വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലുംഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ , എന്തൊരു ചോദ്യം അല്ലെ , ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു , സ്വന്തംപരാധീനതകളെ തോൽപ്പിച്ചു , അഹങ്കാരിയായ , അലസനായമുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു , ലോകത്തുഎമ്പാടുമുള്ള അദ്ധ്വാന ശീലരുടെയും , വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ, പരിശ്രമം ചെയ്യുകിൽഎന്തിനെയും , ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ്അറിയാത്തത് അല്ലെ?
എന്നാൽ ഈ മുയലിന്റെ ഭാഗത്തു നിന്ന് ആരെങ്കിലുംചിന്തിച്ചിട്ടുണ്ടോ ? സത്യം വംശനാശ ഭീഷണി നേരിട്ട്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ , സത്യസ്ഥിതി അറിയാൻആർകെങ്കിലും താല്പര്യം കാണുമോ ആവോ ?
സുന്ദരിയായ കുയിലമ്മയെ സ്വന്തമാക്കാൻ കുരങ്ങച്ചനുമായിചേർന്ന് നടത്തിയ ഒരു നാടകം ആയിരുന്നോ ആ ഓട്ട മത്സരം ?സത്യം എന്തായിരിക്കും ? പാണന്മാർ ലോകം മുഴുവൻ പാടിനടക്കുന്ന കഥകൾ മുഴുവനും സത്യമാണോ ?ഏതാണ് സത്യംഎന്താണ് സത്യം ? ചെരിപ്പിട്ട പാവം സത്യം, ചെരിപ്പിടാതെ ഓടിയ അസത്യത്തിനു മുൻപിൽ തോറ്റു പോയോ ? അതോലോകത്തിനു മുമ്പിൽ മുയൽ വംശത്തെ ഒന്നാകെ താഴ്ത്തികെട്ടാൻ നടന്ന ഒരു അട്ടിമറിയുടെ ഭാഗമായി ഏതോ പവർ ഗ്രൂപ്പ്ഉണ്ടാക്കി വിട്ട കെട്ടുകഥ ആണോ ഈ കേൾക്കുന്നതെല്ലാം ?
ആ പാവം ആമയെ ഒന്ന് നോക്കണം സാർ ! അപമാനത്തിന്റെ ,വിഷാദത്തിന്റെ വലിയ ഭാണ്ഡവും പേറി , ഒരു ദുശ്ശകുനപർവമായി നിരങ്ങി നിരങ്ങി പോകുന്ന ആ പോക്ക് കണ്ടോ ? അവർ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർക്കു ഈ രൂപവുംഭാവവും കിട്ടിയത് ? ഏകാന്തതയുടെയും ,അപകര്ഷതയുടെയും പർവതം ചുമന്നു കൊണ്ട് ജീവിക്കുന്നജീവിതങ്ങൾ! എനിക്കാരേയും കാണേണ്ട , എന്നെയാരുംകാണേണ്ട എന്ന ഭാവത്തിൽ തന്നിലേക്ക് തന്നെ ചുരുങ്ങിവലിഞ്ഞകത്തേക്ക് കയറുന്ന തലയുള്ള , നിരാശയുടെപേടകത്തിൽ തന്നെത്തന്നെ ബന്ധിച്ചിട്ടിരിക്കുന്ന ഒരു ജീവിതം.
മുയലും ആമയും സുഹൃത്തുക്കൾ ആയിരുന്നു . വെറുംസുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ പോരാ ആത്മസുഹൃത്തുക്കൾ , അവരുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നുംഇല്ലായിരുന്നു . അവരുടെ സൗഹൃദത്തെ കുറിച്ചായിരുന്നുകഥയെങ്കിൽ കഥയുടെ ശീർഷകം ” മുയലും ആമയും ” എന്നാകുമായിരുന്നു . കാരണം മുയൽ ആമക്ക് എന്നും ഒരുതാങ്ങും തണലും , പ്രചോദനവും ആയിരുന്നു . മുയൽആമയുടെ മുമ്പിൽ തന്റെ ഒടിഞ്ഞു വീണു കിടക്കുന്ന ചെവികൂർപ്പിച്ചു , ചുവന്ന ചെമ്പൻ കണ്ണുകൾ ഇളക്കി ചുറ്റുംനോക്കിയിട്ടു ആമയോടു പറയും ” ആശാൻ ഇങ്ങനെ തല ഒന്ന്ഉയർത്തി പിടിക്കാമോ എന്ന് ഒന്ന് ഉത്സാഹിച്ചു നോക്കിക്കേ ” ആമ ശ്രമിക്കാതിരുന്നില്ല പക്ഷെ നിരാശ ആയിരുന്നു പതിവ്പോലെ ഫലം . കുന്നുകളും പാറക്കെട്ടുകളും എല്ലാംനിഷ്പ്രയാസം ചാടിക്കയറി , ഒരഭ്യാസിയുടെമെയ്‌വഴക്കത്തോടെ തലകുത്തി മറിഞ്ഞും ചെരിഞ്ഞും ഒക്കെപോകുന്ന മുയലിനെ “എന്നെ പരിഹസിക്കല്ലേ ” എന്ന മട്ടിൽആമ നോക്കി നില്കും . ആയിരം വട്ടം ചോദിക്കണമെന്ന്ഓർത്തിട്ടുണ്ട് , ഞങ്ങൾ ആമകളെ പോലെവെള്ളത്തിനടിയിലൂടെ ഊളിയിട്ടു മീനുകളോടും , ആമ്പൽചെടികളോടും ഒക്കെ കിന്നാരം പറയാൻ നിനക്ക് ആവുമോഎന്ന് ! പക്ഷെ ചോദിച്ചില്ല . വെള്ളത്തിൽ പ്രതിബിംബിക്കുന്നസ്വരൂപത്തെ നോക്കി അത്ഭുതം കൂറുന്ന മുയലിനെ നോക്കിഎത്ര വട്ടം അവനെ കളിയാക്കി ചിരിച്ചിരിക്കുന്നു എന്ന്ഓർത്തപ്പോൾ ആമക്ക് തന്റെ മൾട്ടി ടാസ്കിങ് കഴിവിൽ
അല്പം അഭിമാനം തോന്നാതിരുന്നില്ല .
അങ്ങനെ യിരിക്കെ യാണ് കാട്ടിലെ വസന്തോത്സവം വന്നത് .കാട് എല്ലാം പൂക്കൾ കൊണ്ട് നിറയും . ചെടികൾ നിറയെപൂക്കൾ , പൂക്കൾ നിറയെ ചിത്രശലഭങ്ങൾ ! എന്തൊരു ഭംഗി !കാട് ഒരു കല്യാണപ്പെണ്ണിന്റെ പോലെ ഒരുങ്ങി സുന്ദരിയാകുന്നകാലം . എല്ലാവർക്കും എല്ലാത്തിനും ഒരു വല്ലാത്ത ഉത്സാഹം ,ഒരു ഉണർവ് ! ഈ സമയത്താണ് പതിവായി എല്ലാ വർഷവുംഞങ്ങളുടെ ഇടയിൽ പല തരത്തിലുള്ള ആഘോഷങ്ങൾഉണ്ടാവും . കുയിലമ്മയുടെയും കൂട്ടരുടെയും പാട്ടുകച്ചേരി ,കുമാരി മയിലമ്മയുടെ നേതൃത്വത്തിലുള്ള നൃത്ത നൃത്ത്യപരിപാടികൾ , എന്ന് വേണ്ട ആകെ ആഘോഷമാണ് എന്ന്പറഞ്ഞാൽ മതിയല്ലോ .
എല്ലാ ആഘോഷങ്ങളുടെയും അവസാന ഇനം കൗമാരക്കാരുടെഒരു മത്സര ഇനമാണ് ! ഏറ്റവും ആകർഷകമായ ഇനവുംഇതാണ് ! നറുക്കു വീഴുന്ന ഒരു സുന്ദരിപ്പെണ്ണിനെസ്വന്തമാക്കാൻ ചോരയും നീരുമുള്ള ചെറുപ്പക്കാർ തമ്മിലുള്ളവീറും വാശിയും ഏറിയ മത്സരം . കഴിഞ്ഞ തവണ മത്സരംനമ്മുടെ വെള്ളിമൂങ്ങ പെണ്ണിന് വേണ്ടിയായിരുന്നു . മിനുങ്ങുന്നവെള്ളാരൻ കല്ല് പോലെ തിളങ്ങുന്ന കണ്ണുകൾ! പഞ്ഞിപോലുള്ള കുഞ്ഞു തൂവെള്ള തൂവലുകൾ ! ആർക്കും മുഖംഎടുക്കാൻ തോന്നില്ല അത്ര സുന്ദരിയായിരുന്നു അവൾ !അവളെ സ്വന്തമാക്കാൻ ഒത്തിരി പേര് ശ്രമിച്ചെങ്കിലും അത്രകണ്ടു വിജയിച്ചില്ല എന്ന് മാത്രമല്ല , പലരും ഇളിഭ്യരായി , നിരാശരായി മടങ്ങി ഒരു ഒന്നൊന്നര മത്സരമായിരുന്നു, അല്ല,ഇഞ്ചോടിഞ്ചുള്ള പോരാട്ടമായിരുന്നു .
കാട്ടുമാവിന്റെ ഏറ്റവും ഉയരത്തിലുള്ള കൊച്ചു ശിഖിരത്തിന്റെഅറ്റത്തു തൂങ്ങി നിൽക്കുന്ന പഴുത്ത മാങ്ങാ താഴെ വീഴാതെപറിച്ചു വെള്ളിമൂങ്ങ പെണ്ണിന് ആര് കൊടുക്കും എന്നായിരുന്നുമത്സരം . നമ്മുടെ ചിന്നൻ , അണ്ണാൻ ചിന്നന് അല്ലാതെ വേറെആർക്കും ആകാശത്തിന്റെ തൊട്ടു താഴെ നിന്ന ആ മാങ്കനിയെതൊടാൻ പോലും പറ്റിയില്ല !
ഈ വർഷത്തെ മത്സരം പ്രഖ്യാപിച്ചപ്പോൾ തന്നെ എല്ലാവരുംഒന്ന് പോലെ പറഞ്ഞു ” ഓ , ഇത്തവണ മുയലച്ചൻ തന്നെ നേടും”. ഓട്ടത്തിന്റെ കാര്യത്തിൽ അവന്റെ അഞ്ചയലത്തു ആരുംവരില്ല . അത് കാട്ടിലും നാട്ടിലും ഒക്കെ ഒരു പോലെഅറിയാവുന്ന കാര്യം , ആർക്കും ഒരു തർക്കവും കാണില്ല . പക്ഷെ വിജയിക്ക് കിട്ടാൻ പോകുന്ന സമ്മാനം കേട്ടപ്പോൾമുയലച്ചൻ ഞെട്ടി ! കാടിന്റെ പാട്ടുകാരി കുയിലമ്മയെസ്വന്തമായി കിട്ടുക ! ജീവിതം ഇനിയങ്ങോട്ട് സംഗീത മയമാവുക. ഓർത്തിട്ടു മുയലിനു കുളിർ കോരി ! പക്ഷെമുയലിനറിയാവുന്ന , മുയലിനു മാത്രം അറിയാവുന്ന ഒരുരഹസ്യം ഉണ്ട് ! അത് എന്താണെന്നല്ലേ ? നമ്മുടെ ആമയുടെമനസ്സിൽ വളരെ നാളുകളായി കുയിലമ്മ കേറി കൂടുകൂട്ടിയിരിക്കുകയാണ് . ആമയാകട്ടെ ഇതാരോടും പറയാതെ ,തന്റെ മാത്രമായുള്ള ഒരു സ്വകാര്യ ആത്‌മ പ്രണയമായിസൂക്ഷിച്ചിരിക്കുകയാണ് ! പ്രണയം ആത്‌മാവിൽ നിന്നുംസ്പുരിക്കുമ്പോൾ അത് പരസ്പരം അറിഞ്ഞു കൊണ്ടാകണംഎന്നില്ലലോ !
പക്ഷെ ഇന്ന് ആമയുടെ ജീവിതത്തിലെ ഈ ആഗ്രഹംസാധിച്ചുകൊടുക്കാൻ ഭൂമിയിൽ ഒരാളെ കൊണ്ടേ നടക്കൂ . അത്മുയലിനും അറിയാം . തന്റെ ആത്മ സുഹൃത്തിന് തന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഒരു നന്മ എന്നോസഹായം എന്നോ ഒക്കെ വിളിക്കാം. അവനെ അവൻ പോലുംഅറിയാതെ മുടിയിരിക്കുന്ന അപകര്ഷതയുടെ കറുത്ത മൂടിമാറ്റാൻ ഒരു അവസരം കിട്ടിയിരിക്കുകയാണ്
അങ്ങനെ മത്സര ദിവസം വന്നു . കുരങ്ങച്ചനാണ് റഫറി .നിയമങ്ങൾ എല്ലാം വിശദമായി പറഞ്ഞു . മുയലും ആമയുംസ്റ്റാർട്ടിങ് പോയിന്റ് ലെക് വിട്ടു . റഫറി കുരങ്ങച്ചനുംകുയിലമ്മയും മറ്റു വിശിഷ്ട അതിഥികളും കാണികളും എല്ലാംഫിനിഷിങ് പോയിന്റിലും നിന്നു . സ്റ്റാർട്ട് പറയുന്നത് തത്തമ്മആണ് . മുയൽ ആമയെ ആശ്ലേഷിച്ചു ചെവിയിൽ പറഞ്ഞു ” കൂട്ടുകാരാ , ഇന്ന് നിന്റെ ദിവസമാണ് , മനസ്സിൽ കുയിലമ്മയെമാത്രം വിചാരിച്ചു ഓടുക , തുടങ്ങിയാൽ പിന്നെ ഒന്നുംനോക്കരുത് . ഫിനിഷിങ് പോയിന്റിൽ നിന്നെയും കാത്തുവരണ മാല്യവുമായി നിൽക്കുന്ന കുയിലമ്മയെ മാത്രംവിചാരിച്ചു കൊണ്ട് ഓടൂ , നീ വിജയി ആവും എന്ന് ഞാൻനിനക്ക് ഉറപ്പു തരുന്നു . തുടക്കത്തിൽ ഞാൻ മുന്നോട്ടുകുതിക്കും പക്ഷെ ഫിനിഷിങ് പോയിന്റിൽ എത്തുമ്പോൾ നീമാത്രമേ കാണൂ . എന്നെ നോക്കരുത് ” ആമ ദയനീയമായിമുയലിനെ നോക്കി . അവനു വിശ്വസിക്കാൻ പറ്റിയില്ല .കുയിലമ്മ അവന്റെ സ്വപ്നമാണ് പക്ഷെ ആ സ്വപ്നംയാഥാർഥ്യത്തിൽ നിന്നും എത്ര ദൂരെ ആണെന്നും അവനറിയാം. എന്നാലും മുയലിന്റെ വാക്കുകൾ അവന്റെ സ്വപ്നങ്ങൾക്ക്ചിറക് മുളപ്പിക്കുന്നതായിരുന്നു ! ആമ തല ഉയർത്തി മുയലിനെനോക്കി , നിന്നെ എനിക്ക് വിശ്വസിക്കാമോ എന്നായിരുന്നോആ നോട്ടത്തിന്റെ പൊരുൾ ?
തത്തമ്മ രണ്ടു പേരെയും നോക്കി , റെഡിയല്ലെ ? ഗുഡ് ലക്ക്രണ്ടു പേർക്കും . ഓട്ടം തുടങ്ങി . കാട്ടു ചെമ്പകവും കുറ്റിമുല്ലയുംഎല്ലാം ഇരു വശങ്ങളിലുമായി പൂത്താലമേന്തിയ കന്യകമാരെപോലെ നിൽക്കുന്ന കാട്ടുവഴിയിലൂടെ അവർ ഓടി !
തത്തമ്മ വേഗം പറന്നു ഫിനിഷിങ് പോയിന്റിലേക്ക് പോയി .മുയൽ അവന്റെ സ്വത സിദ്ധമായ വേഗത്തിൽ ഓടാൻതുടങ്ങി .കുറെ മുന്നോട്ടു ചെന്നപ്പോൾ തിരിഞ്ഞു നോക്കി . പാവം ആമഅവന്റെ ഭാരമേറിയ ഭാണ്ഡവുമായി വലിഞ്ഞു വലിഞ്ഞുവരുന്നുണ്ട് . ആമക്കു കൊടുത്ത വാക്കു മുയൽ ഓർത്തു ! ഒരുമരത്തിന്റെ ചുവട്ടിലേക്ക് അവൻ നീങ്ങി . ആമക്കു കാണാൻപറ്റാത്ത വിധത്തിൽ അവൻ ഉള്ളിൽ നീറുന്ന നൊമ്പരവുമായിനിറയുന്ന കണ്ണുകൾ അടച്ചു നിന്നു . ആമ ഇഴഞ്ഞിഴഞ്ഞുഫിനിഷിങ് പോയിന്റിൽ എത്തി . ആരവം ഉയർന്നു ! കുയിലമ്മഅവളുടെ കയ്യിൽ ഉണ്ടായിരുന്ന പൂമാല ആമയുടെ കഴുൽ ചാർത്തി . വിജയിയെ അഭിനന്ക്കാനും പൂമാലകൾ കൊണ്ട്മൂടാനും കാണികൾ മത്സരിച്ചു . ആമ ഒരു ചലിക്കുന്ന “പൂമല ” യായി മാറി .
അങ്ങ് ദൂരെ മുയൽ അപ്പോഴും കണ്ണുകൾ തുറക്കാതെ ,ചാരിതാർഥ്യത്തിന്റെ, മധുരമുള്ള തെങ്കിലും നോവുള്ള ഏതോഒരു തരം വികാരം അവനെ പൊതിയുന്നതായി അവനുതോന്നി. കൂട്ടുകാരന്റെ വിജയ ലഹരിയുടെ ,
ആരവങ്ങളുടെ ഇടയിലൂടെ ആരോ പറയുന്നത് കേട്ടു ” നമ്മുടെമുയലച്ചൻ ഉറങ്ങി പോയി , അഹങ്കാരത്തിന് കിട്ടിയ പ്രതിഫലം “ആരൊക്കെയോ പരിഹാസത്തിന്റെ മുള്ളുള്ള വാക്കുകളുംശകാരങ്ങളും വാരി കോരി ചൊരിയുകയാണ് ! ഒരു ലോകചാമ്പ്യൻ ! അഹങ്കാരത്തിന്റെ തലക്കനം കാരണം ഉറങ്ങി പോയി! ആത്മ വിശ്വാസം അമിതമായാൽ ഇങ്ങനെയൊക്കെ വരും … പിന്നെയും ഏറെ ഏറെ വേദനിപ്പിക്കുന്ന അഭിപ്രായങ്ങൾഎല്ലാവരിൽ നിന്നും . മുയൽ ആമയെ ഒന്ന് നോക്കി അവൻആകെ മതി മറന്നു നിൽപ്പാണ് അരികിൽ കുയിലമ്മയും ഉണ്ട് . അവനെ നോക്കി ഒരു താങ്ക്സ് എങ്കിലും പറയും എന്നവൻകരുതി…..
ആമ ആരോടും ഒന്നും പറഞ്ഞില്ല , ആമ മുയലിനെ ഒന്ന്ഗൗനിച്ചു പോലുമില്ല ! വിജയം തന്റേതു മാത്രം ! കുയിലമ്മതന്റേതു മാത്രമായി ! മുയൽ ഉറങ്ങിയതല്ല , ചുമ്മാ ഒന്ന് കണ്ണ്അടച്ചതാണ് എന്ന് അവന് നന്നായി അറിയാമായിരുന്നിട്ടും !