ദേവാഭിമുഖമായ ആദ്ധ്യാത്മിക പ്രയാണം
തന്ത്രാഗമങ്ങളിൽ നിന്ന് പ്രകടരൂപത്തിൽ പ്രദക്ഷിണത്തെ കുറിച്ച് കിട്ടുന്ന കാര്യങ്ങളാണ് മുൻ ലേഖനത്തിൽ പറഞ്ഞിട്ടുള്ളത്. പ്രദക്ഷിണത്തിൻ്റെ തത്ത്വത്തെക്കുറിച്ച് അതിൻ്റെ നിഗൂഢതകളിൽ നിന്നും നാം മെനഞ്ഞെടുക്കേണ്ടിയിരിക്കുന്നു. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഒരു ഉദാഹരണം കൊണ്ട് ആ തത്ത്വം അല്പസ്വല്പമൊന്ന് ഇവിടെ വിശദീകരിക്കുവാൻ ശ്രമിക്കാം. സാധാരണ പൂജയിൽ അനുപേക്ഷണീയമായൊരു ഉപകരണമാണല്ലോ ശംഖ്. പൂജയിൽ ഉപയോഗിക്കുന്ന ശംഖ് ഇടം പരിയാണ്. അതായത് ആ ശംഖ് നമ്മുടെ മുൻവശത്തു പിടിച്ചാൽ നമ്മുടെ ഇടതുഭാഗത്തേക്കായിരിക്കും അതിൻ്റെ തുറന്നവായ് ഉണ്ടായിരിക്കുക. അത്തരം ശംഖിൻ്റെ പിരി പ്രദക്ഷിണമായിരിക്കും. അതായത് ക്ലോക്കിൻ്റെ സൂചി തിരിയുന്നതുപോലെ ( clockwise). നേരെമറിച്ച് വലംപിരിശംഖ് വളരെ അപൂർവ്വവും അതിനാൽ വളരെയധികം വിലപിടിച്ചതുമാണ്. ആ ശംഖുകൊണ്ട് പൂജിക്കുവാൻ പാടുള്ളതല്ല. പൂജയേൽക്കാനായി ദേവസ്ഥാനത്ത് നമുക്കഭിമുഖമായി മാത്രമേ വലംപിരിശംഖ് വയ്ക്കുകയുള്ളൂ. ഇടം പിരിശംഖിന് നേരെ വിപരീതമായി വലംപിരിശംഖിൻ്റെ പിരി അപ്രദക്ഷിണവും തന്മൂലം അതിൻ്റെ വായ വലതു ഭാഗത്തുമായിരിക്കും. അപ്പോൾ പൂജോപകരണത്തിൻ്റെ നിലവാരത്തിൽനിന്ന് ദേവത്വത്തെ പ്രാപിയ്ക്കുന്നതിൻ്റെ
മാർഗ്ഗം പ്രദക്ഷിണവും അതുപോലെ ദേവത്വത്തിൽ നിന്നിറങ്ങി സാധകന് അനുഗ്രഹവർഷം ചൊരിയേണ്ട മാർഗ്ഗം അപ്രദക്ഷിണവും ആയിത്തീരുന്നു. പ്രദക്ഷിണത്തിൻ്റെ ഓരോ ചുറ്റിലും കൂടി നാം ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ ദേവത്വത്തിലേയ്ക്ക് ഉയരുകയാണ് ആ മാർഗ്ഗത്തിൻ്റെ പ്രത്യേകത -ദേവചൈതന്യത്തെ നമ്മുടെ വലതുഭാഗത്താക്കിക്കൊണ്ടുള്ള വലംവെയ്ക്കൽ അഥവാ പ്രദക്ഷിണം. ക്ഷേത്രത്തിൽ പോയാൽ ദേവത്വത്തിലേയ്ക്ക് ഉയരുവാൻ സാധന ചെയ്യുകയാണല്ലോ വേണ്ടത്.അതിനാൽ നാം പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്.അപ്രദക്ഷിണമല്ല. സാവധാനത്തിലും പൂർണ്ണ ശ്രദ്ധയോടും മനസ്സിൻ്റെ പൂർണ്ണമായ ഏകാഗ്രതയോടും കൂടി ചെയ്യുന്ന സാധനാമാർഗ്ഗമാണ് പ്രദക്ഷണം ചെയ്യൽ എന്ന് വ്യക്തമാക്കുന്നു.
പ്രദക്ഷിണം യോഗശാസ്ത്ര ദൃഷ്ടിയിൽ
ഈ കാര്യത്തിൽ ശാസ്ത്രീയമായ മറ്റൊരു ദൃഷ്ടികൂടിയുണ്ട്. മന്ത്രതന്ത്രശാസ്ത്രങ്ങളും അവയിൽ നിന്ന് ഉദ്ഭൂതമാകുന്ന ശാസ്ത്രീയമായ എല്ലാ ആരാധനാസമ്പ്രദായങ്ങളും വാസ്തവത്തിൽ യോഗശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ ഭാരതത്തിൽ വളർന്ന് ഒരു കാലത്ത് ലോകമെങ്ങും പടർന്നുപിടിച്ച് അദ്ധ്യാത്മികശാസ്ത്രത്തിൻ്റെ മൗലികതത്ത്വം മനുഷ്യനിൽ സുഷുപ്തിയാലാണ്ടുകിടക്കുന്ന ഈശ്വരീയശക്തിയുടെ പ്രബോധനമത്രേ. ഈ ശക്തിയാണ് നമ്മുടെ പൗരാണിക ഋഷിമാർ നിർമ്മിച്ച നിഗൂഢശാസ്ത്രങ്ങളിൽ “കുണ്ഡലിനീ” എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ആ ശക്തി മൂന്നര ച്ചുററായി നമ്മുടെ സ്ഥൂലശരീരത്തിലെ ഗുദലിംഗമദ്ധ്യപ്രദേശത്തിന് സാമ്യം വഹിക്കുന്ന സൂക്ഷ്മ ശരീരഭാഗത്ത് വിരാജിക്കുന്ന മൂലധാരചക്രത്തിലുള്ള സ്വയംഭൂലിംഗത്തെ വേഷ്ടനം ചെയ്തിരിക്കുകയാണത്രെ. മൂലാധാരമാണ് സാധകൻ്റെ അദ്ധ്യാത്മിക പ്രയാണത്തിൻ്റെ ആരംഭസ്ഥാനം. കുണ്ഡലിനീ പ്രബോധനം ഉണ്ടായിക്കഴിഞ്ഞ സാധകൻ്റെ ശക്തി സാധാരണക്കാരിൽ അടഞ്ഞുകിടക്കുന്ന മദ്ധ്യമാർഗ്ഗമായ സുഷുമ്നാ നാഡിയെത്തുടർന്ന് നേർത്തായ ആ മാർഗ്ഗത്തിലൂടെ ഉപര്യുപരി വിരാജമാനങ്ങളായ ആധാരചക്രങ്ങളേയും ഭേദിച്ച് ദിവ്യമായ ആത്മീയാനുഭൂതികളും തജ്ജന്യമായ സിദ്ധികളും നേടി ഒടുവിൽ ശിരസ്സിൽ സഹസ്രാരപത്മത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മചൈതന്യത്തിൽ വിലയം പ്രാപിക്കുന്നു. യോഗികളുടെ ആദ്ധ്യാത്മശാസ്ത്രത്തിൻ്റെ മുക്തിയുടെ സ്വരൂപമാണിത്.ഈ പരമ സ്ഥാനത്തെയാണ് പരമശിവൻ എന്ന് വ്യവഹരിക്കുന്നത്. ശിവശക്തികളുടെ നിഗൂഢമായ സംയോജനമാണിവിടെ സൂചിപ്പിക്കുന്നത്.
പക്ഷെ സാധാരണക്കാരനായ സാധകൻ ഇങ്ങനെ കുണ്ഡലിനീ പ്രബോധനം വന്ന യോഗീശ്വരനല്ലല്ലോ. അങ്ങനെയുള്ള ഏതൊരുത്തനിലും ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയുടെ ലേശാംശം ശ്വാസോച്ഛാസരൂപേണ പ്രവർത്തിക്കുന്നുണ്ട്. സ്ഥൂലസൂക്ഷ്മ ശരീരങ്ങളിലെ പ്രാണശക്തി ഇതുതന്നെയാണ്. ഇതുതന്നെയാണ് ശരീരത്തിന് ജീവനുണ്ടെന്ന് പറയുന്നത്. സാധാരക്കാരിൽ അടഞ്ഞുകിടക്കുന്ന സുഷുമ്നാനാഡിയുടെ വലതു ഭാഗത്തുള്ള പിംഗളാനാഡിയിലൂടെയും ഇടതുഭാഗത്തുള്ള ഇഡാനാഡിയി ലൂടേയും ആണ് മൗലീകമായ പ്രണശക്തി മുകളിലേയ്ക്കും താഴേയ്ക്കുമായി ചലിച്ചുകൊണ്ടിരിക്കുന്നത്. ഈ മഹത്തായ പ്രവാഹത്തിൽനിന്ന് വഴിത്തിരിഞ്ഞ് മറ്റെല്ലാ അവയവങ്ങളിലേയ്ക്കും സചേതനായ ഒരു ജീവിയുടെ പ്രാണൻ ദ്ദേഹവ്യാപകമായി ചരിയ്ക്കുന്നു. അതിനാൽ പിംഗളനാഡിയായ സൂര്യമാർഗ്ഗത്തിലൂടെയും ഇഡാനാഡിയായ ചന്ദ്രമാർഗ്ഗത്തിലൂടെയും സാധാരണക്കാരിൽ പ്രാണസഞ്ചാരത്തിൻ്റെ മൗലിക ഗതിവിഗതികൾ ഉണ്ടെന്ന് പറയണം. ആദ്യത്തേത് ഏറ്റവും മുകളിൽ വിരാജിക്കുന്ന പരമാത്മചൈതന്യത്തിലേയ്ക്കും രണ്ടാമത്തേത് ആ ചൈതന്യത്തിൽനിന്ന് ഏറ്റവും താഴെകിടക്കുന്ന സാധാരണ സാധകൻ്റെ ജീവനിലേയ്ക്കും പ്രവഹിക്കുന്നു. മുകളിലേയ്ക്ക് പോകുന്ന പ്രക്രിയ സംഹാരവും സൂര്യസംബന്ധിയും ശിവാത്മകവുമാണെങ്കിൽ താഴെയ്ക്കുവരുന്ന ശക്തിപ്രവാഹം സൃഷ്ടിയും ചന്ദ്ര സംബന്ധിയും ശക്ത്യാത്മകവുമാണ്. ഈ ഇഡാ പിംഗളനാഡികൾ മൂലാധാരത്തിൽനിന്നും സുഷുമ്നയോടൊപ്പം പുറപ്പെട്ട് സുഷുമ്നയുടെ ചുറ്റുമായി കെട്ടിപ്പിണഞ്ഞാണ് കിടക്കുന്നത്. അപ്പോൾ വാസ്തവത്തിൽ ഇഡാമാർഗ്ഗവും പിംഗള മാർഗ്ഗവും ഒരു സ്ക്രൂവിൻ്റെ പിരിപോലെയാണ് അനുഭവപ്പെടുക. ഇതുതന്നെയാണല്ലോ ശംഖിൻ്റെ ഉദാഹരണത്തിലൂടെ വിവരിച്ചതും. ഇതിൽ ഊർദ്ധ്വഗാമിയായ പിംഗളയിലൂടെയുള്ള സൂര്യപ്രവാഹത്തെ പ്രദക്ഷിണമായും അധോഗാമിയായ ഈഡാനാഡിയിലൂടെയുള്ള ചന്ദ്രപ്രവാഹത്തെ അപ്രദക്ഷിണമായും കരുതാം. ക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണവും അപ്രദക്ഷിണവും അങ്ങനെ സാധക ശക്തിയുടെ ഈ യോഗമാർഗ്ഗാനുസാരിയായ ഊർദ്ധ്വാധോഗമനങ്ങളാണ്. ഈശ്വരത്വത്തിലേയ്ക്കുയരുവാൻ സാധകൻ അവലംബിക്കേണ്ടതായ മാർഗ്ഗം ഊർദ്ധ്വഗമനം തന്നെയാണെന്ന് സംശയലേശം കൂടാതെ പറയാമെങ്കിൽ ക്ഷേത്രത്തിൽ പ്രതീകാത്മകമായി അതു ചെയ്യേണ്ടത് പ്രദക്ഷിണത്തിൽ കൂടിയാണ് എന്നതും വ്യക്തമാണ്.
(തുടരും)
നല്ല അറിവ്
അഭിപ്രായം പറഞ്ഞ സജിക്കും സിതാരക്കും ഷീഫക്കും അരവിന്ദനും സന്തോഷവും നന്ദിയും അറിയിക്കുന്നു
നല്ല അറിവ് ഗുരുജി . ഈശ്വരത്യത്തിലേക്ക് ഉയരുവാൻ സാധകൻ സാധിക്കേണ്ടത് ഊർദ്ധ്വഗമനം തന്നെ ഇത് പ്രദക്ഷിണ രൂപത്തിൽ ക്ഷേത്രങ്ങളിൽ ചെയ്യുന്നു നന്ദി ഗുരുജി നമസ്ക്കാരം ‘
സരോജിനി സന്തോഷം