നപേരിലും ‘പൈ’ അറിയപ്പെടുന്നത് . ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടണില്‍ ജൂലൈ 22 നാണ് π ദിനം .  22/7 നെ 22 ജൂലൈ ആയി കണക്കാക്കി ആഘോഷിക്കുന്നു. നവംബർ 10 ആണ് മറ്റൊരു പൈ ദിനം. അധിവർഷമൊഴിച്ച് മറ്റ് എല്ലാ വർഷത്തിലെയും 314-ാമത്തെ ദിവസമായ നവംബർ 10. ആയതിനാൽ ഈ ദിനത്തിന്റെ പൈ വില കണക്കാക്കി(3.14) ഈ പദിനം പൈ മതിപ്പ് ദിനമായി ആചരിക്കുന്നുണ്ട് .ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വർഷം ഇത് നവംബർ 9 നു ആയിരിക്കും

“ഒരുപക്ഷേ ഗണിതത്തിലെ ഒരു ചിഹ്നവും പൈ എന്ന സംഖ്യയോളം നിഗൂഢതയും കാല്പനികതയും തെറ്റിദ്ധാരണയും മനുഷ്യ താല്‍പ്പര്യവും ഉണര്‍ത്തിയിട്ടുണ്ടാകില്ല’

π ദിനാശംസകൾ …..

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments