Saturday, December 21, 2024
Homeഅമേരിക്കജർമ്മൻ ടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടന ക്രേന്ദ്രത്തിൽവേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

ജർമ്മൻ ടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടന ക്രേന്ദ്രത്തിൽവേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രവും മൈനർബസിലിക്കയുമായ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിൽ 2012മുതൽ ആണ്ടുതോറും നടത്തിവരുന്ന പ്രാർത്ഥനാപൂർണമായമരിയൻ തീർത്ഥാടനവും വേളാങ്കണ്ണിമാതാവിൻ്റെ തിരുനാളും ഈ വർഷവും പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.

കിഴക്കിന്റെ ലൂർദ്ദായ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പിനോടനുബന്ധിച്ച് 2024 സെപ്റ്റംബർ 7 ശനിയാഴ്ച്ചയായിരുന്നു പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനതിരുനാളും, തിരുസ്വരൂപ്രപ്രതിഷ്‌ഠയുടെ 13-ാം വാർഷികവും ഭക്തിനിർഭരമായി ആഘോഷിച്ചത്.

മിറാക്കുലസ് മെഡൽ നൊവേന, സീറോമലബാർ റീത്തിലുള്ള ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിൻ്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന, രോഗസൗഖ്യ പ്രാർത്ഥന, ആരോഗ്യമാതാവിൻ്റെ രൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയായിരുന്നു തിരുക്കർമ്മങ്ങൾ. സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. സിമ്മി തോമസ് (സെ. ജോർജ് സീറോമലബാർ, പാറ്റേഴ്‌സൺ, ന്യൂജേഴ്‌സി), റവ. ഫാ. വർഗീസ് സാംബിക്കൽ വി. സി. (ചാപ്ലൈൻ, കൂപ്പർ ഹോസ്‌പിറ്റൽ, കാംഡൻ, ന്യൂജേഴ്‌സി), റവ. ജോൺ കെറ്റിൽബർഗർ സി. എം. (സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ) എന്നിവർ തിരുക്കർമ്മങ്ങൾക്കു കാർമികത്വം വഹിച്ചു.

‘ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയർപ്പണത്തിന്റെയും, രോഗശാന്തിപ്രാർത്ഥനകളുടെയും, ‘ഹെയ്ക്ക് മേരി’ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വർഗീയസമാനമായ അന്തരീക്ഷത്തിൽ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രം സെപ്റ്റംബർ 7 ശനിയാഴ്ച്ച വൈകുന്നേരം അക്ഷരാർത്ഥത്തിൽ അമേരിക്കയിലെ ഒരു “ചിന്ന വേളാങ്കണ്ണി”യായി മാറി.

കിഴക്കിന്റെ ലൂർദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയിൽനിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്നേഹത്തിൻ നഗരമായ ഫിലഡൽഫിയാക്കു തിലകമായി വിരാജിക്കുന്ന ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ സ്ഥിരപ്രതിഷ്‌ഠനേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകൾ ആത്മനിർവൃതിയടഞ്ഞു. ലത്തീൻ, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു നടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും, രോഗികൾക്കും സൗഖ്യദായകമായിരുന്നു. സീറോമലബാർ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങൾ എല്ലാവരെയും ആകർഷിച്ചു. വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നൽകിയത്.

സീറോമലബാർ ഇടവകവികാരി റവ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജോസ് തോമസ് (തിരുനാൾ കോർഡിനേറ്റർ), പോളച്ചൻ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധന സ്‌കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തു.

ഫോട്ടോ: ജോസ് തോമസ്

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments