ടെൽ അവീവ്: വടക്കൻ ഗാസയിലെ ഒരു ഭൂഗർഭ കോമ്പൗണ്ടിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹ, സമേഹ് അൽ-സിറാജ്, സമേഹ് ഔദേ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിൽ സെക്യൂരിറ്റി പോർട്ട്‌ഫോളിയോ വഹിച്ചയാളാണ് സമേഹ് അൽ-സിറാജ്. ഹമാസിന്റെ ജനറൽ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാൻഡറായിരുന്നു സമേഹ് ഔദേ. ഏകദേശം മൂന്ന് മാസങ്ങൾക്ക് മുമ്പ് വടക്കൻ ഗാസയിൽ കോട്ടയാൽ ചുറ്റപ്പെട്ട ഒരു ഭൂഗർഭ കോമ്പൗണ്ടിൽ ഇവർ ഒളിച്ചിരിക്കുമ്പോൾ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയായിരുവെന്നാണ് ഇസ്രായേൽ വ്യോമസേന അറിയിച്ചിരിക്കുന്നത്. ഈ ഭൂഗർഭ കോമ്പൗണ്ട് ഹമാസിന്റെ കൺട്രോൾ സെന്ററായിരുന്നുവെന്നും മുതിർന്ന നേതാക്കൾക്ക് നീണ്ട സമയം ഒളിവിൽ കഴിയാനായി ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെന്നും ഇസ്രായേൽ അറിയിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രായേലിൽ 1,200ലധികം ആളുകളെ കൊലപ്പെടുത്തുകയും പശ്ചിമേഷ്യയെ യുദ്ധത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഹമാസിന്റെ ഉന്നത നേതാവായിരുന്നു യഹ്യ സിൻവാർ. ഇയാളുടെ അടുത്ത അനുയായിയായിരുന്നു റൗഹി മുഷ്താഹ. ഒക്‌ടോബർ 7ന് നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ എല്ലാ തീവ്രവാദികളെയും പിന്തുടരുകയും ഇസ്രായേൽ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചു.